കോട്ടയം: നിങ്ങൾക്ക് സാധാരണക്കാരനെ പോലെ എങ്ങും പോകാതെ വീട്ടിലും പരിസരത്തുമായി ജീവിച്ചു മരിക്കാം.. അല്ലെങ്കിൽ ലോകം ചുറ്റി സാഹസിക പ്രകടനവുമായി ലോകം കണ്ട് മരിക്കണോ? ജവീൻ മാത്യു തിരഞ്ഞെടുത്തത്ത രണ്ടാമത്തെ വഴിയായരുന്നു. എന്നും സാഹസിഹതകളുടെ കളിത്തോഴമായിരുന്നു കേരളത്തിലെ അറിയപ്പെടുന്ന റാലി താരവും ജവീൻസ് റോയൽ എൻഫീൽഡ് ഷോറൂം ഉടമയുമായ ചാലുകുന്ന് മണപ്പുറത്ത് ജവീൻ മാത്യു (51).

ലോകത്തെ പ്രമുഖ മോട്ടോർ റാലികളെ സാന്നിധ്യമായിരുന്ന ഈ മലയാളി ബൈക്ക് അപകടതതിൽ വച്ചാണ് മരിച്ചത്. ബൈക്ക് ഹംപിൽ കയറി നിയന്ത്രണംവിട്ടുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. അപ്രതീക്ഷിതമായി ജവീൻ മാത്യുവിന്റെ മരണം ഉണ്ടാക്കിയ ഞെട്ടലിലാണ് റാലി ആരാധകരും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. വ്യാഴാഴ്ച രാത്രി 10.30ന് പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷനു സമീപമായിരുന്നു അപകടം. പരുക്കേറ്റ ജവീനെ ഉടൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുത്തനങ്ങാടി മിനി സിവിൽ സ്റ്റേഷനും എൻഎസ്എസ് സ്‌കൂളിനും സമീപമാണ് വേഗനിയന്ത്രണത്തിനായി ഹംപ് സ്ഥാപിച്ചിരുന്നത്. ബൈക്കിൽ വേഗത്തിൽ വരുമ്പോൾ ഹംപിൽ കയറി വീഴ്ചയിൽ മുഖം നിലത്ത് ഇടിച്ചതാകാം ഗുരുതരമായി പരുക്കേൽക്കാൻ കാരണമെന്നു സംശയിക്കുന്നു. മൃതദേഹം  9ന് വീട്ടിൽ എത്തിക്കും. സംസ്‌കാരം ഒന്നിന് ചാലുകുന്ന് സിഎസ്‌ഐ സെമിത്തേരിയിൽ.

മലേഷ്യയിലെ റെയിൻ ഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ഡി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവസാന്നിധ്യമായിരുന്നു ജവീൻ. രാജ്യാന്തര ശ്രദ്ധനേടിയ ഒട്ടേറെ ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും നടത്തിയ സാഹസിക ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണു ജവീൻ. അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരത്തിന്റെ ഉടമയായിരുന്നു. കോട്ടയം നഗരസഭാ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ജീപ്പേഴ്‌സ് ക്ലബ് സെക്രട്ടറി, സിഎസ്‌ഐ സഭാ കൗൺസിൽ അംഗം, കോട്ടയം വൈഎംസിഎ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

എൻഫീൽഡിന്റെ തോഴൻ

എൻഫീൽഡ് ബൈക്കുകളായിരുന്നു ജവീന് എല്ലാം. ബൈക്കുകളിൽ കയറി യാത്രചെയ്യുന്നത് ഹരമാക്കിയ ഇദ്ദേഹം ബൈക്കിൽ ഹിമാലയം വരെ കയറിയിട്ടുണ്ട്. ഹിമാലയൻ റാലിക്കു കൊണ്ടുപോകും മുൻപ് പരിശോധനയ്ക്കായി ജവീന് സുഹൃത്ത് കൈമാറിയ ബൈക്കായിരുന്നു കഴിഞ്ഞ ദിവസം അപകടത്തിൽപെട്ടത്. ബൈക്കിന്റെ പരിശോധനകളെല്ലാം കഴിഞ്ഞ് ഉറപ്പുവരുത്തിയ ശേഷം ഓടിച്ച് വീട്ടിലേക്കു പോകുകയായിരുന്നു ജവീൻ.

