- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതി, മതം, മനുഷ്യൻ
മതേതരകേരളത്തിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരിലൊരാളായും പൗരസമൂഹകൂട്ടായ്മകളുടെ സചേതനമായ സമരജിഹ്വകളിലൊന്നായും സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന നട്ടെല്ലുവളയാത്ത വ്യക്തിത്വമായും മലയാളിയുടെ സമീപകാല ചരിത്രത്തെയും ജീവിതത്തെയും ധീരമായഭിസംബോധന ചെയ്യുന്ന ചുരുക്കം ചില ജൈവബുദ്ധിജീവികളിലൊരാളാണ് എം.എൻ. കാരശ്ശേര
മതേതരകേരളത്തിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരിലൊരാളായും പൗരസമൂഹകൂട്ടായ്മകളുടെ സചേതനമായ സമരജിഹ്വകളിലൊന്നായും സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്ന നട്ടെല്ലുവളയാത്ത വ്യക്തിത്വമായും മലയാളിയുടെ സമീപകാല ചരിത്രത്തെയും ജീവിതത്തെയും ധീരമായഭിസംബോധന ചെയ്യുന്ന ചുരുക്കം ചില ജൈവബുദ്ധിജീവികളിലൊരാളാണ് എം.എൻ. കാരശ്ശേരി.
ശരി-അത്ത് വിവാദം മുതൽ ചേകന്നൂർ മൗലവിവധം വരെ; ബാബ്‌റിമസ്ജിദ് തകർക്കൽ മുതൽ ഇസ്ലാമോഫോബിയ വരെ; സാമ്രാജ്യത്താധിനിവേശം മുതൽ 'പ്രവാചകനിന്ദകൾ' വരെ; തലാക്ക് മുതൽ ബഹുഭാര്യാത്വം വരെ; ഐസ്‌ക്രീം പാർലർ കേസ് മുതൽ ചുംബനസമരം വരെ; പർദ്ദ മുതൽ നിലവിളക്കു വരെ- കഴിഞ്ഞ നാലുപതിറ്റാണ്ടിലെ ആഗോള-ഇന്ത്യൻ-കേരളീയ മുസ്ലിംജീവിതത്തിന്റെ ഏറ്റവും സംഘർഷഭരിതമായ അനുഭവങ്ങളോടുള്ള സക്രിയമായ പ്രതികരണങ്ങളുടെതന്നെ ചരിത്രമാണ് കാരശ്ശേരിയുടെ സാമൂഹിക ജീവചരിത്രം. നിശ്ചയമായും ഇസ്ലാമിനു പുറത്തും കാരശ്ശേരിക്ക് കറതീർന്ന ഒരു രാഷ്ട്രീയ-സാംസ്‌കാരിക ജീവിതമുണ്ട് എന്നു തെളിയിക്കുന്ന എത്രയെങ്കിലും സന്ദർഭങ്ങളും നമുക്കു മുന്നിലുണ്ട്.
പൗരാവകാശ-മനുഷ്യാവകാശ-സ്ത്രീവാദ പ്രസ്ഥാനങ്ങളിലും രാഷ്ട്രീയസമൂഹങ്ങളെ മറികടന്നുണ്ടായിക്കൊണ്ടേയിരിക്കുന്ന പൗരസമൂഹവൃന്ദങ്ങളിലും സാഹിത്യ, കലാ, സാംസ്‌കാരിക മണ്ഡലങ്ങളിലും അച്ചടി, ദൃശ്യ, നവ മാദ്ധ്യമങ്ങളിലുമൊക്കെ അസാധാരണമായ ആർജ്ജവത്തോടെ ഇടപെടുന്ന കാരശ്ശേരി മലയാളിയുടെ ദൈനംദിന ബൗദ്ധികജീവിതത്തിന്റെയും ജനാധിപത്യരാഷ്ട്രീയത്തിന്റെയും ഭാഗമാണിന്ന്. 'ജാതിയെക്കാൾ കട്ടിയുള്ള രക്തം' ഇത്തരമൊരു സാംസ്‌കാരികധർമം സാർഥകമായി നിർവഹിക്കുന്ന പതിനെട്ടു രചനകളുടെ സമാഹാരമാണ്.
