- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കാഞ്ചനമാലയെപ്പോലെ നെഹ്‌റുവിനായി കാത്തിരുന്ന പത്മജാ നായിഡു; എഡ്വീനയുമായി പരിശുദ്ധ പ്രണയം; ശ്രദ്ധമാത എന്ന സന്യാസിനിയിൽ കുട്ടിയുണ്ടായെന്ന് വ്യാജ ആരോപണം; മൃദുല സാരാഭായിയുമായി ആത്മബന്ധം; കവിയും, കാൽപ്പനികനും പിന്നെ കാമുകനും; നെഹ്റുവിന്റെ പ്രണയ ജീവിതം വീണ്ടും വാർത്തകളിൽ!
''ഇന്ത്യൻ ജനതക്ക് അവർ അർഹിക്കുന്നതിലും വലുതായി രണ്ടേരണ്ട് സാധനങ്ങൾ മാത്രമാണ് കിട്ടിയത്. ഒന്ന് ഇന്ത്യൻ ഭരണഘടന. രണ്ട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു.''- എഴുത്തുകാരൻ രാമചന്ദ്രഗുഹയുടെ ഈ നിരീക്ഷണം ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്ന ആർക്കും അവഗണിക്കാൻ കഴിയില്ല. കാരണം കോൺഗ്രസിൽ തന്നെയുള്ള അങ്ങേയറ്റം പോകുന്ന ജാതിവാദികളുടെയും, മതവാദികളെയും, പശുവാദികളെയും ഒരുപോലെ എതിർത്തുകൊണ്ടാണ് നെഹ്റു, ഒരു ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ലോകത്തിന്റെ ഏറ്റവും കൂടുതൽ അന്ധവിശ്വാസികളുള്ള ഒരു രാജ്യത്തുനിന്നാണ് 'സയന്റിഫിക്ക് ടെമ്പർ' എന്ന ഒരു വാക്കും, അതിനായി നിലകൊള്ളുന്ന ഒരു ഭരണഘടനയും ഉണ്ടായത് എന്നതും അത്ഭുദപ്പെടുത്തുന്നതാണ്.
സത്യത്തിൽ ഗാന്ധിജിയുടെ ജനാധിപത്യവിരുദ്ധത ഇന്ത്യക്ക് ഗുണം ചെയ്തത് നെഹ്റുവിലുടെയാണ്. കാരണം ആര് പ്രധാനമന്ത്രിയാകണം എന്ന ചോദ്യത്തിന് കോൺഗ്രസിൽ സർദാർ വല്ലഭായി പട്ടേലിനായിരുന്നു മൃഗീയ ഭൂരിപക്ഷം. എന്നാൽ ഗാന്ധിജി സമ്മതിച്ചില്ല. ഒരു ധ്യാനത്തിന് പോയി വന്നശേഷം, തന്റെ പ്രിയപ്പെട്ടവനായ നെഹ്റുവിന്റെ പേരാണ് ഗാന്ധിജി പറഞ്ഞത്. ആ ജനാധിപത്യവിരുദ്ധത പക്ഷേ ഇന്ത്യയുടെ ജാതകം മാറ്റി. പ്രൊഫസർ ഇർഫാൻ ഹബീബിന്റെ ഭാഷയിൽ പറഞ്ഞാൽ, 'സ്വാതന്ത്യം കിട്ടിയപ്പോൾ , പാക്കിസ്ഥാനമായുള്ള പ്രധാന വ്യത്യാസം, ഇന്ത്യക്ക് നെഹ്റുവെന്ന ശാസ്ത്രബോധമുള്ള കവിയും, കാൽപ്പനികനും, എഴുത്തുകാരനും, പ്രാസംഗികനുമൊക്കെയായ, ഒരാൾ പ്രധാനമന്ത്രിയായി വന്നു എന്നതുതന്നെ ആയിരുന്നു'. പട്ടിണികിടന്നും, തമ്മിൽ തല്ലിയും തീരുമെന്ന് വിധിയെഴുതപ്പെട്ട ഒരു ജനതയുടെ ഭാഗധേയം നെഹ്റു തിരുത്തി. ഇന്ത്യ പതുക്കെ ഭക്ഷ്യ സുരക്ഷിതത്വം നേടി. ഇന്ന് നാം കാണുന്ന ബഹിരാകാശ പദ്ധതികൾ തൊട്ടുള്ള സകലതിന്റെയും ആസൂത്രണ അടിത്തറ നീളുന്നത് ആ ഒരു മനീഷിയിലേക്ക് തന്നെ.
അതുകൊണ്ട് തന്നെയാവണം, കാവി രാഷ്ട്രീയം പ്രബലമായ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ എതിർക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും നെഹ്റുതന്നെയാണ്. ഗാന്ധിജിയെയും, പട്ടേലിനെയുമൊക്കെ ഏറ്റെടുക്കുന്ന സംഘപരിവാറിന്റെ കണ്ണിലെ കരടാണ് ഇന്നും നെഹ്റു. ആശയപരമായി മാത്രമല്ല, വ്യക്തിപരമായിപ്പോലും നെഹ്റുവിനെ അധിക്ഷേപിക്കുന്ന ഒരു പാട് പുസ്‌കങ്ങൾ ഈ ഒരു പതിറ്റാണ്ടിൽ ഇറങ്ങിക്കഴിഞ്ഞു. അടിക്കടി കള്ളക്കഥകൾ അടിച്ചിറക്കിക്കൊണ്ട് നെഹ്റു ഒരു സ്ത്രീലമ്പടൻ ആണെന്ന് സ്ഥാപിക്കയാണ് സംഘപരിവാറിന്റെ ലക്ഷ്യം.
