- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡിഗ്രി പരീക്ഷയിലെ ആൾമാറാട്ടം വിദ്യാർത്ഥി സംഘടനയ്ക്ക് പുറത്താക്കി; പ്രണയവും ഒളിച്ചോട്ടവും യുവജന സംഘടനയിലും വില്ലനാക്കി; ചോരകുഞ്ഞ് വിവാദം പാർട്ടിക്കും തലവേദന; എസ് എഫ് ഐയിലും ഡിവൈഎഫ്‌ഐയിലും സിപിഎമ്മിലും നടപടിയെന്ന പേരുദോഷം ഇനി ജയചന്ദ്രന്; പേരൂർക്കട സദാശിവന്റെ മകനെ ആനാവൂർ തള്ളുമ്പോൾ
തിരുവനന്തപുരം: ജയചന്ദ്രൻ സദാശിവൻ -കമ്മ്യൂണിസ്റ്റ് വളർച്ചയ്ക്ക് ഏറെ സംഭാവനകൾ നൽകിയ വിപ്ലവ നേതാവിന്റെ മകൻ. സിപിഎമ്മിന്റെ സംസ്ഥാന സമിതിയിൽ വരെ എത്തിയ സിഐടിയു നേതാവായിരുന്നു പേരൂർക്കട സദാശിവൻ. വി എസ് അച്യുതാനന്ദന്റെ അതിവിശ്വസ്തൻ. ഈ കമ്മ്യൂണിസ്റ്റ് സിംഹത്തിന്റെ മകനാണ് ജയചന്ദ്രൻ. അച്ഛനെ പോലെ പാർട്ടിക്കാരനാവുകയായിരുന്നു ജയചന്ദ്രന്റെ മോഹം. സഹോദരൻ ദേശാഭിമാനിയിൽ ജോലിയുമായി പത്രപ്രവർത്തനത്തിൽ നിറഞ്ഞപ്പോൾ സദാശിവൻ പാർട്ടിയിൽ നിറഞ്ഞു. പക്ഷേ ജയചന്ദ്രന് വിധിച്ചത് സിപിഎമ്മിൽ നിന്നുള്ള പുറത്താക്കലാണ്. ഇതോടെ സിപിഎമ്മിലെ മുന്നേറ്റ സാധ്യതകൾ പൂർണ്ണമായും അടയുകയാണ്. എസ് എഫ് ഐയിലും ഡിവൈഎഫ്‌ഐയിലും സിപിഎമ്മിലും അച്ചടക്ക നടപടി നേരിട്ട വ്യക്തിയായി മാറുകയാണ് പേരൂർക്കടയിലെ ജയചന്ദ്രൻ.
എൺപതുകളുടെ തുടക്കത്തിൽ തലസ്ഥാനത്തെ എസ്എഫ്ഐയുടെ പ്രധാനിയായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ സമകാലികൻ. എംഎൽഎയും മന്ത്രിയും ആകുമെന്ന് ഏവരും വിധിയെഴുതിയ ജയചന്ദ്രന് യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിനിടെ തന്നെ അടിതെറ്റി. എസ് എഫ് ഐയിൽ നിന്ന് പുറത്തായി. സ്മിതാ ജെയിംസുമായുള്ള പ്രണയവും ഒളിച്ചോട്ടവും ഡിവൈഎഫ്‌ഐയിലും അച്ചടക്ക നടപടിക്ക് കാരണമായി. പതിയെ സിപിഎമ്മിൽ കടന്ന് നേതാവാകാനായി ശ്രമം. പേരൂർക്കട ഏര്യാ കമ്മറ്റി സെക്രട്ടറി സ്ഥാനമായിരുന്നു ആഗ്രഹിച്ചത്. ഇതിനിടെയാണ് ദത്തു വിവാദം എത്തുന്നത്. അതോടെ സിപിഎമ്മിൽ നിന്നും ജയചന്ദ്രന് നടപടി നേരിടേണ്ടി വന്നു. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ജയചന്ദ്രനെ ഇതോടെ കൈവിട്ടുവെന്നാണ് വ്യക്തമാകുന്നത്.