സംസ്‌കാരം, രാഷ്ട്രീയം, സാഹിത്യം, വ്യക്തി, അനുഭവം എന്നിങ്ങനെ ആറു ഭാഗങ്ങളിലായി ഉൾപ്പെടുത്തിയിട്ടുള്ള ചെറുതും വലുതുമായ നിരീക്ഷണ-പ്രതികരണങ്ങളുടെ പതിനെട്ടു ലേഖനങ്ങളാണ് ഈ പുസ്തകം. അനുബന്ധമായി, സാഹിത്യഗവേഷകനായിരുന്ന കാലത്ത് കാരശ്ശേരി പുറംലോകത്തെത്തിച്ച 'മാപ്പിളരാമായണ'ത്തിന്റെ ചില ഭാഗങ്ങളും.
സാഹിത്യനിരൂപകനും അദ്ധ്യാപകനുമായ വി സി. ശ്രീജൻ, മിശ്രവിവാഹിതരുടെ മകൻ എന്ന നിലയിൽ തനിക്കനുഭവിക്കേണ്ടിവന്ന സാമൂഹ്യഭ്രഷ്ടുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 'രക്തത്തെക്കാൾ കട്ടിയുണ്ട് ജാതിക്ക്' എന്നു സ്ഥാപിക്കുന്ന ഒരു ലേഖനം എഴുതിയിരുന്നു. അതിൽ ശ്രീജൻ പറഞ്ഞു: 'കുടുംബം എന്നു പറയുന്നത് ജാതിയിൽ അധിഷ്ഠിതമാണ്. ജാതിയിലൂടെയാണ് ഒരാൾ ദേശത്തെ പൗരനാകുന്നത്. ജാതിയില്ലെങ്കിൽ അവന് ഭരണാധികാരപരമായ പൗരത്വം മാത്രമേ കാണൂ. അതിന്നു വൈകാരികമാനങ്ങൾ കാണില്ല. അതിനാൽ അത് ഒരുതരം അന്യതാബോധം സൃഷ്ടിക്കുന്നു'.[BLURB#1-VL]ശ്രീജൻ തുടരുന്നു: 'ജാതിയെ അങ്ങനെ എതിർക്കേണ്ട കാര്യമില്ലെന്നും ഒരു ജാതി ഉണ്ടാകുന്നത് നല്ലതാണെന്നുമാണ് ഞാൻ പറഞ്ഞുകൊണ്ടുവരുന്നത്. കൂട്ടത്തിൽ വിജാതീയമായ മിശ്രവിവാഹങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും'.
കാരശ്ശേരി ഈ വാദങ്ങൾ ഖണ്ഡിച്ചുകൊണ്ട് 'ജാതിയെക്കാൾ കട്ടിയുണ്ട്, രക്തത്തിന്' എന്നു സ്ഥാപിക്കുന്നു. അദ്ദേഹം എഴുതുന്നു : 'ജാതി ജീവശാസ്ത്രയാഥാർത്ഥ്യമല്ല; സാമൂഹ്യശാസ്ത്രയാഥാർത്ഥ്യമാണ്. പ്രകൃതിയല്ല; സംസ്‌കൃതിയാണ്. ഉള്ളതല്ല; നമ്മൾ ഉണ്ടാക്കിയതാണ്. അത് നിലനിൽക്കുന്നത് മനുഷ്യജീവികളുടെ ബോധത്തിൽ മാത്രമാണ്. ആചാരാനുഷ്ഠാനങ്ങൾ, സാമ്പത്തികസാഹചര്യങ്ങൾ, തൊഴിശാലകൾ, ഭൗതികതാല്പര്യങ്ങൾ, വിവാഹബന്ധങ്ങൾ, കലാരൂപങ്ങൾ, ഭക്ഷണസമ്പ്രദായങ്ങൾ, വാമൊഴിഭേദങ്ങൾ, വസ്ത്രധാരണരീതികൾ മുതലായവയിലൂടെ പ്രാദേശികമായി ഉരുവംകൊണ്ടുവന്ന കൂട്ടായ്മാവികാരത്തിന്റെ പാരമ്പര്യമാണ് ജാതിബോധം. നമ്മൾ ഉണ്ടാക്കിയതായതുകൊണ്ട് അത് ഇല്ലാതാക്കാനോ മാറ്റിമറിക്കാനോ നമുക്ക് കഴിയും. രാഷ്ട്രീയ-സാമൂഹ്യ കാലാവസ്ഥയ്ക്കനുസരിച്ച് അതു മാറ്റത്തിന്നു വിധേയമായിക്കൊണ്ടിരിക്കും'.