പക്ഷേ യാഥാർഥ്യം അതല്ല. കവിയും, കാൽപ്പനികനും, ഒപ്പം കാമുകനും കൂടിയായിരുന്ന നെഹ്റുവിന് പലരുമായും മാസം നിബന്ധമായ അനുരാഗം ആയിരുന്നില്ല. ഇംഗ്ലീഷിൽ 'സോൾ മേറ്റ്സ്' എന്ന് വിളിക്കാവുന്ന രീതിയിലുള്ള അസാധാരണമായ പ്രണയം ആയിരുന്നു അത്.
കമലയുമായി ചേർച്ചക്കുറവുള്ള ദാമ്പത്യം
ജവഹർലാൽ നെഹ്റുവും ഭാര്യ കമലയും ആയുള്ള ദാമ്പത്യം അത്ര മികച്ചതായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ചരിത്രകാരന്മാർ തന്നെ എഴുതിയിട്ടുണ്ട്. ശരിക്കും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച വ്യക്തിയായിരുന്നു ജവഹർലാൽ. അലഹബാദിലെ ഏറ്റവും സമ്പന്നയായ അഭിഭാഷകൻ മോത്തിലാലിന്റെ മകൻ. ഭാര്യ മരിച്ചതിനെ തുടർന്ന് മോത്തിലാൽ, കാശ്മീരി ബ്രാഹ്മണയായ സ്വരൂപ് റാണിയെ വിവാഹം കഴിച്ചത്. ഈ ദാമ്പത്യത്തിലെ മൂത്ത മകൻ ആയിരുന്നു ജവഹർ ലാൽ. പ്രസിദ്ധമായ ഹാരോ സ്‌കൂളിലെയും ക്രേബ്രിഡ്ജിലെയും പഠനത്തിനുശേഷം, നിയമബിരുദം നേടി, 1912ലാണ് നെഹ്റു ഇന്ത്യയിൽ തിരിച്ചെത്തുന്നത്. 1916ൽ വിവാഹിതനായി. ഡൽഹിയിലെ വലിയ വ്യാപരിയായ ജവഹർ മല്ലിന്റെ മകളും അതിസുന്ദരിയുമായ കമല കൗറായിരുന്നു വധു. വെറും 17വയസ്സായിരുന്നു അപ്പോൾ കമലയുടെ പ്രായം. 18ാം വയസ്സിൽ അമ്മയുമായി.
പക്ഷേ അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമായിരുന്നു. നെഹ്റു ഒരു
പരിഷ്‌ക്ൃതനും അടിമുടി പാശ്ചാത്യ ശൈലി പിന്തുടരുന്ന ആളുമായിരുന്നു. കമലയാവട്ടെ യാഥാസ്ഥികി ഹിന്ദു കുംടബുത്തിൽ ജനിച്ച വ്യക്തിയും. ഇവർ തമ്മിൽ ആശയപരമായ പൊരുത്തം ഉണ്ടായിരുന്നു. നെഹ്റുവിന്റെ ബൗദ്ധിക നിലവാരത്തിന് അനുസരിച്ച് ഉയരാൻ കമലക്ക് ആയില്ല. മാത്രമല്ല അന്ന് 'അനന്ദഭവനത്തിൽ' വലിയ മാസനിക പീഡനങ്ങൾ കമലാ നെഹ്റുവിന് ഏൽക്കേണ്ടി വന്നതായും ജീവചരിത്രകാരന്മാർ പറയുന്നുണ്ട്. നെഹ്റുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് അടക്കമുള്ളവർ പലപ്പോഴും കമലയോട് പോരടിച്ചിരുന്നു.
പക്ഷേ നെഹ്റു തന്റെ ഭാര്യയെ അഗാധമായി സ്നേഹിച്ചിരുന്നു. അവർ തിരിച്ചും. ഏത് കുടുംബത്തിലും പോലെയുള്ള സാധാരണ അഭിപ്രായ ഭിന്നതകൾ മാത്രമാണ് അവർക്കിടയിൽ ഉണ്ടായിരുന്നത് എന്നാണ് അടുപ്പക്കാർ പറയുന്നത്. സ്വതന്ത്ര്യ സമരകാലത്ത് അസാധാരണമായ തിരക്കായിരുന്നു നെഹ്റുവിന് ഉണ്ടായിരുന്നത്. പലപ്പോഴും അദ്ദേഹം ജയിലിലായി. ഈ സമയത്തൊക്കെ വല്ലാത്ത ഏകാന്തതയാണ് കമല അനുഭവിച്ചത്. ഇതിൽനിന്ന് മുക്തി നേടാൻ എന്നോണം അവരും പിൽക്കാലത്ത് സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടി.
ആ പരിപാടികളുടെ ഭാഗമായാണ് ഫിറോസ് ഗാന്ധി നെഹ്റു കൂടുംബവുമായി പരിചയപ്പെടുന്നത്. സ്വതന്ത്രസമരപോരാട്ടങ്ങളോട് ഐക്യപ്പെട്ട് കമല നെഹ്റു വാനര സേന എന്ന സംഘടനയിൽ സജീവമായിരുന്ന കാലം. ഒരിക്കൽ തന്റെ കോളേജിന് സമീപം വാനരസേനയുടെ പരിപാടികൾ നടക്കുമ്പോൾ കാണാൻ ഫിറോസുമുണ്ടായിരുന്നു. കമലയുടെ പ്രകടനം ഫിറോസിനെ ആവേശഭരിതനാക്കി. ഇതിനിടയിൽ കമല കുഴഞ്ഞുവീണു. കണ്ടു നിന്ന ഫിറോസ് ഓടിയെത്തി അവരെ പരിചരിച്ചു. പിറ്റേദിവസം തന്നെ പഠനം ഉപേക്ഷിച്ച് അദ്ദേഹം വാനരസേനയിൽ അംഗത്വമെടുത്തു.
