ചണ്ഡീഗഢ്: സമരം ചെയ്യുന്ന വിദ്യാർത്ഥിനികളെ വേശ്യകളോട് ഉപമിച്ച ഹരിയാന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ പ്രതിഷേധം പുകയുന്നു. മനോഹർലാൽ ഖട്ടാറിന്റെ പ്രൈവറ്റ് സെക്രട്ടറി ജവഹർ യാദവിന്റെ ട്വീറ്റാണു വിവാദമായത്.

ശരീരം വിൽക്കുന്നവരേക്കാൾ മോശമായിട്ടാണ് ജെഎൻയുവിലെ പെൺകുട്ടികൾ രാഷ്ട്രീയം വിൽക്കുന്നതെന്നായിരുന്നു യാദവിന്റെ ട്വീറ്റ്.

ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാർത്ഥിനികളെയാണ് യാദവ് മോശമായി ചിത്രീകരിച്ചത്. എന്നാൽ, സംഭവം വിവാദമായതോടെ വിശദീകരണവുമായി യാദവ് രംഗത്തെത്തി.

ജെഎൻയുവിൽ ദേശദ്രോഹികളായി മുദ്രാവാക്യം വിളിക്കുന്നവരെയാണ് അങ്ങനെ ഉപമിച്ചതെന്ന് യാദവ് അടുത്ത ട്വീറ്റിൽ പറയുന്നു. വിദ്യാർത്ഥിനികളെയല്ല വേശ്യകളോടുപമിച്ചതെന്നും രണ്ടാം ട്വീറ്റിൽ അവകാശപ്പെട്ടു. ശരീരം വിൽക്കപ്പെടാൻ നിർബന്ധിതരാകുന്നവരേക്കാൾ മോശമായിട്ടാണ് ഇത്തരക്കാർ രാഷ്ട്രമാതാവിനെ വിൽക്കുന്നതെന്ന് യാദവ് പുതിയ ട്വീറ്റിൽ കുറിച്ചു. ആദ്യമിട്ട ട്വീറ്റ് ഒഴിവാക്കിയശേഷമാണു പുതിയ ട്വീറ്റിട്ടത്.