തുടർന്ന്, തന്റെ വാദങ്ങൾ സമർഥിക്കാൻ ശ്രീജൻ ഉന്നയിച്ച യുക്തികളുടെ ക്ഷുദ്രത്വം ചൂണ്ടിക്കാണിച്ചും, എത്രമേൽ പ്രതിലോമപരമായാണ് ശ്രീജനെപ്പോലൊരാൾ കേരളീയസമൂഹത്തിൽ സ്വന്തം ഇടം കണ്ടെത്തുന്നതെന്നു വിശദീകരിച്ചും കാരശ്ശേരി ഈ ലേഖനത്തെ അസാധാരണമായ ഒരു സാംസ്‌കാരിക ഇടപെടലാക്കി മാറ്റുന്നു.
എഴുത്തച്ഛന്റെ കാവ്യകല്പന മുതൽ കുമാരനാശാന്റെ കാവ്യഭാഷവരെയും പത്രഭാഷയുടെ ചീത്തയാകൽ മുതൽ പ്രസംഗഭാഷയിലെ സംസ്‌കൃതാധിപത്യം വരെയുമുള്ള വിഷയങ്ങൾ ചർച്ചചെയ്യുന്ന ചെറുകുറിപ്പുകൾ ഈ പുസ്തകത്തിലുണ്ട്. ആർ. രാമചന്ദ്രന്റെ കവിതയിലെ ആധുനികതയുടെ ബലതന്ത്രങ്ങളും രാഷ്ട്രീയാബോധങ്ങളും മറനീക്കുന്ന കാരശ്ശേരി കല്പറ്റ നാരായണന്റെ ലേഖനങ്ങൾ ആത്മരതിയുടെ കമ്പക്കെട്ടും അയുക്തികളുടെ കൂത്തരങ്ങുമായി മാറുന്നതിന്റെ തരക്കേടുകളും ചൂണ്ടിക്കാണിക്കുന്നു. കെ.ടി. മുഹമ്മദിന്റെ നാടകജീവിതവും വ്യക്തിജീവിതവും എത്ര ധീരമായാണ് കേരളത്തിലെ മുസ്ലിം സാമൂഹ്യഘടനയുടെ യാഥാസ്ഥിതികതക്കെതിരെ ആഞ്ഞടിച്ചതെന്ന് വിശദീകരിക്കുന്നു, മറ്റൊരുരചന. ബഷീർ, എൻ.പി. മുഹമ്മദ് എന്നിവർക്കൊപ്പം കെ.ടി.യാണ് കേരളീയ മുസ്ലിം സാഹിത്യമണ്ഡലത്തിൽ നവോത്ഥാനത്തിന്റെ വിത്തുകൾ വിതച്ചതെന്നു സ്ഥാപിക്കുന്നു, ഈ ഓർമക്കുറിപ്പ്. ജോൺ ഏബ്രഹാമിന്റെ അരാജകത്വത്തിൽനിന്ന് നിത്യചൈതന്യയതിയുടെ മഹാഗുരുത്വത്തിലേക്കു സഞ്ചരിക്കുന്നു, മറ്റൊരു ഭാഗത്ത് കാരശ്ശേരി.