ഇതോടെ ഫിറോസ് കമല നെഹ്റുവുമായി കൂടുതൽ അടുത്തു. ക്ഷയരോഗിയായിരുന്നു അവർ. അന്ന് ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയില്ല. പക്ഷേ ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച് ഭാര്യക്ക് കൊടുക്കണം എന്ന് നിർബന്ധബുദ്ധിയുള്ള ആളായിരുന്നു നെഹ്റു. അങ്ങനെ കമല ലണ്ടനിലേയ്ക്ക് കൊണ്ടുപോയി ചികിൽസിപ്പിച്ചു. ആ സമയത്ത് പഠന ആവശ്യങ്ങൾക്കായി ഫിറോസ് ലണ്ടനിൽ എത്തിയിരുന്നു. കമലയുടെ രോഗം മൂർച്ഛിച്ചപ്പോൾ പരിചരിക്കാൻ അദ്ദേഹം ഒപ്പം നിന്നു.
ഇരുവരുടെയും സൗഹൃദത്തെ പലരും തെറ്റിദ്ധരിക്കുന്ന സാഹചര്യമുണ്ടായി. കമലയുടെയും ഫിറോസിന്റെയും ബന്ധം പ്രണയമാണെന്ന് പലരും പറഞ്ഞു. എന്നാൽ എല്ലാ ആരോപണങ്ങളേയും അർഹിക്കുന്ന അവജ്ഞയോടെ നെഹ്റു തള്ളിക്കളഞ്ഞു. നോക്കുക, ലൈംഗിക ആരോപണങ്ങൾ എക്കാലവും നെഹ്റു കുടുംബത്തെ വേട്ടയാടിയിരുന്നു. 1933ൽ ഇന്ദിരയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ഫിറോസ് തുറന്നു പറഞ്ഞു. അന്ന് 16 വയസായിരുന്നു ഇന്ദിരയുടെ പ്രായം. എന്നാൽ ഫിറോസിന്റെ ആഗ്രഹം നടക്കില്ലെന്ന് ഇന്ദിരയും കമലയും കട്ടായം പറഞ്ഞു. പിന്നീട് കമല മരിച്ചതിന് ശേഷമാണ് ആ വിവാഹം നടക്കുന്നത്.
1936ൽ വെറും 36ാമത്തെ വയസ്സിലാണ് കമായാ നെഹ്റു മരിക്കുന്നത്. സ്വിറ്റ്സർലണ്ടിലെ ടിബി സാനിറ്റോറിയത്തിൽവച്ചായിരുന്നു അന്ത്യം. അന്ന് ഇന്ദിരയ്ക്ക് വെറും വയസ്സ് 18. ഭാര്യയുടെ മരണത്തിൽ നെഹ്റു ആകെ ഉലഞ്ഞുപോയി എന്നാണ് ജീവചരിത്രകാരന്മാർ എഴുതിയത്.
കാത്തിരുന്ന് തീർന്ന പ്രണയം
നെഹ്റവും എഡ്വീനയുമായുള്ള പ്രണയം ലോക പ്രശസ്തം ആയിരുന്നെങ്കിലും, നമ്മുടെ മൊയതീൻ- കാഞ്ചനമാല പ്രണയം പോലെ സഫലീകൃതമാവാത്ത ഒരു കാത്തിരിപ്പിന്റെ കഥ അധികം പേർക്ക് ഒന്നും അറിയില്ല. നെഹുവിന്റെ ജീവിതത്തിൽ അത്തരം ഒരു പ്രണയം ഉണ്ടായിട്ടുണ്ടെന്ന്, ദീർഘകാലം സെക്രട്ടറിയായിരുന്ന എ ഒ മത്തായി അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് സരോജിനി നായിഡുവിന്റെ മകളുമായിരുന്നു പത്മജ നായിഡുമായിട്ടായിരുന്നു.
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച, വലിയ പ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയാണ് പത്മജ. അന്താരാഷ്ട്ര റെഡ്ക്രോസിലും ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിനിടെയാണ് ഇവർ പരിചയപ്പെടുന്നും അടുക്കുന്നതും. പക്ഷേ ഇത് വലിയ പ്രശ്നത്തിലേക്കപോയി. പത്മജാ നായിഡുവിനെ ഒരേ സമയം നെഹ്റുവും സുഭാഷ് ചന്ദ്രബോസും പ്രണയിച്ചിരുന്നുവെന്ന് പലരും എഴുതിയിട്ടുണ്ട്. ഇവർ പരസ്പരം അയച്ച കത്തുകൾ പോലും പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിഭാര്യനായ നെഹ്റു പത്മജനായിഡുവിൻെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചുവെന്നാണ് എല്ലാ ജീവചരിത്രകാരന്മാരും പറയുന്നത്. ബുദ്ധിയിലും സമാർഥ്യത്തിലും വിവേകത്തിലും പത്മജ നെഹ്റുവിന് പറ്റിയ പങ്കാളി ആയിരുന്നു.
പക്ഷേ മകൾ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. മകളുടെ ശാഠ്യത്തിനുമുന്നിൽ നെഹ്റു കീഴടങ്ങി. പത്മജാ നായഡിവാകട്ടെ അവിവാഹിതയായി കാത്തിരിക്കാൻ തീരുമാനിച്ചു. ആ കാത്തിരിപ്പ് അനന്ദമായി നീണ്ടുപോയി. നെഹ്റു ജയിലിൽ പോകുന്നു. 45ൽ മോചിതനാവുന്നു. പ്രധാനമന്ത്രിയാവുന്നു. ആകെ തിരക്കലാവുന്നു. അങ്ങനെ കാലം കടന്നുപോയി. ആ പ്രണയം ഒരിക്കലും പൂവണിഞ്ഞില്ല.
