- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും; കലാശപോരാട്ടം 18ന്; ഇംഗ്ലണ്ട് പര്യടനത്തിൽ ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമായി ഇന്ത്യൻ ടീം ബുധനാഴ്ച ലണ്ടനിലേക്ക് യാത്ര തിരിക്കും. മുംബൈയിൽ ക്വാറന്റീനിൽ കഴിയുന്ന ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലെത്തിയ ശേഷവും ക്വാറന്റീനിൽ കഴിയണം.
ഇതിനുശേഷമാകും 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുക. ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പ് ഫൈനലിലും ഇംഗ്ലണ്ട് പര്യടനത്തിലും ഇന്ത്യയുടെ തുരുപ്പ് ചീട്ടാകുക ജസ്പ്രീത് ബുമ്രയെന്നാണ് ആരാധകർ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ പേസാക്രമണത്തെ നയിക്കുന്നതിനൊപ്പം ഒരു അപൂർവ റെക്കോർഡ് സ്വന്തമാക്കാൻ കൂടി മൂന്ന് മാസം നീളുന്ന ഇംഗ്ലണ്ട് പര്യടനത്തിനിടെ ബുമ്രക്ക് അവസരമുണ്ട്.
ടെസ്റ്റിൽ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന നേട്ടം കൈവരിക്കാൻ ബുമ്രക്ക് ഇനി വേണ്ടത് 17 വിക്കറ്റുകളാണ്. ഇതുവരെ 19 ടെസ്റ്റുകളിൽ നിന്ന് 83 വിക്കറ്റാണ് ബുമ്ര സ്വന്തമാക്കിയത്. 25 ടെസ്റ്റുകളിൽ നിന്ന് 100 വിക്കറ്റ് നേടിയിട്ടുള്ള ബൗളിങ് ഇതിഹാസം കപിൽ ദേവിന്റെ പേരിലാണ് നിലവിലെ ഇന്ത്യൻ റെക്കോർഡ്. ഇംഗ്ലണ്ടിൽ കളിക്കുന്ന ആറ് ടെസ്റ്റുകളിൽ നിന്ന് ബുമ്ര ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സമീപകാലത്ത് വിദേശ പിച്ചുകളിൽ ഏറ്റവും കൂടുതൽ തിളങ്ങുന്ന പേസ് ബൗളിങ് നിരയാണ് ഇന്ത്യയുടേത്. ഇന്ത്യൻ പേസാക്രമണത്തിന്റെ കുന്തമുനയാകട്ടെ ജസ്പ്രീത് ബുമ്ര എന്ന 27കാരനും. കരിയറിന്റെ തുടക്കകാലത്ത് ടി20 ബൗളറായി പരിഗണിച്ചിരുന്ന ബുമ്ര 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാണ് ടെസ്റ്റിൽ അരങ്ങേറിയത്. അതിനുശേഷം ബുമ്രയും ഷമിയും ഇഷാന്തും ഉമേഷും അടങ്ങുന്ന ഇന്ത്യൻ പേസ് നിര ഏത് എതിരാളിയുടെയും നെഞ്ചിടിപ്പുകൂട്ടുന്നതായി മാറുകയും ചെയ്തു.
28 ടെസ്റ്റിൽ 100 വിക്കറ്റിലെത്തിയ ഇർഫാൻ പത്താനും 29 ടെസ്റ്റിൽ 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയുമാണ് നിലവിൽ കപിലിന് പിന്നിൽ രണ്ടും മൂന്നൂം സ്ഥാനങ്ങളിൽ.
സ്പോർട്സ് ഡെസ്ക്