ഹരിപ്പാട്: എല്ലാം നോക്കി നടത്തിയിരുന്ന ഭർത്താവും മരിച്ച് ലക്ഷങ്ങളുടെ കടബാധ്യതയും മുന്നിൽ വന്നപ്പോഴാണ് ജാസ്മിൻ എന്ന ഈ വീട്ടമ്മ യഥാർത്ഥത്തിൽ ജീവിതം എന്താണെന്ന് അറിയുന്നത്. അത്രയം കാലം ഭർത്താവിന്റെ തണലിൽ കഴിഞ്ഞിരുന്ന ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ വീട്ടമ്മയ്ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു ഭർത്താവിന്റെ മരണം ഒപ്പം ലക്ഷങ്ങളുടെ കടബാധ്യതയും.

പെട്ടെന്ന് ഒരു ദിവസം ജീവിതത്തിലെ എല്ലാ നല്ലതും വിധി തട്ടിയെടുത്തു. എന്നിട്ടും സ്വന്തം നിശ്ചയ ദാർഡ്യം കൊണ്ട് എല്ലാം തിരിച്ചു പിടിച്ച ഹരിപ്പാട് 'നിഷാര'യിൽ ജാസ്മിൻ എന്ന ഈ വീട്ടമ്മയുടെ കഥ ആർക്കും പ്രചോദനമാകുന്നതാണ്. പതിനെട്ട് വർഷം മുമ്പ് ചികിത്സ കിട്ടാതെയാണ് ഇവരുടെ ഭർത്താവ് ലിയാഖത്ത് മരിക്കുന്നത്. അപ്പോഴെ ജാസ്മിൻ മനസ്സിൽ കുറിച്ചു തന്റെ അഞ്ചു മക്കളിൽ ഒരാളെ എങ്കിലും പഠിപ്പിച്ചു ഡോക്ടർ ആക്കണം.

എന്നാൽ ഭർത്താവിന്റെ മരണത്തിന് പിന്നാലെ ജാസ്മിനെ തേടി എത്തിയത് ലക്ഷങ്ങളുടെ കടബാധ്യതയും ജപ്തി നോട്ടീസമായിരുന്നു. ഭർത്താവ് ലിയാഖത്തിന് ഹൃദ്രോഗമായിരുന്നു. നെഞ്ചുവേദനയുണ്ടായപ്പോൾത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദ്രോഗവിദഗ്ധനില്ലാത്തതിനാൽ ചികിത്സ കിട്ടാൻ വൈകിയതിനെ തുടർന്നാണ് മരിച്ചത്. ലക്ഷങ്ങളുടെ കടം ബാക്കിവച്ചായിരുന്നു ലിയാഖത്ത് മരിച്ചത്.

ഐസ് ഫാക്ടറിക്കായി വായ്പയെടുത്ത 12 ലക്ഷം രൂപ 15 ലക്ഷം രൂപയുടെ ബാധ്യതയായി നിൽക്കുമ്പോഴായിരുന്നു ഭർത്താവിന്റെ മരണം. വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിഞ്ഞു. അത്രയും നാൾ ജീവിതത്തിൽ ലഭിച്ചിരുന്ന സുഖ സൗകര്യങ്ങൾ എല്ലാം തന്നെ പൊടുന്നനെ ഇല്ലാതായി. കോൺവെന്റ് സ്‌കൂളുകളിൽ നിന്ന് പഠിച്ചിരുന്ന പെൺമക്കൾ ഫീസ് അടക്കാനില്ലാത്തതിനാൽ സ്‌കൂളുകളിൽ നിന്നും പുറത്താക്കപ്പെട്ടു. അതിനും താഴെയുള്ള രണ്ട് കുഞ്ഞുങ്ങൾ തീരെ പൊടികൾ. ജീവിതത്തിൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.

എന്നിട്ടും ജീവിതത്തിലെ കഷ്ടപ്പാടുകൾക്ക് ഒടുവിൽ ജാസ്മിന് വിധി കരുതിവെച്ചിരുന്നത് മറ്റൊന്നായിരുന്നു. ഒരു വീട്ടിൽ അഞ്ച് ഡോക്ടർ എന്ന സത്യം. ജാസ്മിന്റെ നാലാമത്തെ മകൻ സുൽഫിക്കറും ഈ വർഷം എം.ബി.ബി. എസിന് ചേർന്നതോടെ അഞ്ച് ഡോക്ടർമാരുടെ അമ്മയാകാനുള്ള ഭാഗ്യം ജാസ്മിന് ലഭിച്ചത്.

