സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങിയെങ്കിലും നഴ്‌സിങ് സമൂഹം ജാഗരൂകരായിരിക്കണമെന്ന് യുണൈറ്റഡ് നഴ്സിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജാസ്മിൻഷാ. പ്രാഥമിക വിജ്ഞാപനമാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത് ഇതി്ൽ ആശുപത്രി ഉടമകൾ ഇടപെട്ട് അന്തിമ വിജ്ഞാപനം വൈകിപ്പിച്ചേക്കാമെന്നും ജാസ്മിൻ ഷാ മുന്നറിയിപ്പു നല്കി. 

ഫേസ് ബുക്ക് ലൈവിൽ ഷാ അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടിയും നല്കി

മുഴുവൻ ആശുപത്രി ജീവനക്കാർക്കും പ്രയോജനം കിട്ടുന്ന രീതിയിൽ കുറഞ്ഞ വേതന വിജ്ഞാപനം ഇറക്കിയതിനെ സംഘടന സ്വാഗതം ചെയ്തു. ആറു വർഷം മുമ്പ് രൂപീകരിച്ച സംഘടനയ്ക്കു ലഭിച്ച അംഗീകാരമാണിത്. സംഘടന രൂപീകരിച്ച ദിനമായ നവംബർ 16ന് തന്നെ ഉത്തരവിറങ്ങിയത് കേവലം ആകസ്മികമല്ല, പോരാട്ടങ്ങളുടെ സ്വാഭാവിക നീതിയാണ് ലഭിച്ചതെന്നും പ്രസിഡന്റു പറഞ്ഞു.

ഇപ്പോൾ ഇറക്കിയ പ്രാഥമിക വിജ്ഞാപനത്തിൽ പരാതി സമർപ്പിക്കാൻ രണ്ടു മാസം സമയം നല്കിയിട്ടുണ്ട്. ആർക്കു വേണമെങ്കിലും പരാതിയോ നിർദ്ദേങ്ങളോ പരിഷ്‌ക്കാരങ്ങളോ ഈ സമയത്തു നല്കാം. ആശുപത്രി മാനേജമെന്റുകൾ ഇതു പ്രയോജനപ്പെടുത്തി കൂടുതൽ പരാതികൾ നല്കിയേക്കാം. അങ്ങിനെ അന്തിമ വിജ്ഞാപനം വൈകിപ്പിക്കാനാവും . ഇതിൽ നഴ്‌സിങ് സമൂഹം ജാഗരൂകരാവണമെന്നും ജാസ്മിൻ ഷാ പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ആശുപത്രികൾ, ഡിസ്പെൻസറികൾ, ഫാർമസികൾ, സ്‌കാനിങ് സെന്ററുകൾ, എക്സ്റേ യൂണിറ്റുകൾ, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ചാണ് കഴിഞ്ഞ ദിവസം സർക്കാരിന്റെ പ്രാഥമിക വിജ്ഞാപനമിറങ്ങിയത്.

ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്. നഴ്സസ് മാനേജർമാർക്ക് 22650, നഴ്സിങ് സൂപ്രണ്ട് 22090, അസി. നഴ്സിങ് സൂപ്രണ്ട് 21550, ഹെഡ് നഴ്സ് 21020, ട്യൂട്ടർ നഴ്സ് / ക്ലിനിക്കൽ ഇൻസ്ട്രക്ടർ 20550, സ്റ്റാഫ് നഴ്സ് 20000, എ.എൻ.എം. ഗ്രേഡ് 1 18570, എ.എൻ.എം. ഗ്രേഡ് -2 17680 എന്നിങ്ങനെയാണ് നഴ്സിങ് വിഭാഗത്തിന്റെ അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ച നവംബർ 16 മുതൽ രണ്ട് മാസം തികയുന്ന തീയതിക്കോ അതിനുശേഷമോ നിർദ്ദേശങ്ങൾ പരിഗണനയ്ക്കെടുക്കും. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും നിർദ്ദേശങ്ങളും സർക്കാർ പരിഗണിക്കും. ഇവ അഡീഷണൽ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലാണ് നല്‌കേണ്ടത്