- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്തോ! ജയിച്ച ഉടനെ നഗരസഭാ കാര്യാലയം കയ്യേറി ജയ് ശ്രീറാം ഫ്ളക്സ് ഉയർത്തി ആർഎസ്എസ്-ബിജെപി പ്രവർത്തകർ; നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ബിജെപി; പൊലീസിൽ പരാതി നൽകുമെന്ന് കോൺഗ്രസ്; കേരളത്തെ ഉത്തരേന്ത്യയാക്കരുതെന്ന് പറഞ്ഞ് വൻ പ്രതിഷേധവുമായി സോഷ്യൽ മീഡിയയും
പാലക്കാട്: പാലക്കാട് നഗരസഭയിൽ വിജയിച്ചതിന് പിന്നാലെ നഗരസഭ കാര്യാലയം കയ്യേറി ജയ് ശ്രീറാം ഫ്ളക്സുയർത്തി ആർഎസ്എസ്-ബിജെപി പ്രവർത്തകർ. സർക്കാർ ഓഫീസുകളിൽ മതവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ നടത്താൻ പാടില്ലെന്നിരിക്കെ വർഗ്ഗീയധ്രുവീകരണം നടത്താനായി നടത്തിയ ശ്രമം വിവാദമായിരിക്കുകയാണ്. നിയമലംഘനം നടത്തിയ സംഭത്തിൽ കേസെടുക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.പാലക്കാട് നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രമായിരുന്നു നഗരസഭ. രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്ക് നഗരസഭക്കകത്തേക്ക് കടക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഇതെല്ലാം മറികടന്നാണ് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നഗരസഭാ കാര്യാലയം കൈയേറിയത്.
ബിജെപി സംസ്ഥാന നേതാക്കളുടെയുൾപ്പെടെ അറിവോടെ അവരുടെ സാന്നിധ്യത്തിലാണ് നിയമലംഘനമെന്നും പരാതിയുണ്ട്.ഇതിനിടെ പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്താണ് പാലക്കാടാണെന്ന പരാമർശവുമായി ബിജെപി നേതാവ് രംഗത്തെത്തുകയും ചെയ്തിരുന്നു. വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള നീക്കം നടത്തിയ സംഭവത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്.
ബിജെപിയുടേത് നിയമവിരുദ്ധനടപടിയാണെന്നും നിയമവ്യവസ്ഥ തകർന്നതായും കോൺഗ്രസ് പ്രതികരിച്ചു. ഫ്ലക്സ് സ്ഥാപിച്ച നടപടി വർഗീയ വെല്ലുവിളിയാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ പറഞ്ഞു. പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് കേസ് എടുക്കാത്തത് എങ്കിൽ തങ്ങൾ പരാതി നൽകും. പാലക്കാട് എസ്‌പിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവം വൻ വിവദമായതോടെ വിശദീകരണവുമായി പാർട്ടി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ് രംഗത്തെത്തി. ഫ്ളക്സ് തൂക്കിയത് നേതൃത്വത്തിന്റെ അറിവോടെ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ടതില്ല. ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ നീക്കം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.അതിനിടെ സോഷ്യൽ മീഡിയയിലും ഈ ഫ്ളകസ് വലിയ വിവാദമായിട്ടുണ്ട്. കേരളത്തെ ഉത്തരേന്ത്യയാക്കരുതെന്ന് പറഞ്ഞ് നിരവധി പേരാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.
സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റും ആരോഗ്യ പ്രവർത്തകയുമായ ഡോ ഷിംനാ അസീസിന്റെ പോസ്റ്റ് ഇങ്ങനെയാണ്.
'ജയ് ശ്രീറാം' അഥവാ 'ശ്രീരാമൻ ജയിക്കട്ടെ' എന്നത് ഭാരതീയന്റെ ദേശീയമുദ്രാവാക്യമല്ല. ഹിന്ദുദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ ഭഗവാൻ ശ്രീരാമന് ജയ് വിളിക്കേണ്ട ആവശ്യം ഇവിടെയുള്ള എല്ലാ പൗരന്മാർക്കുമില്ല. അതൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസമാകട്ടെ, തികച്ചും വ്യക്തിപരവും സ്വകാര്യവുമായ ഒന്നും.അങ്ങനെയിരിക്കേ, കേരളത്തിലെ പാലക്കാട് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച ബിജെപി, മുനിസിപ്പൽ ഓഫീസിനു മുകളിൽ 'ജയ് ശ്രീറാം' എന്നെഴുതുകയും, ശിവജി രാജാവിന്റെ ചിത്രം തൂക്കിയിടുകയും ചെയ്തത് വരാനിരിക്കുന്ന വർഗീയ അടിച്ചേൽപ്പിക്കലുകളുടെ ദുസൂചനയല്ലാതെ മറ്റൊന്നുമല്ല.