നബിയുടെ ശിഷ്യനും സുഹൃത്തുമായിരുന്ന അബൂദർറ് നയിച്ച അത്ഭുതകരമാംവിധം നന്മയും ധീരതയും നിറഞ്ഞ അനാസക്തജീവിതത്തിന്റെ കഥപറയുന്ന രചനയും യിദ്ദിഷ് ഭാഷയിൽ, അനന്യസുന്ദരമായ കഥകളെഴുതി ലോകത്തെ വിസ്മയിപ്പിച്ച ഷോളോം അലൈഹം എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തുന്ന രചനയും കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നു.
ശ്രീജനെ തലകീഴായി നിർത്തി തൊലിയുരിക്കുന്ന ആദ്യലേഖനം പോലെതന്നെ ശ്രദ്ധേയമാണ് വയലാർരവിയുടെ കൊച്ചുമകന്റെ ചോറൂണു നടത്തിയതിനെത്തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിലുണ്ടായ പുകിലുകൾ ചർച്ചചെയ്യുന്ന രചനയും. ആദ്യലേഖനത്തിൽ ജാതിയാണ് വിഷയമെങ്കിൽ ഇവിടെ മതമാകുന്നു വില്ലൻ. കെ.ടി. മുഹമ്മദിന്റെ മത-സാമൂഹ്യ നിലപാടുകളെ, ദേശീയമുസ്ലീമിന്റെ ചരിത്രപരമായ ദൗത്യവും ധർമവുമായി വ്യാഖ്യാനിക്കുന്ന ലേഖനംപോലെതന്നെ കൗതുകകരമാണ് മമ്മൂട്ടിയുടെ പേരിന്റെ സൗന്ദര്യശാസ്ത്രത്തിൽ തുടങ്ങി മലയാളിയുടെ പേരുകൾക്കു പിന്നിലെ ചരിത്രവും അധികാരബന്ധങ്ങളും മതവും ജാതിയും നിശിതമായി അഴിച്ചുപരിശോധിക്കുന്ന രചനയും. നമ്മുടെ ആഢ്യമ്മന്യതയുടെ വസ്ത്രാക്ഷേപം തന്നെയായി മാറുന്നു, ഈ ലേഖനം. വടകരയിലെ ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാരിൽനിന്ന് മാപ്പിളരാമായണം കേട്ടെഴുതി ലോകത്തെ അറിയിച്ച, തന്റെ ഗവേഷകജീവിതത്തിലെ വലിയൊരു നേട്ടത്തിന്റെ കഥപറയുന്ന ലേഖനമാണ് ശ്രദ്ധേയമായ മറ്റൊരു രചന.[BLURB#2-VR]കോളേജ് മാഗസിൻ മുതൽ ഭാഷാപോഷിണിയും മാതൃഭൂമിയും വരെയുള്ള പ്രസിദ്ധീകരണങ്ങളിൽ വന്നവയാണ് ഈ കുറിപ്പുകൾ. കഴിഞ്ഞ കാൽനൂറ്റാണ്ടുകാലത്ത്, ആനുകാലിക സംഭവങ്ങളോടുള്ള പ്രതികരണങ്ങളായും ആഴമുള്ള സാമൂഹ്യാനുഭവങ്ങളെക്കുറിച്ചു നടത്തിയ വിശകലനങ്ങളായും രചിക്കപ്പെട്ട ഈ ലേഖനങ്ങൾ നവോത്ഥാനാധുനികതയുടെ മാനവികതാവാദത്തെയും ജനാധിപത്യബോധത്തെയും സാംസ്‌കാരിക മൂലധനമാക്കി മാറ്റുന്ന ഒരു രാഷ്ട്രീയപ്രക്രിയയുടെ ഭാഗമാണ്. ജാതിയിൽനിന്നും മതത്തിൽനിന്നും