പിണറായിയുടെ ശത്രുക്കൾ അദ്ദേഹത്തിന്റെ ഓഫിസിൽ തന്നെയിരിക്കുന്ന ഉപദേശികളാണ്. എൻഡിടിവിൽ പിണറായിയെക്കൊണ്ട് ഇംഗ്ലീഷിൽ സംസാരിപ്പിച്ച് പരിഹാസ്യനാക്കേണ്ടിയിരുന്നില്ല. പിണറായിയുടെ ഇംഗ്ലീഷിനെക്കുറില്ല ഞാൻ പറയുന്നത്. അതല്ല പരിഹാസ്യം. തിരക്കഥയിലെന്നപോലെ നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾ ആങ്കർ ചോദിക്കുന്നു. അതിന് തയ്യാറാക്കിവച്ച ഉത്തരം പിണറായി വായിക്കുന്നു. അടുത്ത ചോദ്യം- നേരത്തേ നിശ്ചയിച്ചത് തന്നെ ആങ്കർ ചോദിക്കുന്നു. അതിന് പിണറായി എഴുതിത്ത്തയ്യാറാക്കിയ ഉത്തരം മറുപടി പറയുന്നു.

ജേണലിസത്തിന്റെ പ്രാഥമിക പാഠങ്ങൾ അറിയുന്നവർക്ക് അറിയാം ഇത്തരം ടിവി ചർച്ചകൾ നടത്തേണ്ടത് ഇങ്ങനെയല്ല എന്ന്. വിഷയത്തിന് ക്ലാരിറ്റിയുള്ളവർക്ക് ഇത്തരം നാടക ഡയലോഗ് പോലുള്ള അഭിമുഖങ്ങൾ ആവശ്യമില്ല. അതാണ് പരിഹാസ്യം. എൻഡിടിവി പോലുള്ള ഒരു ചാനലിന്റെ ക്രെഡിബിലിറ്റിക്കും അത് നല്ലതല്ല. ചോദ്യവും ഉത്തരവും നേരത്തേ പ്ലാൻ ചെയ്്തുള്ള ജേണലിസം എവിടത്തെ ജേണലിസമാണപ്പാ. ഇതിനെയും പിണറായിയുടെ പൂഴിക്കടകനായി കരുതരുത്. നിവൃത്തികേടുകൊണ്ട് സിഎം ദേശീയ ചാനലിലൂടെ സംവദിക്കാൻ നോക്കിയതാണ്. ഇംഗ്ലീഷാണ് ഇവിടെ വില്ലൻ. ഇംഗ്ളീഷിൽ വിഷയം സംസാരിക്കുമ്പോഴാണ് പിണറായിക്ക് ക്ലാരിറ്റിയില്ലാതാകുന്നത്. അല്ലാതെ വിഷയത്തിലെ ക്ലാരിറ്റിക്കുറവ് കൊണ്ടല്ല.

മലയാളമല്ല, ഒരു ഭാഷയും മോശമല്ല. ഒന്നും ഒന്നിനു മുകളിലും അല്ല. എൻഡിടിവിയോടല്ല ബിബിസിയോടാണെങ്കിലും മലയാളത്തിൽ സംസാരിച്ചാൽ മതി മുഖ്യമന്ത്രി. സത്യം പറഞ്ഞാൽ അതിനാണ് ഒരു സ്‌റ്റൈലും ഉള്ളത്. ലോകത്തിലെ പല രാജ്യത്തലവന്മാരും ഇവിടെ നരേന്ദ്ര മോദിയും അവരുടെ ഭാഷയിലാണ് അഭിമുഖം നൽകുന്നത്. പരിഭാഷ സബ്ടൈറ്റിൽ കൊടുക്കാനുള്ള ടെക്നോളജി ഇവിടെയുണ്ട്. അല്ലെങ്കിൽ ടെലിപ്രോംപ്ടർ ഉപയോഗിച്ച് ശീലിച്ചാൽ മതി.

തിരക്കഥക്കനുസരിച്ച് തയ്യാറാക്കിയ അഭിമുഖത്തിന് സെറ്റിട്ട മാധ്യമ ഉപദേഷ്ടാവ് ഏതായാലും പഷ്ടാണ്. ഇത്തരം കാര്യങ്ങളിൽ മുഖ്യമന്ത്രിയെ ഉപദേശിക്കാൻ ഒരുത്തനും ഇല്ലേ നോർ്ത്ത് ബ്ലോക്കിന്റെ മുകളിലെ ഐസ്മുറിയിൽ

വ്ളാഡ്മിർ പുടിൻ ഇംഗളീഷ് പഠിക്കാൻ തുടങ്ങിയത് സമീപകാലത്താണ്. ചൈനീസ് പ്രസിഡന്റ് ജിൻപിങ് തട്ടിമുട്ടിയേ സംസാരിക്കൂ.

(മനോരമയിലെ മാധ്യമപ്രവർത്തകനായ ജാവേദ് പർവേശ് ഫേസ്‌ബുക്കിൽ എഴുതിയാണ് ഈ കുറിപ്പ് )