പാലക്കാടും പന്തളവും സ്വന്തമാക്കിയ കാവിപ്പട പലയിടത്തും രണ്ടാം സ്ഥാനം വരെയെത്തിയെന്നതും അത്ര നിസാരമായെടുക്കാനാവില്ല. ജയിക്കുന്നത് ഇടതായാലും വലതായാലും ബിജെപി ആവരുതെന്ന ബോധ്യത്തിൽ നിന്നും മലയാളി പിന്നോട്ട് പോകുന്നതും ഒട്ടും നല്ലതിനല്ല. 'പാലക്കാട് നഗരം കേരളത്തിലെ ഗുജറാത്ത് ആണെന്ന' പ്രഖ്യാപനവും കൂട്ടത്തിൽ വന്നിട്ടുണ്ട്. പാലക്കാട് ഒരു ഓഫീസിന്റെ വെറും ചുമരായതിനെ കാണേണ്ട, നാളെ പല ചുമരുകളും ജീവിതവും വർഗീയത നക്കും. 'ജയ് ശ്രീറാം' എതിർക്കപ്പെടാത്തിടത്ത് മറ്റേതെങ്കിലും ഒരു മതത്തിലെ രണ്ട് വരികൾ തൽസ്ഥാനത്ത് വന്നിരുന്നെങ്കിലുള്ള പുകിൽ ആലോചിച്ച് നോക്കൂ. 'നോർമലൈസ്' ചെയ്യപ്പെടുകയാണ് പലതും, നമ്മളും അരുതാത്ത പലതിനോടും താദാത്മ്യം പ്രാപിക്കുകയാണ്.
നിശബ്ദത കൊണ്ട് എതിർക്കാതിരുന്നും ചിലപ്പോൾ ട്രോൾ ചെയ്തും നമ്മൾ നടന്ന കാലത്ത് നമുക്കിടയിലും വേരുകൾ ഊർന്നിറക്കാൻ അവർക്കായി. അവസാനം, ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലാകും കാര്യങ്ങൾ. സൂചനയാണ്. ദുസൂചന.
ടിറ്റോ ആന്റണിയുടെ പോസ്റ്റ് ചുവടെ
ഇത് ആർഎസഎസ് കാര്യാലയം അല്ല.. പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസ് ആണ്..ഒരു തദ്ദേശസ്വയംഭരണ ഓഫീസ്, ജനങ്ങൾ തിരഞ്ഞെടുത്തവരുടെ നഗരസഭ കാര്യാലയത്തിൽ ചെയ്യുന്ന അതിക്രമങ്ങൾ ആണിത്..നിയമ നിർമ്മാണ സഭ, നീതിന്യായ വകുപ്പ് എന്നു വേണ്ട എല്ലാം സംഘിവത്ക്കരിക്കുക..
അതാണവരുടെ നയം നിങ്ങൾ ബിജെപി യെ ജയിപ്പിച്ചാൽ നടക്കാൻ പോകുന്നത് ഇതാണ്..കേരളത്തിലെ നിയമസഭ മന്ദിരം ഇവർ ഇങ്ങനെ ആക്കും.. തിരുവനന്തപുരത്ത് ഇന്ന് സംഘികൾ ജയിച്ചിരുന്നെങ്കിൽ ഇത് അവിടെയും ആവർത്തിച്ചേനെ. കഴിഞ്ഞാഴ്‌ച്ച ബിജെപിക്ക് വോട്ട് ചെയ്ത് ഓരോരുത്തർക്കും ഉള്ള മുന്നറിയിപ്പാണ്..ഇന്ത്യയുടെ മതേതരത്വത്തിന് ബാധിച്ച കാൻസർ ആണ് ബിജെപി.
മറുനാടന് മലയാളി ബ്യൂറോ