മനുഷ്യനിലേക്കു സഞ്ചരിക്കുന്ന നവോത്ഥാനമൂല്യങ്ങളുടെ നോട്ടപ്പാടുകളാണ് കാരശ്ശേരിയുടെ ഓരോ ഇടപെടലും. വിഷയവും സന്ദർഭവും ഏതുമാകട്ടെ, അതിനിശിതമായ സാമൂഹ്യനിരീക്ഷണങ്ങളുടെ സചേതനമായ തുടർച്ച ഈ രചനകൾ സൂക്ഷിക്കുന്നു. കാൽനൂറ്റാണ്ടു മുൻപ് കോഴിക്കോട് ഗവൺമെന്റ് കോളേജിലെ മാഗസിനിലെഴുതിയ 'വ്യക്തിപൂജ' എന്ന ലേഖനത്തിൽ വയോധികപൂജക്കും വ്യക്തിപൂജക്കുമെതിരെ കാരശ്ശേരി എഴുതി :
'ബുദ്ധിയുടെ മൂർച്ച കുറഞ്ഞ് ജീവിതത്തോട് എന്നതിലധികം മരണത്തോട് അടുപ്പം പുലർത്തുന്ന ഈ വയോധികന്മാരെ പൂജിക്കുവാൻ എന്നപോലെ, മരിച്ചവരെ പൂജിക്കുവാനും നമുക്കൊരു വാസനയുണ്ട്. ഓരോ ശവത്തെയും എങ്ങനെ പൂജിക്കണമെന്ന് നമ്മുടെ ഓരോ നേതാവിനുമറിയാം. മതവിഭാഗങ്ങൾക്ക് സിദ്ധന്മാരുടെയും ശൈഖ്മാരുടെയും വാഴ്‌ത്തപ്പെട്ടവരുടെയും ശവകുടീരങ്ങൾ ഉള്ളതുപോലെ, രാഷ്ട്രീയവിഭാഗങ്ങൾക്ക് സ്വന്തമായ രക്തസാക്ഷിമണ്ഡപങ്ങളും ഉണ്ട്. ഓരോ കൂട്ടരും ആണ്ടുതോറും അവിടെ ചടങ്ങുകൾ നടത്തി ജനസാമാന്യത്തെ തൃപ്തിപ്പെടുത്തുന്നു. കുറെ ശവങ്ങളും അർദ്ധശവങ്ങളായ വയോധികന്മാരുമാണ് നമ്മെ നയിക്കുന്നതും ഭരിക്കുന്നതും! നമ്മുടെ നാട്ടിൽ വിശ്വാസിയും അവിശ്വാസിയും ശക്തി സംഭരിക്കുവാൻ ഓടിച്ചെല്ലുന്നത് ജീവിതത്തിലേക്കല്ല, ശവകുടീരങ്ങളിലേക്കാണ്.
ഈ ശവപൂജയുടെയും വയോധികപൂജയുടെയും തുടർപൂജകളാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബവാഴ്ചകൾക്കും അനന്തരാവകാശ നേതൃത്വങ്ങൾക്കും വഴിയൊരുക്കിക്കൊടുത്തത്. ദീവനുള്ള ഇന്ദിരാഗാന്ധി വിചാരിച്ചാൽ നേടിക്കൊടുക്കാൻ കഴിയുന്നതിലുമെത്രയോ അധികം ജനപിന്തുണ ശവമായിക്കഴിഞ്ഞശേഷം അവർ മകൻ രാജീവ്ഗാന്ധിക്ക് നേടിക്കൊടുത്തു!
വ്യക്തിപൂജ എന്നും പറഞ്ഞ് ഏതെങ്കിലും ഒന്നോ രണ്ടോ പാർട്ടികളിലെ ചില കുടുംബങ്ങളോട് യുദ്ധം പ്രഖ്യാപിക്കും മുമ്പ് നാം വേണ്ടത്, നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ കുടിയിരിക്കുന്ന ശവപൂജയെയും വയോധികപൂജയെയും ഇരുപത്തിനാല് അടി ആഴത്തിൽ കുഴിച്ചുമൂടുകയാണ്'.