1956ൽ പത്മജയെ നെഹ്റു പശ്ചിമബംഗാൾ ഗവർണ്ണറാക്കി. അത് ഒരു സ്വജനപക്ഷപാതം ആയിരുന്നില്ല. അതിനുള്ള എല്ലാ കഴിവുകളും അവർക്ക് ഉണ്ടായിരുന്നു. 64ൽ ഇന്ത്യയെ മുഴുവൻ സങ്കടക്കടലിലാക്കി നെഹ്റു വിടവാങ്ങി. 67ൽ ബംഗാളിൽ രണ്ടു ടേം ഗവർണ്ണർ സ്ഥാനം തീർന്ന് പത്മജ ഡൽഹിയിൽ തിരിച്ചെത്തി. അപ്പോൾ ഇന്ദിരാ ഗാന്ധിയാണ് പ്രധാനമന്ത്രി. അവർക്ക് ഈ കാര്യങ്ങൾ നന്നായി അറിയാമായിരുന്നു. നെഹ്റുവിന്റെ സ്മരണകൾ ജ്വലിക്കുന്ന തീൻ മൂർത്തി ഭവന്റെ അടുത്ത് താമസിക്കാൻ പത്മജയെ ഇന്ദിരാഗാന്ധി അനുവദിച്ചു. ശിഷ്ടകാലം മുഴുവൻ അവർ അവിടെ, ഒരു ദുരന്ത പ്രണയത്തിലെ നായികയെപ്പോലെ നെഹ്റുവിനെ ഓർത്ത് ജീവിതം കഴിച്ചു. 1975ൽ അവിടെവെച്ചുതന്നെ മരിച്ചു. ശവദാഹച്ചടങ്ങിൽ ഇന്ദിരാഗാന്ധി ആദ്യവസാനം പങ്കെടുത്തു. ഇന്ദിര ഏറെ സങ്കടത്തിൽ ആയിരുന്നെന്നാണ് അവരുടെ പൊതു സഹൃത്തുക്കൾ എഴുതി. മരണശേഷം പരലോകത്ത്വെച്ച് അവർ ഒന്നായി കാണും എന്നാണ് പലരും എഴുതിയത്. നെഹ്റുവും പത്മജയുമായുള്ള കത്തുകളും പിൽക്കാലത്ത് പ്രസിന്ധീകരിക്കപ്പെട്ടിട്ടുണ്ട്.
എഡ്വീനയുമായി പരിശുദ്ധ പ്രണയം
അന്നും ഇന്നും പാപ്പരാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയം ആയിരുന്നു നെഹ്റുവും എഡ്വീന മൗണ്ട് ബാറ്റണും തമ്മിലുള്ള പ്രണയം. മൗണ്ട് ബാറ്റൺ പ്രഭു ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയായി ഉപഭൂഖണ്ഡത്തിലേക്ക് കടന്നുവന്നപ്പോൾ അദ്ദേഹം തനിച്ചായിരുന്നില്ല. കൂടെ പത്നി എഡ്വിനയുമുണ്ടായിരുന്നു. 1947 മാർച്ചുമാസത്തിലായിരുന്നു എഡ്വിന ഇന്ത്യയിലേക്ക് എത്തുന്നത്. അതീവ സുന്ദരിയും, തെളിഞ്ഞപ്രജ്ഞയ്ക്ക് ഉടമയുമായിരുന്നു അവർ.
അന്ന് പതിനെട്ടുവയസ്സായ ഒരു മകളുണ്ട് എഡ്വിനയ്ക്ക്. പേര് പമേല. തന്റെ അമ്മയ്ക്കും നെഹ്‌റുവിനും ഇടക്ക്, ഒരു പ്രധാനമന്ത്രിക്കും ഗവർണർജനറലിന്റെ ഭാര്യക്കും ഇടയിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്വകാര്യമായ ഒരു അടുപ്പമുണ്ടായിരുന്നു എന്ന് പമേല തന്റെ 'ഡോട്ടർ ഓഫ് ആൻ എംപയർ, മൈ ലൈഫ് വിത്ത് മൗണ്ട് ബാറ്റൺ' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. പണ്ഡിറ്റ് നെഹ്‌റുവിനും തന്റെ അമ്മയ്ക്കുമിടയിൽ പ്രണയമുണ്ടായിരുന്നു എന്നുതന്നെയാണ് ആ മകൾ സാക്ഷ്യപ്പെടുത്തുന്നത്. ഇംഗ്ലീഷിൽ 'സോൾ മേറ്റ്സ്' എന്നൊക്കെ പറയുന്നത് ഈ ലോകത്തിൽ ആരുടെ കാര്യത്തിലെങ്കിലും പൂർണ്ണമായ അർത്ഥത്തിൽ സത്യമാണെന്നുണ്ടെങ്കിൽ അത് തന്റെ അമ്മയുടെയും നെഹ്‌റുവിന്റെയും കാര്യത്തിലാവും എന്ന് അവർ പറയുന്നു.
പമേലയുടെ അച്ഛനും അമ്മയും നേർവിപരീത പ്രകൃതക്കാരായിരുന്നു. 'അച്ഛൻ ആരോടും എളുപ്പത്തിൽ സൗഹൃദം സ്ഥാപിച്ചെടുക്കും, അമ്മയാണെങ്കിൽ ആകെ ഉൾവലിഞ്ഞ പ്രകൃതക്കാരിയും. അവർക്കിടയിൽ യാതൊരുവിധ അലോസരങ്ങൾക്കും ഇടമുണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും നല്ല ദമ്പതിമാരിൽ അവർക്കും സ്ഥാനമുണ്ട്. എന്നാൽ, ലോർഡ് മൗണ്ട് ബാറ്റൺ എന്ന വൈസ്രോയിയുടെ തിരക്കിട്ട ഔദ്യോഗികജീവിതത്തിൽ അവർക്ക് ആകെ ഏകാന്തത അനുഭവപ്പെട്ടിരുന്നു. ഭർത്താവ് എന്ന നിലയിൽ അച്ഛന്റെ ശ്രദ്ധ വേണ്ടത്ര കിട്ടാതെ പോകുന്നു എന്നൊരു അസംതൃപ്തി അല്പസ്വല്പം ഉണ്ടായിരുന്നു അമ്മയുടെ ഉള്ളിൽ. അത് നിഷേധിച്ചുകൂടാ.'
