റിയോ ഡി ജനീറോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്കു വീണ്ടും അഭിമാനനേട്ടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ദേവേന്ദ്ര ഝഝാറിയയാണ് ഇന്ത്യക്കു വേണ്ടി സ്വർണനേട്ടത്തിൽ എത്തിയത്.

ഈയിനത്തിൽ നിലവിലെ ലോക റെക്കോർഡുകാരനാണു ദേവേന്ദ്ര. റിയോയിൽ 63.97 മീറ്റർ എറിഞ്ഞു സ്വന്തം റെക്കോർഡ് തിരുത്തിയാണ് സ്വർണം നേടിയത്. റിയോയിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. നേരത്തെ ഹൈജമ്പിൽ തമിഴ്‌നാട്ടുകാരനായ മാരിയപ്പൻ തങ്കവേലു സ്വർണം നേടിയിരുന്നു.

ഏതൻസിൽ 2004ൽ നടന്ന പാരാലിംപിക്‌സിൽ ദേവേന്ദ്ര സ്വർണം നേടിയിരുന്നു. 62.15 മീറ്ററാണ് അന്ന് എറിഞ്ഞത്. അന്നതു റെക്കോർഡായിരുന്നു. ഇപ്പോൾ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനാണ് മുപ്പത്താറുകാരനായ ദേവേന്ദ്ര. 2008, 2012 പാരാലിമ്പിക്‌സുകളിൽ ദേവേന്ദ്ര പങ്കെടുത്തിരുന്നില്ല.

ജാവലിൻ ത്രോയിൽ നേടിയ മെഡലോടെ ഇന്ത്യയുടെ റിയോയിലെ ആകെ മെഡൽ നേട്ടം നാലായി. രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ദേവേന്ദ്രയുടെയും മാരിയപ്പന്റെയും സ്വർണത്തിനു പുറമെ വനിത ഷോട്ട്പുട്ടിൽ ദീപ മാലിക് വെള്ളിയും പുരുഷ ഹൈജമ്പിൽ വരുൺ ഭട്ടി വെങ്കലവും ഇന്ത്യക്കായി സ്വന്തമാക്കി.

രാജസ്ഥാനിൽ നിന്നുള്ള കായികതാരമാണു ദേവേന്ദ്ര. എട്ടാം വയസിൽ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് ദേവേന്ദ്രയ്ക്ക് ഇടതുകൈ നഷ്ടമാകുകയായിരുന്നു. കളിച്ചുകൊണ്ടിരുന്നപ്പോൾ മരത്തിൽ കയറവെയാണു ദേവേന്ദ്രയ്ക്കു വൈദ്യുതാഘാതമേറ്റത്. അപകടത്തെ തുടർന്ന് ഇടതു കൈ മുറിച്ചു കളയേണ്ടി വന്നു. പക്ഷേ, തന്റെ സ്വപ്നങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് ഈ അപകടം അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല. കായികരംഗത്തെ മികവു പരിഗണിച്ച് 2004ൽ അർജുന അവാർഡും 2012ൽ പത്മശ്രീയും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പ്യനാണു ദേവേന്ദ്ര.

റിയോയിൽ മെഡൽ പട്ടികയിൽ ഇന്ത്യയിപ്പോൾ 31-ാം സ്ഥാനത്താണ്. 63 സ്വർണം ഉൾപ്പെടെ 147 മെഡലുമായി ചൈനയാണ് ഒന്നാമത്. 34 സ്വർണം ഉൾപ്പെടെ 75 മെഡലുമായി ബ്രിട്ടൻ രണ്ടാമതുണ്ട്.