'ജാതി'യിലാണ് തുടക്കമെങ്കിലും മതംതന്നെയാണ് ഈ സമാഹാരത്തിലും കാരശ്ശേരിയുടെ സംവാദഭൂമിക. 'മമ്മൂട്ടി'യുടെ പേരുമുതൽ 'മാപ്പിള'രാമായണം വരെ, മിക്ക രചനകളിലും മതവിമർശനം അടിയൊഴുക്കായോ മേലൊഴുക്കായോ കരുത്താർജിക്കുന്നു. ഹിന്ദുസമൂഹത്തിന്റെ, ആഭ്യന്തരഘടനക്കുള്ളിൽ മാത്രം പ്രസക്തമായ ജാതിയെക്കാൾ, ആഗോളതലത്തിൽതന്നെ പ്രാധാന്യം നേടുന്ന മതബോധത്തിന്റെയും മിക്കവാറും സാംസ്‌കാരിക മണ്ഡലങ്ങളിൽ പ്രാതിനിധ്യം നേടുന്ന മതരാഷ്ട്രീയത്തിന്റെയും വിശകലനവും വിമർശനവുമാണ് കാരശ്ശേരിയുടെ ഇഷ്ടമേഖലയെന്ന് ഈ സമാഹാരവും തെളിയിക്കുന്നു. ചെറിയ കുറിപ്പുകൾ മുതൽ നീണ്ട ലേഖനങ്ങൾവരെയുള്ള രചനകളും സിനിമ മുതൽ രാമായണം വരെയുള്ള വിഷയങ്ങളും ജോൺ ഏബ്രഹാം മുതൽ നിത്യചൈതന്യയതിവരെയുള്ള വ്യക്തിത്വങ്ങളും ഭാഷ മുതൽ രാഷ്ട്രീയം വരെയുള്ള മേഖലകളും.... കാരശ്ശേരിയുടെ ചിന്താലോകത്തിന്റെ പലമയും പൊലിമയും ഒരുപോലെ തെളിച്ചുകാട്ടുന്നു, ഈ പുസ്തകം.
പുസ്തകത്തിൽ നിന്ന്:-
മലയാളസിനിമയിലെ സുന്ദരനായ നടനാണ് അസുന്ദരമായ പേരുമായി നടക്കുന്നത് - മമ്മൂട്ടി.
ഇപ്പറഞ്ഞ 'സുന്ദരൻ' എന്ന വിശേഷണത്തെപ്പറ്റി തർക്കമുണ്ടാകാം. കൂടുതൽ സുന്ദരന്മാർ വേറെയുണ്ടെന്ന് വാദമുണ്ടാവാം. അതിൽ തീർപ്പെടുക്കാനാവില്ല. ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം എന്ന് എടുത്താൽ മതി.
പക്ഷേ 'മമ്മൂട്ടി' എന്ന പേരിന്ന് ഭംഗി പോരാ എന്ന കാര്യത്തിൽ അത്രയേറെ തർക്കമുണ്ടാകാനിടയില്ല. സാധാരണനിലയ്ക്ക് ആർക്കും തോന്നും: അതിന്ന് പരിഷ്‌കാരമില്ല, ഗാംഭീര്യമില്ല, ശ്രവണഭംഗിയില്ല, ഒരു മയമില്ല. ഒറ്റക്കേൾവിക്ക് മരമുട്ടി എന്നോ മറ്റോ തോന്നും. അതിന്ന് പ്രത്യേകിച്ചൊരർത്ഥം പറയാനില്ല. മുഹമ്മദ് കുട്ടി എന്ന 'യഥാർത്ഥരൂപ'ത്തിന്റെ 'വികൃതരൂപ'മാണത്. മുഹമ്മദ് എന്ന അറബിപദത്തിന് 'സ്തുതി അർഹിക്കുന്നവൻ' എന്ന് അർത്ഥം പറയാം. ഇതിനെന്ത് പറയും?