അങ്ങനെ, തന്റെ നാല്പതുകളുടെ മധ്യത്തിൽ, വൈകാരികമായി ആകെയൊരു ഏകാകിത്വം അനുഭവിച്ചുകൊണ്ടിരുന്ന എഡ്വിനയ്ക്ക് മുന്നിലേക്കാണ് സൗമ്യസ്വഭാവിയും, ലോലഹൃദയനും, അതിസുന്ദരനും, അത്യാകർഷകമായ വ്യക്തിത്വത്തിനുടമയുമായ ജവഹർലാൽ നെഹ്‌റുവിനെ വിധി കൊണ്ടുചെന്നു നിർത്തുന്നത്. ആ മാസ്മരികവ്യക്തിപ്രഭാവത്തിനു മുന്നിൽ മൂക്കുംകുത്തി വീണുപോകുന്നുണ്ട് എഡ്വിന.
ബ്രിട്ടനിലെ ഹാരോയിലും, കേംബ്രിഡ്ജിലും ലണ്ടനിലെ ഇന്നർ ടെംപിളിലും ഒക്കെ പഠിച്ചിറങ്ങിയ ഒരു പച്ചപ്പരിഷ്‌കാരിയായിരുന്നു ജവഹർലാൽ. പരന്നവായനയ്ക്കുടമ. തികഞ്ഞ വിവേകി, തുറന്ന മനസ്സോടുകൂടിയ ഒരു മനീഷി. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ആദ്യ പകൽ പിന്നിടുമ്പോഴേക്കും, മൗണ്ട്ബാറ്റണും, എഡ്വിനയുമായി നെഹ്‌റു അടുത്ത സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. ജീവിതത്തിന്റെ സായാഹ്നത്തിൽ, തീർത്തും ഏകാന്തമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കുകയായിരുന്നു ജവഹർലാൽ നെഹ്റുവും അക്കാലത്ത്. ഭാര്യ മരിച്ചിട്ട് ഒരു പതിറ്റാണ്ടിലധികം കാലമായിരുന്നു.
ഏറെ വിരസമായ ഒരു ജീവിതത്തിനിടയ്ക്കാണ്, വിടർന്ന കണ്ണുകളോടെ തന്റെ വാക്കുകളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുന്ന അതിസുന്ദരിയായ ഒരു കേൾവിക്കാരിയെ അദ്ദേഹത്തിന് വീണുകിട്ടുന്നത്. നെഹ്‌റുവിന് പറയാനുണ്ടായിരുന്നതെല്ലാം എഡ്വിനയ്ക്ക് കേൾക്കാൻ താത്പര്യമുള്ള വിഷയങ്ങളായിരുന്നു. സുദീർഘമായ സംഭാഷണങ്ങളിൽ മുഴുകാനുള്ള അവസരങ്ങൾ അവർക്ക് അക്കാലത്ത് ഇടയ്ക്കിടെ കിട്ടിക്കൊണ്ടിരുന്നു.
ഇരുവർക്കുമിടയിൽ ആത്മബന്ധത്തിന്റെ തീപ്പൊരികൾ വീഴുന്നതിന് പതിനെട്ടുകാരിയായ മകൾ പമേല സാക്ഷിയായി. അതിന്റെ വിശദാംശങ്ങൾ അവർ തന്റെ ഡയറിയിൽ പകർത്തി. പിൽക്കാലത്ത് ആ ഓർമ്മകൾ അവരുടെ ആത്മകഥയുടെ ഭാഗമായി. അന്യഥാ നിരർത്ഥകമായി കഴിച്ചുകൂട്ടിക്കൊണ്ടിരുന്ന സ്വന്തം ജീവിതങ്ങളിലെ ശൂന്യതകളിലേക്ക് അവർ പരസ്പരം ആവാഹിച്ചു. അതൊരിക്കലും പക്ഷേ, മാംസനിബദ്ധമായിരുന്നില്ല എന്ന് പമേല ഉറപ്പിച്ചു പറയുന്നുണ്ട് തന്റെ പുസ്തകത്തിൽ. 'ഇന്നത്തെക്കാലത്ത് ഒരാണും പെണ്ണും തമ്മിൽ ബന്ധം സ്ഥാപിച്ചു എന്ന് പറഞ്ഞാൽ ഉടനെത്തന്നെ ആളുകൾ അവർ തമ്മിൽ സെക്സിലേർപ്പെട്ടു എന്നാവും ധരിക്കുക. എന്നാൽ, അങ്ങനെ അല്ലാത്ത ബന്ധങ്ങളുണ്ടായിരുന്ന കാലവുമുണ്ടായിരുന്നു ഒരിക്കൽ. ഇന്നത്തെ തലമുറക്ക് ചിലപ്പോൾ ഞാനീ പറയുന്നത് അവിശ്വസനീയമായി തോന്നാം. അങ്ങനെ സാധിക്കും. ശരീരങ്ങൾ പങ്കുവെക്കാതെ തന്നെ ഒരാണിനും പെണ്ണിനും തമ്മിൽ വളരെ കടുത്ത പ്രണയത്തിൽ ഏർപ്പെടാൻ കഴിയും. അതിന്റെ ഏറ്റവും വലിയ മാതൃകകളായിരുന്നു എന്റെ അമ്മയും, നെഹ്റുവും. നെഹ്റുവും അമ്മയും ഇനി അങ്ങനെ വേണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിനുമാത്രം സ്വകാര്യത അവരുടെ ജീവിതത്തിൽ കിട്ടാൻ പ്രയാസമായിരുന്നു.' പമേല ഓർക്കുന്നു.
