സൗത്ത് ഓസ്ട്രേലിയയിൽ ഇന്ത്യക്കാരിയെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് പൊതുജനങ്ങളുടെ സഹായം പൊലീസ് അഭ്യർത്ഥിച്ചത്.

സൗത്ത് ഓസ്ട്രേലിയയിലെ ഫ്‌ളിൻഡേഴ്സ് റേഞ്ചസിൽ ഇന്ത്യക്കാരിയായ ജസ്മീൻ കൗറിനെ മാർച്ച് എട്ടാം തീയതിയാണ് കുഴിച്ചുമൂടിയ നിലയിൽ പൊലീസ് കണ്ടെത്തിയത്.സംഭവത്തിൽ അറസ്റ്റിലായ സുഹൃത്ത് കൂടിയായ ഇന്ത്യൻ വംശജൻ റിമാന്റിലാണ്. യുവതിക്ക് പരിചിതനായ 20 കാരനായ യുവാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ 21കാരിയായ ജസ്മീന്റെ മരണത്തിലുള്ള പങ്ക് ഇയാൾ നിഷേധിച്ചിരിക്കുകയാണ്.

ജസ്മീന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സ
സംഭവവുമായി ബന്ധപെട്ട് ഡാഷ്‌ക്യാം ദൃശ്യങ്ങളോ മറ്റു വിവരങ്ങളോ ലഭിച്ചിട്ടുള്ളവർ മുൻപോട്ടുവരണമെന്ന് സൗത്ത് ഓസ്‌ട്രേലിയ പൊലീസ് അറിയിച്ചു.

പ്ലിംപ്റ്റൻ നോർത്തിലുള്ള സതേൺ ക്രോസ്സ് ഹോംസ് ഏജ്ഡ് കെയറിൽ ജീവനക്കാരിയായിരുന്ന ജസ്മീൻ ജോലിക്ക് ശേഷം മാർച്ച് ആറാം തീയതി മടങ്ങിയെത്താത്തതിനെത്തുടർന്ന് മാർച്ച് എട്ടാം തീയതിയാണ് ജസ്മീനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.
ജസ്മീന്റെ ടൊയോട്ട കാമ്രി കാർ ജോലിസ്ഥലത്തെ കാർ പാർക്കിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. മാർച്ച് അഞ്ചാം തീയതി രാത്രി ജോലിസ്ഥലത്തും നിന്ന് പ്രതിയായ യുവാവ് ജസ്മീനെ ഇയാളുടെ കാറിൽ കൂട്ടിക്കൊണ്ട് പോകുകയായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

ജസ്മീൻ സഞ്ചരിച്ചതെന്ന് കരുതുന്ന നീല നിറത്തിലുള്ള ഹോൾഡൻ കൊമഡോർ പതിനൊന്ന് മണിക്കൂറിലേറെ യാത്ര ചെയ്ത് ഹോക്കറിലേക്ക് തിരിയുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.പിന്നീട് അന്നേ ദിവസം വൈകിട്ട് 2.27നും 5.09 നുമിടയിൽ ഈ പ്രിൻസസ് ഹൈവെയിലൂടെ അഡ്ലൈഡിലേക്ക് തിരികെ പൊകുന്നതിന്റെയും ദൃശ്യം പൊലീസിന്റെ കൈവശം ഉണ്ട്. ഇതേത്തുടർന്നുള്ള ദൃശ്യങ്ങൾ അന്വേഷണത്തിൽ സഹായകമാകുന്നതാണെന്ന് പൊലീസ് പറഞ്ഞു.

അതിനാൽ ഈ പ്രദേശത്തുള്ളവരുടെ ഡാഷ്‌ക്യാമിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ എത്രയും വേഗം മുൻപോട്ടു വരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. മാത്രമല്ല, സതേൺ ക്രോസ്സ് ഹോംസിന്റെ കാർ പാർക്കിൽ ഈ ഇന്ത്യൻ വംശജനെ കണ്ടിട്ടുള്ളവർ പൊലീസിനെ അറിയിക്കണമെന്നും സൗത്ത് ഓസ്‌ട്രേലിയ പൊലീസ് അറിയിച്ചു. 2018ൽ പഞ്ചാബിൽ നിന്ന് വിദ്യാർത്ഥി വിസയിൽ ഓസ്ട്രേലിയയിൽ എത്തിയതാണ് ജസ്മീൻ.