ദത്ത് വിവാദത്തിൽ അനുപമയുടെ പിതാവ് പി.എസ്. ജയചന്ദ്രനെതിരെ നടപടിയുമായി സിപിഎം എത്തുന്നത് പൊതു സമൂഹത്തിൽ പ്രതിച്ഛായ വീണ്ടെടുക്കാനാണ്. ലോക്കൽ കമ്മിറ്റിയിൽനിന്ന് ജയചന്ദ്രനെ നീക്കം ചെയ്യുകയും വിഷയത്തിൽ അന്വേഷണത്തിന് ഏരിയാ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും ജയചന്ദ്രനെ നീക്കം ചെയ്യാൻ തീരുമാനമായി. സിപിഎം. പേരൂർക്കട ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജയചന്ദ്രൻ. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ചേർന്നിരുന്നു. സ്ഥാനത്തുനിന്ന് ജയചന്ദ്രനെ നീക്കണമെന്നാണ് ഇന്ന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലെ മുഴുവൻ അംഗങ്ങളും ആവശ്യപ്പെട്ടത്. യോഗത്തിൽ ജയചന്ദ്രനും പങ്കെടുത്തിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലെ പഠനത്തിനിടെയാണ് ജയചന്ദ്രൻ ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. പേരൂർക്കട സദാശിവന്റെ മകൻ എന്ന ബാനറിൽ പഠനത്തിന് എത്തിയ ജയചന്ദ്രൻ അക്കാലത്ത് യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്ഐയുടെ മുഖമായിരുന്നു. വി ശിവൻകുട്ടിയോളം തലയെടുപ്പുള്ള നേതാവ്. മുമ്പ് ആറ്റിങ്ങലിൽ എംഎൽഎയായിരുന്ന ബി സത്യനായിരുന്നു അന്നത്തെ മറ്റൊരു പ്രധാന എസ്എഫ്ഐ മുഖം. ഇവരിൽ കുടുംബ പശ്ചാത്തലം ജയചന്ദ്രന് അനുകൂലമായിരുന്നു. അന്ന് തിരുവനന്തപുരത്തെ സിപിഎമ്മിലെ അവസാന വാക്ക് കാട്ടായിക്കോണം ശ്രീധരനായിരുന്നു.
പേരൂർക്കടയുടെ മകനോട് കാട്ടായിക്കോണത്തിന് വല്ലാത്ത താൽപ്പര്യവും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുടുംബ പശ്ചാത്തലത്തിൽ കെട്ടിയിറക്കിയ നേതാവിന് മുമ്പോട്ട് രാഷ്ട്രീയ കുതിപ്പുണ്ടാകുമെന്ന് ഏവരും കരുതി. പക്ഷേ അപ്രതീക്ഷിത ട്വിസ്റ്റ് ആ രാഷ്ട്രീയകഥയിൽ എത്തി. അങ്ങനെ ജയചന്ദ്രൻ എസ്എഫ്ഐയിൽ നിന്ന് പുറത്തായി എന്നതാണ് വസ്തുത. ഇതിന് ശേഷം പതിയെ ഡിവൈഎഫ്ഐയിൽ കയറിക്കൂടി. അപ്പോഴായിരുന്നു ഇഖ്ബാൽ കോളേജ് അദ്ധ്യാപകന്റെ മകളുമായുള്ള ഒളിച്ചോട്ടം. ഇതും ജയചന്ദ്രനെ അന്ന് പാർട്ടി വിരുദ്ധനാക്കി. ഡിവൈഎഫ് ഐയിൽ നിന്നും മാറ്റി. അന്ന് പേരൂർക്കട സദാശിവൻ എന്ന ശക്തനും മകനെതിരായ നടപടികളെ പിന്തുണച്ചു.