അത്യപൂർവമായ ആ ആജന്മസൗഹൃദത്തിനും പ്രണയത്തിനും പക്ഷേ, വെറും പത്തുമാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. 1948 ജൂൺ മാസത്തോടെ ലോർഡ് മൗണ്ട് ബാറ്റൺ ഗവർണർ ജനറൽ പദവി ഉപേക്ഷിച്ച് ഇന്ത്യയിൽ നിന്ന് തിരികെ ജന്മനാടായ ബ്രിട്ടനിലേക്ക് പോകാൻ തീരുമാനിക്കുന്നു. പോകുന്നതിനു മുമ്പ് എഡ്വിന തന്റെ കയ്യിലുണ്ടായിരുന്ന ഒരു മരതകക്കല്ലുവെച്ച മോതിരം നെഹ്‌റുവിനായി സമ്മാനിച്ച് പോകുന്നുണ്ട്. നേരിട്ട് കൊടുക്കുന്നില്ല എഡ്വിന അത്.
നെഹ്‌റു ജനിച്ചത് ഇന്ത്യയിലെ സാമാന്യത്തിലധികം സമ്പന്നമായ ഒരു കുടുംബത്തിലായിരുന്നു എങ്കിലും, കോൺഗ്രസ് പാർട്ടിയുമായും, സ്വാതന്ത്ര്യസമരവുമായുമുള്ള ഇടപെടലുകൾ നിമിത്തം സ്വന്തമെന്ന് സ്വത്തൊന്നുമില്ലാത്ത അവസ്ഥയിലായിരുന്നു അദ്ദേഹം. ആരെങ്കിലും എന്നെങ്കിലും എന്തെങ്കിലുമൊക്കെ സമ്മാനിച്ചിട്ടുണ്ടെങ്കിൽ തന്നെ, അതൊക്കെ വിറ്റുകാശാക്കി അതും പാർട്ടിക്കും പാവപ്പെട്ടവർക്കും വേണ്ടിത്തന്നെ ചെലവിടുന്ന പ്രകൃതമായിരുന്നു നെഹ്റുവിന്റേത്. അത് എഡ്വിനയ്ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സമ്മാനം അവർ ഏൽപ്പിച്ചത് നെഹ്‌റുവിനെയല്ല, മകൾ ഇന്ദിരയെയാണ്. എഡ്വിന ഇന്ദിരയോട് ഇങ്ങനെ പറഞ്ഞു, 'നിന്റെ അച്ഛന് ഇതുകൊടുത്തിട്ടുപോകാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ, അത് ആ കയ്യിൽ ഇരിക്കില്ല എന്നെനിക്കറിയാം. ഇന്ദു ഇത് ഒരിക്കലും വിൽക്കരുത്. നഷ്ടപ്പെടുത്താതെ സൂക്ഷിക്കണം. എന്നെങ്കിലും അച്ഛന് സാമ്പത്തികമായ എന്തെങ്കിലും ബുദ്ധിമുട്ടു വരുന്നപക്ഷം, ഈ മോതിരം വിറ്റുകിട്ടുന്ന കാശ് അദ്ദേഹത്തിന് നൽകണം... ചെയ്യുമോ?'
അന്ന് തമ്മിൽ പിരിഞ്ഞു എങ്കിലും അവർ തമ്മിൽ മുടങ്ങാതെ കത്തുകളിലൂടെ സംവദിച്ചുപോന്നു. തുടക്കത്തിൽ ദിവസത്തിൽ ഒരു കത്തുവീതം. പിന്നെ ഒന്നരാടൻ ദിവസം. പോകെപ്പോകെ ആഴ്ചയിൽ ഒരിക്കലെങ്കിലും. എഡ്വിനയ്ക്കുള്ള നെഹ്റുവിന്റെ കത്തുകൾ ഡയറിക്കുറിപ്പുകൾ പോലെയായിരുന്നു. നിത്യം നെഹ്‌റു അവ എഴുതി. തന്നെ കാത്തിരിക്കുന്ന കേൾവിക്കാരിക്ക് നെഹ്‌റു തന്റെ ജീവിതത്തിലെ ഓരോ തുടിപ്പുകളും കടലാസിൽ പകർത്തിയയച്ചു. ഓരോ കത്തിനും എഡ്വിന മുടങ്ങാതെ മറുപടികളും അയച്ചുപോന്നു.തന്റെ ജീവിതത്തിന്റെ ശിഷ്ടകാലം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി നീക്കിവെച്ച എഡ്വിന 1960 -ൽ മരിക്കും വരെയും നെഹ്റുവിനോടുള്ള ഈ എഴുത്തുകുത്തുകൾ തുടർന്നു എന്ന് മകൾ പമേല ഹിക്ക്സ് തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
'ശ്രദ്ധമാതയിൽ ഒരു കുഞ്ഞ് ജനിച്ചു'
ഇന്ത്യൻ ഗോസിപ്പ് വ്യവസായത്തിലെ ഒരു പ്രാധനഘടകം തന്നെയായിരുന്നു എക്കാലവും നെഹ്റു. മറ്റ് പല സ്ത്രീകളുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ പലപ്പോഴും വാർത്തകളായി. സാമൂഹിക പ്രവർത്തകയും ഗാന്ധിജിയുടെ ഉറ്റ സഹ പ്രവർത്തകയും ആയിരുന്ന, മൃദുല സാരാഭായിയും നെഹ്റുമായി പ്രണയത്തിലാണെന്ന് ഇതിനുശേഷം കഥകൾ പരന്നും. വിക്രം സാരാഭായിയുടെ സഹോദരിയാണ് മൃദുല സാരാഭായി. ദീർഘകാലം നെഹ്റുവിന്റെ സെക്രട്ടറിയായിരുന്ന, തിരുവല്ലക്കാരൻ എം എം മത്തായിയുടെ പുസ്തകത്തിൽ 'നെഹ്റു ആൻഡ് വിമൻ' എന്ന അധ്യായത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.