ജവീനെ സാഹസികതയുടെ പര്യായമായാണു സുഹൃത്തുക്കൾ കണ്ടിരുന്നത്. 1995ൽ റബർ സിറ്റി ചാലഞ്ച് എന്ന പേരിൽ കോട്ടയം കേന്ദ്രീകരിച്ച് റാലി ചാംപ്യൻഷിപ് നടത്തിയ ജവീൻ വിവിധ റാലി, ഓഫ്‌റോഡ് ചാംപ്യൻഷിപ്പുകളുടെ സംഘാടകനുമായി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോട്ടർ റാലിയായ 'റെയ്ഡ് ഡി ഹിമാലയ'യിൽ 2016 ൽ പങ്കെടുത്ത ജവീൻ ഒടിഞ്ഞ കാലുമായി അവസാന 300 കിലോമീറ്റർ ഓടിച്ചത് അദ്ഭുതത്തോടെയാണ് സഹറൈഡർമാർ കണ്ടതെന്ന് ഈ യാത്രയിൽ ഫോർവീൽ വിഭാഗത്തിൽ പങ്കെടുത്ത കോട്ടയം സ്വദേശി പ്രേംകുമാർ പറയുന്നു. ഏറ്റവും കാഠിന്യം കൂടിയ 'എക്‌സ്ട്രീം' വിഭാഗത്തിലാണ് ജവീൻ അന്നു പങ്കെടുത്തത്. മനാലി, ലേ തുടങ്ങിയ സ്ഥലങ്ങളിലൂടെ 2,800 കിലോമീറ്റർ ആയിരുന്നു ദൂരം.

യാത്ര അവസാനിക്കാൻ ഒരു ദിവസം ബാക്കിയുള്ളപ്പോൾ തകർന്ന റോഡും പ്രതികൂലമായ കാലാവസ്ഥയും മൂലം ജവീന്റെ ബൈക്ക് അപകടത്തിൽപെടുകയായിരുന്നു. മൂന്നാറിലെ ബൈക്ക് റാലിയിൽ ജവീന്റെ സഹയാത്രികയായി ഭാര്യ അനുവും പങ്കെടുത്തിട്ടുണ്ട്. സന്നദ്ധപ്രവർത്തനങ്ങളിലും ജവീന്റെ സാന്നിധ്യമുണ്ടായിരുന്നു. 2018ലെ പ്രളയസമയത്തു സുഹൃത്തുക്കളുടെ സഹകരണത്തോടെ സാധനങ്ങൾ ശേഖരിച്ച് ദുരിതബാധിത പ്രദേശങ്ങളിൽ എത്തിച്ചു.

കോട്ടയത്തെ ആദ്യകാല ഫ്‌ളവർ ഷോപ്പായ ഫ്രാഗ്രന്റ് ലില്ലി ജവീന്റെ സഹോദരി അനിതയുടേതാണ്. കോട്ടയം നഗരത്തിലെ ആദ്യകാല ഐസ്‌ക്രീം പാർലറുകളിൽ ഒന്നായ ജമാസും ജവീന്റെ കുടുംബത്തിന്റേതാണ്. പിതാവ് ജോൺ മാത്യു, അമ്മ ആലീസ്, ജവീൻ, സഹോദരങ്ങളായ മെറീസ്, അനിത, സിൽവിയ, എജുള എന്നിവരുടെ പേരുകളിലെ അക്ഷരങ്ങൾ കോർത്തിണക്കിയാണ് ജമാസ് എന്ന പേരിട്ടതും.

ഭാര്യ: അനു (കുളത്തൂപ്പുഴ ആനന്ദവിലാസം കുടുംബാംഗം). മക്കൾ: കർമ, കാമറിൻ, കേരൾ. സഹോദരങ്ങൾ: മെറീസ്, അനിത (ഫ്രാഗ്രന്റ് ലില്ലി ഫ്‌ളവർ ഷോപ്, കോട്ടയം), സിൽവിയ (കളിവീട് കിന്റർഗാർട്ടൻ സ്‌കൂൾ, കോട്ടയം), എജുള (റെഡ് ബോ ഫ്‌ളവർ ഷോപ്, തിരുച്ചിറപ്പള്ളി).