എൺപതുകളിൽ അൾമാറാട്ട കുറ്റമാണ് ജയചന്ദ്രനെ കുടുക്കിയത്. യൂണിവേഴ്‌സിറ്റി പരീക്ഷ മറ്റൊരാളെ കൊണ്ട് ജയചന്ദ്രൻ എഴുതിച്ചുവെന്നതായിരുന്നു ആരോപണം. യൂണിവേഴ്‌സിറ്റിയുടെ ഡീബാർ നേരിടേണ്ടി വന്നു ജയചന്ദ്രൻ. എന്നാൽ ഈ കേസിൽ താൻ നിരപരാധിയാണെന്നാണ് ജയചന്ദ്രൻ അന്ന് പറഞ്ഞിരുന്നത്. പാർട്ടി വിഭാഗീയതയുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ ഈ വിവാദം യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ മനാദണ്ഡങ്ങളെ പോലും മാറ്റി മറിച്ചു. ആൾമാറാട്ടത്തിനുള്ള സാധ്യതകൾ അടയ്ക്കാനുള്ള ആദ്യ സ്റ്റെപ്പ് ഈ വിവാദമുണ്ടാക്കി.
അക്കാലത്ത് ഹാൾടിക്കറ്റിൽ പരീക്ഷാർത്ഥിയുടെ ഫോട്ടോ ഉണ്ടാകുമായിരുന്നില്ല. ഈ പഴുതുപയോഗിച്ച് മറ്റൊരാൾ പരീക്ഷ എഴുതിയെന്നാണ് ആരോപണം. ഇതോടെ കൂടുതൽ കരുതൽ എടുക്കാൻ സർവ്വകലാശാലകൾ തയ്യാറായി. അങ്ങനെ ജയചന്ദ്രൻ കേസിന് ശേഷം ഹാൾടിക്കറ്റിൽ വിദ്യാർത്ഥികളുടെ ഫോട്ടോയും എത്തി. ഫോട്ടോ ഒത്തു നോക്കി പരീക്ഷ എഴുതിക്കുന്ന സംവിധാനത്തിലേക്ക് സർവ്വകലാശാലകൾ മാറി. അങ്ങനെ ജയചന്ദ്രൻ കേസ് വലിയ ചർച്ചയായി.
വിവാഹിതനായ ദളിത് ക്രൈസ്തവനുമായുള്ള മകളുടെ പ്രണയം അംഗീകരിക്കാൻ കഴിയാത്ത അച്ഛനാണ് 2021ൽ ജയചന്ദ്രൻ. എന്നാൽ ഏതാണ്ട് 25 കൊല്ലം മുമ്പുള്ള ജയചന്ദ്രന് പറയാനുള്ളത് പ്രണയത്തിന് വേണ്ടി വീറോടെ പൊരുതിയ കഥയാണ്. തൊടുപുഴയിൽ നിന്ന് പേരൂർക്കടയിൽ എത്തിയ കോളേജ് അദ്ധ്യാപകന്റെ കുടുംബം. ഒരു മകളും രണ്ട് ആൺകുട്ടികളും. എല്ലാവരും പഠനത്തിൽ മിടുക്കർ. തലസ്ഥാനത്തെ കോളേജിലെ അദ്ധ്യാപകനായിരുന്നു അച്ഛൻ. ഈ കുടുംബത്തിലെ കുട്ടിയെയാണ് പ്രണയത്തിൽ ജയചന്ദ്രൻ ജീവിത പങ്കാളിയാക്കിയത്. ഒളിച്ചോട്ടത്തിൽ വിവാഹം എത്തി. ഇത് പാർട്ടിക്ക് അംഗീകരിക്കാനായില്ല. അതായിരുന്നു ഡിവൈഎഫ് ഐ നേതാവിന് രാഷ്ട്രീയ തിരിച്ചടിക്കുള്ള കാരണം.
മറുനാടന് മലയാളി ബ്യൂറോ