തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ വ്യാജരേഖ ചമച്ച് ദത്ത് നൽകിയെന്ന കേസിൽ ഒന്നാം പ്രതി അനുപമയുടെ പിതാവ് പി. എസ്. ജയച്ചന്ദ്രന്റെ ജാമ്യ ഹർജിയിൽ കേസ് ഡയറിയും പൊലീസ് റിപ്പോർട്ടും 18 ന് ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ കോടതി ഉത്തരവ്. ഹർജി വാദം കേട്ട് തീർപ്പു കൽപ്പിക്കാനായി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിയുടെ ചുമതല വഹിക്കുന്ന ജഡ്ജി മിനി . എസ്. ദാസ് ഏഴാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി എൽ. ജയവന്തിന് മെയ്ഡ് ഓവർ ചെയ്യുകയും ചെയ്തു.

പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളുവെന്നതാണ് ജയചന്ദ്രന്റെ ജാമ്യ ഹർജിയിലെ പ്രധാന വാദമെന്നാണ് സൂചന. മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല മറിച്ച് വളർത്താനാണ് ഏൽപ്പിച്ചതെന്ന് ജയചന്ദ്രൻ പറയുന്നു. ഈ വാദം ശിശുക്ഷേമ സമിതിയുടേതിന് എതിരാണ്. കുടുംബ കോടതിയിൽ ആരും കുട്ടിയെ ഏൽപ്പിച്ചിട്ടില്ലെന്നാണ് ശിശുക്ഷേ സമിതി പറയുന്നത്. അമ്മ തൊട്ടിലിൽ നിന്ന് കിട്ടിയതാണ് കുട്ടിയെ എന്നും വിശദീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ദത്തു കേസിൽ ജയചന്ദ്രന്റെ ജാമ്യ ഹർജിയിലെ വാദങ്ങളും പുതിയ വിവാദത്തിന് ഇടനൽകും.

നെയ്യാർ മെഡിസിറ്റിൽ കുട്ടിയുടെ അച്ഛന്റെ പേര് തെറ്റായി ചേർത്തത് അടക്കം വലിയ വിവാദങ്ങൾ ഉണ്ട്. ഇതെല്ലാം മറച്ചു വച്ച് സിപിഎമ്മിന്റെ മുതിർന്ന നേതാവായ പേരൂർക്കട കൃഷ്ണൻ കുട്ടിയുടെ മകനായ ജയചന്ദ്രന്റെ ജാമ്യം അനുവദിച്ചെടുക്കാൻ ചില കേന്ദ്രങ്ങൾ നീക്കം സജീവമാക്കിയിട്ടുണ്ട്. ജാമ്യം കിട്ടാതെ ഇത്രയും കാലം നടന്നിട്ടും ജയചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തില്ലെന്നതും നിർണ്ണായകമാണ്.

കുട്ടിക്കടത്തു കേസിൽ 2 മുതൽ 5 വരെപ്രതികളായ മാതാവും സഹോദരങ്ങളും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നവംബർ 2 ന് ഉപാധികളോടെ അനുവദിച്ചിരുന്നു. കുഞ്ഞ് എവിടെയുണ്ടെന്ന് പ്രതികൾ സ്വമേധയാ വെളിപ്പെടുത്തിയതിനാൽ കുഞ്ഞിനെ വീണ്ടടുക്കാൻ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. . അറസ്റ്റു ചെയ്യുന്ന പക്ഷം ഒരു ലക്ഷം രൂപയുടെ ജാമ്യ ബോണ്ടിൽ പ്രതികളെ വിട്ടയക്കണം. അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പടുത്തുവാനോ ചെയ്യരുതെന്നുമുള്ള ഉപാധികളോടെയാണ് ജഡ്ജി മിനി. എസ്. ദാസ് നവംബർ 2 ന് ജാമ്യം അനുവദിച്ചത്.