അതുപോലെ ശ്രദ്ധമാത എന്ന സന്യാസിനിയിൽ നെഹുവിന് ഒരു കുഞ്ഞ് ജനിച്ചു എന്ന് ഗുരുതരമായ ആരോപണവും 'റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജ്' എന്ന പുസ്തകത്തിൽ മത്തായി ആരോപിക്കുന്നുണ്ട്. ഈ കുഞ്ഞിനെ ഒരു ആശ്രമത്തിൽ വളർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ഖുഷ്വന്തസിങ്ങിന് 79ൽ അനുവദിച്ച അഭിമഖുത്തിൽ ശ്രദ്ധമാത ഇത് നിഷേധിച്ചു. മത്തായിക്ക് അടികൊടുക്കണം എന്നാണ് അവർ പറഞ്ഞത്. സംഭവം വിവാദമായതോടെ പുസ്തകത്തിൽ നിന്ന് മത്തായി ഈ ആരോപണം പിൻവലിച്ചിരുന്നു. കുഞ്ഞുണ്ടായിരുന്നു പക്ഷേ അത് ചാപിള്ളയായിരുന്നു എന്നൊക്കെപ്പറഞ്ഞാണ് മത്തായി തടിയെടുത്തത്.
അതേസമയം നെഹ്റു കുടുംബത്തിൽനിന്ന് പുറത്തായതിന്റെ വൈരാഗ്യം മത്തായി എഴുതി തീർക്കുകയാണെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. വെറുമൊരു സ്റ്റേനോ ടൈപ്പിസ്റ്റിൽ നിന്ന് നെഹ്റുവിന്റെ സെക്രട്ടറിയായ വളർന്ന മത്തായി അഴിമതിയിലൂടെ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് നട്വർസിങ്ങിനെപ്പോലുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ മുമ്പ് ആരോപിച്ചത്.
മുൻ എം .പി. യായ സി.പി. മാത്യുവിന്റെ കീഴിൽ ടൈപ്പിസ്റ്റായാണ് മത്തായി തുടങ്ങിയത്.1946 ൽ നെഹ്റുവിന്റെ സ്റ്റാഫിൽ സ്റ്റെനോ ടൈപ്പിസ്റ്റായി. പിന്നീട് പ്രധാനമന്ത്രിയുടെ സ്പെഷ്യൽ അസിസ്റ്റന്റായി. ഇവിടെ നിന്നാണ് അഴിമതി ആരോപണത്തെത്തുടർന്ന് 1959 ൽ രാജിവെക്കേണ്ടി വന്നത്. തന്റെ അമ്മയുടെ പേരിൽ രൂപീകരിച്ച ചേച്ചമ്മ മെമോറിയൽ ട്രസ്റ്റുമായി ബന്ധപ്പെട്ട് നിഖിൽ ചക്രവർത്തി പുറത്തു കൊണ്ടു വന്ന അഴിമതി ആരോപണത്തെത്തുടർന്ന് അദ്ദേഹം പുറത്തായത്.
1978ൽ പുറത്തിറങ്ങിയ മത്തായിയുടെ 'റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജിൽ' 153ാം പേജിൽ 29ാം അധ്യായത്തെക്കുറിച്ച് പ്രസാധകന്റേതായി ഒരു കുറിപ്പുണ്ടായിരുന്നു. 'ഗ്രന്ഥകർത്താവിന്റെ വളരെ വ്യക്തിപരമായ അനുഭവം എഴുതിയത് അവസാനനിമിഷം ഗ്രന്ഥകർത്താവുതന്നെ പിൻവലിച്ചിരിക്കുന്നു.' എന്നായിരുന്നു കുറിപ്പ്. ഷി (അവൾ) എന്നുപേരിട്ട ഈ അധ്യായത്തിൽ ഇന്ദിരാ ഗാന്ധിയുമായുണ്ടായിരുന്നതെന്നു പറയുന്ന മത്തായിയുടെ 12 വർഷത്തെ അടുപ്പത്തെക്കുറിച്ചാണ് എഴുതിയത്. മഞ്ഞപ്പുസ്‌കത്തിന് സമാനമായിരുന്നു അതിലെ പരാമർശങ്ങൾ. ഇടക്ക് നെഹ്റു കുടുംബത്തിൽനിന്ന് ഇറങ്ങിയപ്പോൾ, അച്ചടിക്കാതെപോയ 'ഷീ' എന്ന അധ്യായം പകർപ്പ് എടുത്ത് ഡൽഹിയിലെ മാധ്യമ പ്രവർത്തകർക്ക് സാക്ഷാൽ മേനകാഗാന്ധി വിതരണം ചെയ്തിരുന്നു എന്നും വാർത്തയുണ്ടായിരുന്നു. മത്തായിക്ക് നെഹ്റു കുടുംബത്തോട് പകയുള്ളതിനാൽ തന്നെ അദ്ദേഹം പറയുന്നത് വിശ്വസിക്കാൻ കഴിയില്ല എന്ന് ഉറപ്പാണ്.
