പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തിൽ പൊലീസിന് മുമ്പിൽ ഇനിയും തുമ്പുകളൊന്നു കിട്ടിയില്ല. ബംഗളൂരുവിൽ ജസ്നയെയും പുരുഷ സുഹൃത്തിനെയും കണ്ടുവെന്ന കിംവദന്തിയെ തുടർന്ന് അവിടെ എത്തിയ അന്വേഷണ സംഘത്തിന് മടിവാള ആശ്വാസഭവനിൽ നിന്ന് ഒരു തെളിവും ലഭിച്ചില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. തൃശൂരിലേക്ക് പോയ രണ്ടാമത്തെ സംഘം അവിടെ നിന്ന് യുവാക്കളാരും നാടുവിട്ടു പോയിട്ടില്ല എന്ന് മനസിലാക്കി മൈസൂരിലേക്ക് പോയി. ബംഗളൂരുവിൽ നിന്ന് ജസ്നയും സുഹൃത്തും മൈസൂരിലേക്ക് പോയെന്ന സൂചനയെ തുടർന്നാണിത്.

വടശേരിക്കര സിഐയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി എട്ടുമണിയോടെ പുറപ്പെട്ട ഒന്നാമത്തെ അന്വേഷണ സംഘം ഇന്ന് ഉച്ചയോടെയാണ് മടിവാളയിലെ ആശ്വാസ ഭവനിൽ എത്തിയത്. ശനിയാഴ്ച രാവിലെ ഒരു ബൈക്കിലാണ് ജസ്നയും ആൺ സുഹൃത്തും ഇവിടെ വന്നതെന്ന് അന്തേവാസിയായ പുരോഹിതൻ നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് അറിയിച്ചത്. പൈക സ്വദേശിയാണ് പുരോഹിതൻ. ഇദ്ദേഹം പുഞ്ചവയലിലുള്ള ജസ്നയുടെ ബന്ധുവിനെ വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇയാളാണ് പത്തനംതിട്ട ഡിവൈഎസ്‌പി റഫീക്കിനോട് കാര്യങ്ങൾ അറിയിച്ചു കൊടുത്തത്.

തുടർന്നാണ് പ്രത്യേകസംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഒരാഴ്ച മുമ്പു മുതലുള്ള ക്യാമറ ദൃശ്യങ്ങൾ സംഘം അരിച്ചു പരിശോധിച്ചിട്ടും അന്തേവാസി പറയുന്ന തരത്തിലുള്ള യുവാവിനെയും യുവതിയെയും കാണാൻ കഴിഞ്ഞിട്ടില്ല. പ്രധാനമായും പ്രവേശന കവാടത്തിലുള്ള ക്യാമറകളാണ് നോക്കിയത്. ശനിയാഴ്ച ആശ്വാസഭവൻ അധികൃതർ പറയുന്ന സമയത്തൊന്നും ആരും ബൈക്കിൽ അവിടെ എത്തിയിട്ടില്ല. പിന്നെ ജസ്നയുടെ പേരും വിലാസവും ആര് കൊടുത്തുവെന്നതും അവർ പറഞ്ഞ കഥകൾക്ക് പിന്നാൽ ആരെന്നതും ദുരൂഹമായി തുടരുന്നു. 85 വയസുള്ള പാതിരിയാണ് ഈ കഥ പറഞ്ഞിട്ടുള്ളത്.

അദ്ദേഹം സങ്കൽപ്പിച്ച് ഉണ്ടാക്കിയ കഥയാണോ എന്നും സംശയം ഉണ്ട്. ഇനി ജസ്നയ്ക്ക് ഒപ്പമുള്ള യുവാവ് ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞ നിംഹാൻസ് ആശുപത്രിയിലെ ക്യാമറ ദൃശ്യങ്ങളാണ് പരിശോധിക്കാനുള്ളത്. നിംഹാൻസ് ആശുപത്രിയിൽ ആക്സിഡന്റ് കെയർ വിഭാഗമില്ല. അവിടെ ഇവർ ചികിൽസയിൽ കഴിഞ്ഞുവെന്ന് അവർ തന്നെ പറഞ്ഞുവെന്നാണ് ആശ്വാസ ഭവൻ അധികൃതർ പറയുന്നത്. ആശുപത്രിയുടെ പേര് മാറിപ്പോയതാണോ, മാറ്റിപ്പറഞ്ഞതാണോ എന്നും സംശയിക്കുന്നുണ്ട്.

എന്തായാലും ഇവിടുത്തെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും മലയാളി നഴ്സുമാരുടെ മൊഴി എടുക്കുകയും ചെയ്യും. അതേ സമയം അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമായും ഇതിനെ പൊലീസ് കാണുന്നുണ്ട്. അടുത്ത ദിവസങ്ങളിലായി ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കുമെന്ന സൂചനയും പൊലീസ് നൽകുന്നു.

തൃശൂർ സ്വദേശിയായ, സമ്പന്നനായ ഒരു യുവാവിനൊപ്പമാണ് ജെസ്ന എത്തിയതെന്ന വിധത്തിലായിരുന്നു പുറത്തുവന്ന വാർത്തകൾ. യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടർന്നാണ് ഇരുവരും ആശ്വാസ് ഭവനിൽ എത്തുന്ന സാഹചര്യം ഉണ്ടായത്. മാർച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തിയെന്ന് ആണ് ആശ്വാസ ഭവനിൽ എത്തിയെന്നായിരുന്നു നിഗമനം. തൃശൂർ സ്വദേശിയായ സമ്പന്ന കുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിവാഹത്തിന് രണ്ടുവീട്ടുകാരും സമ്മതിച്ചില്ലെങ്കിലോ എന്ന ആശങ്കയാലാണ് ഇരുവരും ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക്. പുതിയ ബൈക്കും ബാങ്കിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും സഹിതമായിരുന്നു യാത്രയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ജെസ്‌നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്നാണ് പതിനഞ്ചംഗ സംഘത്തെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നിയോഗിച്ചത്. ഇതോടെ അന്വേഷണം ഊർജിതമായി. തൃശൂരിലെ യുവാവിനൊപ്പമാണ് യുവതി പോയതെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന തൃശൂരിലു ബംഗളൂരുവിലുമായി രണ്ട് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്ന. കാണാതായ സംഭവത്തിൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിൽ ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏൽപിച്ചതും.