ജാസ്മിന്റെയും ലിയാഖത്തിന്റെയും മൂത്തമകൾ മൂത്തമകൾ സിയാന ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവ് മരിക്കുന്നത്. രണ്ടാമത്തെ മകൾ ജസ്ന രണ്ടിലും. അതിന് താഴെയുള്ളവൾ ഷെസ്ന ഒന്നിലും. ഇളയ ആൺമക്കൾക്ക് രണ്ടും ഒന്നും വയസ്സ്. സ്വന്തമായി ജോലിയോ വരുമാനമോ ഒന്നും ജാസ്മിന് ഇല്ലായിരുന്നു.

ഭർത്താവ് മരിച്ചപ്പോൾ മിച്ചമുണ്ടായിരുന്ന വീടിനുമേൽ ജപ്തി നോട്ടീസ് പതിഞ്ഞു. പെൺമക്കളെ പണം അടയ്ക്കാനില്ലാത്തതിനാൽ കോൺവെന്റ് സ്‌കൂളിൽ നിന്നും പുറത്താക്കി. സിയാനയെ പ്ലസ്വണ്ണിന് ഹരിപ്പാട് ഗവ. ബോയ്സ് സ്‌കൂളിൽ ചേർത്തു. മറ്റ് വഴികളൊന്നും മുന്നിലില്ലാതായപ്പോൾ നാലുമക്കളെയും തൃശ്ശൂർ പെരുമ്പിലാവിലെ അനാഥാലയത്തിലാക്കി. അവിടെ നിന്നും അവർ പഠിച്ചു.

ആഹാരത്തിന് വേണ്ടി ആർക്കു മുന്നിലും കൈനീട്ടിയിട്ടില്ലെങ്കിലും ജാസ്മിൻ മക്കളുടെ പഠനത്തിനായി പലർക്ക് മുന്നിലും കൈനീട്ടി. ചിലർ മടക്കി അയച്ചപ്പോൾ പലരും മനസ്സറിഞ്ഞ് സഹായിച്ചു. പണവും ആഭരണവും കടംതന്ന് സഹായിച്ചവരുണ്ട്. ഇപ്പോഴും സഹായിക്കുന്നു.

2002-ലെ സംസ്ഥാന മെഡിക്കൽ പ്രവേശനപരീക്ഷയിൽ 161-ാം റാങ്കോടെ സിയാന കോട്ടയം മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. ഫീസും പുസ്തകവും എല്ലാം പലവഴികളിൽനിന്ന് സഹായമായി കിട്ടി. അനസ്‌തേഷ്യയിൽ പി.ജി. കഴിഞ്ഞ സിയാന ചെന്നൈ അപ്പോളോ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ മെഡിസിനിൽ ഡി.എം. ചെയ്യുകയാണ് ഇപ്പോൾ.

രണ്ടാമത്തെ മകൾ ജസ്ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. നാലാംവർഷം. മൂന്നാമത്തെ മകൾ ഷെസ്ന ഡൽഹി ധ്യാൻപുർ മെഡിക്കൽ കോളേജിൽ ബി.ഡി.എസ്. കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു. മകൻ സുൽഫിക്കർ കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. ഒന്നാംവർഷം. ഏറ്റവും ഇളയ ആൾ അക്‌ബർ അലി. മംഗലാപുരം ശ്രീനിവാസ മെഡിക്കൽ കോളേജിൽ ബി.ഡി.എസ്. രണ്ടാംവർഷം. പ്ലസ്വണിന് പഠിക്കുമ്പോൾ ഉണ്ടായ ഒരപകടമാണ് സുൽഫിക്കറിനെ പിന്നിലാക്കിയത്.

പഴയ വായ്പയും പലിശയും പെൺകുട്ടികളുടെ വിദ്യാഭ്യാസവായ്പയും മറ്റ് കടങ്ങളുമെല്ലാം ചേർക്കുമ്പോൾ മുക്കാൽ കോടി വരും. ഇളയ ആൺകുട്ടികൾക്ക് വിദ്യാഭ്യാസവായ്പ കിട്ടിയിട്ടില്ല. വീട് ജപ്തിയായതിനാൽ വായ്പ നൽകാൻ ബാങ്കുകൾക്ക് മടിയാണെന്നും അവർ പറയുന്നു.