സ്ത്രീലമ്പടനാക്കാൻ ബോധപൂർവം ശ്രമം
കാൽപ്പനികനായ ഒരു മനുഷ്യന് പ്രണയം ഉണ്ടാവുക സ്വാഭാവികം. എന്നാൽ ഈ ആത്മബന്ധങ്ങളെയെല്ലാം മറ്റൊരു രീതിയിൽ ചിത്രീകരിച്ച് നെഹ്റുവിനെ ഒരു സ്ത്രീലമ്പടനാക്കി സ്വഭാവഹത്യ ചെയ്യാനാണ് സംഘപരിവാർ കഴിഞ്ഞ കുറച്ചുകാലമായി ആസുത്രിതമായി ശ്രമിക്കുന്നത്. നേരത്തെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റിനേയും അവരുടെ മകളേയും നെഹ്റു വാത്സല്യത്തോടെ ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ, ബിജെപി ഐ.ടി വിഭാഗം തലവൻ അമിത് മാൽവിയ മോശമായി പ്രചരിപ്പിത് വൻ വിവാദമായിരുന്നു. ഇതെല്ലാം നെഹ്റുവിന്റെ കാമുകിമാർ എന്ന രീതിയിലായിരുന്നു പ്രചാരണം. അവസാനത്തെ ഇന്ത്യൻ വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന്റെ ഭാര്യ എഡ്വീന മൗണ്ട്ബാറ്റൺ, അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ഭാര്യ ജാക്വിലിൻ കെന്നഡി, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണറായിരുന്ന സൈമണിന്റെ ഭാര്യ, മൗണ്ട് ബാറ്റൺഎഡ്വീന ദമ്പതികളുടെ മകൾ പതിനെട്ടുകാരി പമേല മൗണ്ട്ബാറ്റൺ എന്നിവർക്കൊപ്പമുള്ള നെഹ്റുവിന്റെ ചിത്രങ്ങളും അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു. ഇത് നെഹ്റുവിനെ ചിത്രവധം ചെയ്യാനുള്ള രീതിയായി വിലയിരുത്തലുക ഉണ്ടായി.
നേരത്തെ തന്നെ നൂറായിരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലുടെ നെഹ്റുവിന്റെ പൂർവികൾ മുസ്ലീങ്ങൾ ആയിരുന്നു എന്നൊക്കെയുള്ള നട്ടാൽ മുളക്കാത്ത നുണകൾ ഇവർ പ്രചരിപ്പിക്കുന്നുണ്ട്. 'ഖാൻ ഗാന്ധി ആയതെങ്ങനെ? നെഹ്റു എന്ന രാജ്യദ്രോഹിയായ മുസ്ലിം കുടുംബം എങ്ങനെ ഭാരതത്തിൽ അധികാരത്തിലെത്തി ഹിന്ദുവിനെ നശിപ്പിച്ചത് ഈ കോൺഗ്രസ് കുടുംബം.' എന്ന് വാചകങ്ങൾ എഴുതിയ പോസ്റ്റർ സഹിതമായിരുന്നു പ്രചാരണം. 2015ൽ 'ദ വോയസ് ഓഫ് നേഷൻ' എന്ന ഒരു വെബ്സൈറ്റിൽ നെഹ്റുവിന്റെ മുത്തച്ഛനായ ഗംഗാധർ നെഹ്റു ഒരു മുസ്ലിമാണ്. നെഹ്റു അലഹബാദിലെ ഒരു ചുവന്ന തെരുവിൽ ആണ് ജനിച്ചത് എന്നു തുടങ്ങുന്ന പല പരാമർശങ്ങളും ലേഖനത്തിൽ ഉൾപ്പെട്ടിരുന്നു.
എന്നാൽ അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ മാത്രമാണ് ഇവയെന്ന് ചരിത്രകാരന്മാർ പറയുന്നു. ''ദേശീയതയും രാജ്യസ്നേഹവും പ്രസംഗിക്കാനല്ലാതെ രാജ്യത്തിനു വേണ്ടി നെഹ്റു വിമർശകരുടെ പൂർവികർ യാതൊന്നും ചെയ്തിട്ടില്ല. ആ കൂട്ടരാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സംഭാവനകളെ അധിക്ഷേപിക്കാനും വിമർശിക്കാനും മുൻപിൽ നിൽക്കുന്നതെന്നും''- ചരിത്രകാരൻ ഇർഫാൻ ഹബീബ് വ്യക്തമാക്കുന്നു.
മാത്രമല്ല, ഇന്ത്യ നെഹ്റുവിനെ സ്നേഹിക്കുന്നത് അദ്ദേഹത്തിന്റെ പ്രണയിനികളെ എണ്ണി നോക്കിയല്ല. രാജ്യത്തിന് നൽകിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ നോക്കുമ്പോൾ എന്ത് ഗോസിപ്പ് അടിച്ചാലും, നെഹ്റുവിന്റെ തട്ട് ഉയർന്നുതന്നെ നിൽക്കും.
വാൽക്കഷ്ണം: നെഹ്റുവും എഡ്വീനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് പറഞ്ഞതാണ്, സദാചാര പൊലീസിനുള്ള എക്കാലത്തെയും മറുപടി. 'എഡ്വീന വളരെ സുന്ദരിയല്ലേ. അവൻ ( നെഹ്റു) അങ്ങനെ ഒരു സുഖം അനുഭവിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്താണ് കുഴപ്പം''.
റഫറൻസ്- എം ഒ മത്തായി- പുസ്തകം- റെമിനിസെൻസസ് ഓഫ് ദ നെഹ്രു എയ്ജ്
എം ഒ മത്തായി- മൈ ഡേസ് വിത്ത് നെഹ്റു
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