പഠിക്കാനയച്ച മകൾ ഗർഭിണിയായി മടങ്ങി വന്നാൽ ഏതൊരു രക്ഷകർത്താക്കളും ചെയ്യുന്നതേ തങ്ങളും ചെയ്തിട്ടുള്ളുവെന്ന വാദമായിരുന്നു പ്രതികൾ കോടതിയിൽ ബോധിപ്പിച്ചിരുന്നത്. തങ്ങൾ മകളെയും കുഞ്ഞിനെയും ദുരഭിമാന കൊല ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച് വളർത്താനാണ് എൽപ്പിച്ചത്. ഗർഭം ധരിച്ച് 8 മാസമായപ്പോഴാണ് മകൾ വിവരം പറയുന്നത്. മകളുമായി ലവ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞ അജിതും ചേർന്ന് കഴക്കൂട്ടം ഏ. ജെ. ആശുപത്രിയിൽ ചെന്ന് പ്രഗ്‌നൻസി സ്ഥിരീകരിച്ച ശേഷമാണ് തങ്ങളെ വിവരമറിയിച്ചത്. തങ്ങളുടെ ഇളയ മകളാണ് അനുപമ. അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ടില്ലാത്ത സമയമാണ് സംഭവങ്ങൾ നടക്കുന്നത്.

യാതൊരു ബലപ്രയോഗമോ ഭീഷണിയോ ഇല്ലാതെയാണ് അനുപമ രേഖകളിൽ ഒപ്പിട്ടത്. കട്ടപ്പനയിൽ 6 മാസം കൊണ്ടു നിർത്തിയത് അന്യായ തടങ്കലായി കാണാനാവില്ല. അനുപമയുടെ പൂർണ്ണ സമ്മതത്തോടെയായിരുന്നു. അതിനാൽ അന്യായ തടങ്കലിൽ താമസിപ്പിച്ചുവെന്ന എഫ് ഐ ആറിലെ കുറ്റം നിലനിൽക്കില്ല. ചേച്ചിയുടെ കല്യാണത്തിന് വളരെ സന്തോഷവതിയായാണ് അനുപമ നിന്നത്. തങ്ങളെ എല്ലാവരും കല്ലെറിയുമ്പോൾ ഇത് ചിന്തിക്കണമെന്നും കോടതിയിൽ ബോധിപ്പിച്ചു. ആൺ കുഞ്ഞിനെ പെൺ കുഞ്ഞാക്കി വ്യാജ രേഖകൾ തയ്യാറാക്കിയത് തങ്ങളല്ലെന്നും ആശുപത്രിയിലും തൈക്കാട് ശിശുക്ഷേമ സമിതിയിലും പൂജപ്പുര ചൈൽഡ് വെൽഫയർ കമ്മിറ്റിയിലും അപ്രകാരം കൃത്രിമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികളല്ല.

രണ്ടാഴ്ച മുമ്പ് അനുപമ കുടുംബകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണം മാതാപിതാക്കളെ ഏൽപ്പിച്ചതായാണ് പറഞ്ഞിരിക്കുന്നതെന്നും ലോക്കൽ പൊലീസ് തൊട്ട് ഡി ജി പി വരെയുള്ളവർക്ക് നൽകിയ പരാതിയിലും താൻ തന്റെ കുഞ്ഞിനെ മാതാപിതാക്കളുടെ സംരക്ഷണയിൽ ഏൽപ്പിച്ചതായാണ് പറഞ്ഞിട്ടുള്ളത്. ആന്ധ്രാപ്രദേശിൽ കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞതിനാൽ തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പ്രതികൾ ബോധിപ്പിച്ചു.

കുട്ടിക്കടത്തു കേസിൽ 2 മുതൽ 5 വരെ പ്രതികളായ അനുപമയുടെ മാതാവ് സ്മിത ജെയിംസ് , സഹോദരി അഞ്ജു , ഭർത്താവ് അരുൺ , അനുപമയുടെ പിതാവ് ജയച്ചന്ദ്രന്റെ സുഹൃത്ത് രമേശ് , പേരൂർക്കട വാർഡ് മുൻ കൗൺസിലർ അനിൽ കുമാർ എന്നിവരാണ് ജില്ലാ കോടതിയെ ആദ്യം സമീപിച്ചത്.