വി.കെ. ശ്രീരാമൻ എഴുതിയിട്ടുണ്ട്:
മമ്മൂട്ടിയെ വീട്ടുകാരും നാട്ടുകാരും വിളിക്കുന്നത് 'കുഞ്ഞ്' എന്നോ 'മമ്മൂഞ്ഞ്' എന്നോ ആണ്. അവരാരും 'മമ്മൂട്ടി' എന്ന് വിളിക്കാത്തതെന്താ എന്ന് ചോദിച്ച ശ്രീരാമനോട് മമ്മൂട്ടി കള്ളി വെളിപ്പെടുത്തി: 'മഹാരാജാസ് കോളേജിൽ ചെന്നുചേർന്നപ്പോൾ എനിക്കീ മുഹമ്മദുകുട്ടിയെന്ന പേരൊന്ന് മാറ്റിയാൽ കൊള്ളാമെന്നു തോന്നി. പേരു ചോദിച്ച കുട്ടികളോടൊക്കെ ഞാൻ, എന്റെ പേര് 'ഒമർ ഷെറീഫ്' എന്നാണെന്ന് പറഞ്ഞു. കുറച്ചുദിവസംകൊണ്ട് ഞാൻ കോളേജിലൊക്കെ ഒമർ ഷെറീഫ് ആയി അറിയപ്പെടാൻ തുടങ്ങി. ചിലരൊക്കെ 'ഒമർ' എന്ന് ചുരുക്കിവിളിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദുരന്തമുണ്ടായത്. കുട്ടികളുമായി ക്ലാസ്സിനു പുറത്തു വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പുസ്തകത്തിൽ നിന്നെന്റെ ഐഡന്റിറ്റി കാർഡ് നിലത്തുവീണു. ശശിധരൻപിള്ള എന്നൊരു സീനിയർ വിദ്യാർത്ഥി അതെടുത്തു മറിച്ചുനോക്കിയിട്ട് കുട്ടികളോടായി പറഞ്ഞു:
'ഇവൻ ഒമർ ഷെറീഫൊന്നുമല്ല, മുഹമ്മദുകുട്ടിയാണ്. അതുശരി, ഞങ്ങളെ പറ്റിക്കുകയാണ്, അല്ലേ?' ഞാൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അപ്പോൾ ശശിധരൻപിള്ള വീണ്ടും വിളിച്ചുപറഞ്ഞു: 'പേര് മുഹമ്മദുകുട്ടി എന്നായതുകൊണ്ട് നിനക്ക് മമ്മൂട്ടി എന്ന പേരാണ് ചേരുക മോനെ. വെറുതെ എന്തിനാ ഒമർ ഷെറീഫിന്റെ പേര് ചീത്തയാക്കുന്നത്?'
അന്നുതൊട്ട് കുട്ടികൾ കുറ്റപ്പേരായി കളിയാക്കി വിളിക്കാൻ തുടങ്ങിയതാണ് മമ്മൂട്ടി എന്ന്. ഞാനത് മാറ്റാനും പോയില്ല'.
മാപ്പിളരാമായണം
ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമ
ലാമ ലാമ ലാമ ലാമ ലാമ ലാമ ലാമ
പണ്ട് താടിക്കാരനൗലി പാടി വന്നൊരു പാട്ട്
കണ്ടതല്ലേ ഞമ്മളീ ലാമായണം കതപാട്ട്
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്
മൂന്നു പെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
നഞ്ഞ് നക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിതങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകി താടിലാമൻ വൈ തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്ന് ലാമൻ നാട്ടിലെത്തിയ പാട്ട്
നാടുവാഴാൻ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനി നൊണകേട്ടന്നെളോമ വാശികാട്ടിയ പാട്ട്
ലാമനെപ്പതിനാലുകൊല്ലം കാട്ടിലാക്കിയ പാട്ട്
കുടെയനുശൻ കുട്ടിനോളും കുടിപ്പോയ പാട്ട്
മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്
വിക്കിവിക്കി ലാശലാശൻ മൗത്തിലായ പാട്ട്
ലലസോ ഉമ്മനാട്ടിന് പോയ വരതൻ ഓടിവന്ന പാട്ട്
ലാമനെക്കൂട്ടിവരുവാൻ പോയിവന്ന പാട്ട്
ജാതിയെക്കാൾ കട്ടിയുള്ള രക്തം
എം എൻ കാരശ്ശേരി
സാഹിത്യപ്രവർത്തകസഹകരണസംഘം
2015, വില: 90 രൂപ