ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തുന്ന വ്യക്തമായ തെളിവ് വെള്ളിയാഴ്ച പുറത്തുവന്നു. നവംബർ 19ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശ പത്രികകളിൽ പാർട്ടി ജനറൽ സെക്രട്ടറികൂടിയായ ജയലളിതയുടെ ഒപ്പിനുപകരം ഇടതു വിരലിന്റെ മുദ്രയാണുള്ളത്. മുഖ്യമന്ത്രി ട്രക്കിയോട്ടമിക്ക്(ശ്വാസ നാളത്തിൽ ട്യൂബിന്റെ സഹായത്തോടെയുള്ള ശ്വസനപ്രക്രിയ) ക്ക് വിധേയയായിരിക്കുകയാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രവും ഇതിനൊപ്പമുണ്ട്.

വലതുകൈ ഉപയോഗിച്ച് ഒപ്പിടാനാവില്ലെന്നും അതുകൊണ്ട് തന്റെ സാന്നിധ്യത്തിൽ ഇടതു വിരലടയാളം പതിപ്പിച്ചിരിക്കുകയാണെന്നും സാക്ഷ്യപത്രത്തിൽ പറയുന്നു. മദ്രാസ് മെഡിക്കൽ കോളേജിലെ മിനിമൽ ആക്‌സസ് സർജറി വിഭാഗം മേധാവി പ്രൊഫ. പി.ബാലാജിയാണ് ഒക്ടോബർ 27ന് വ്യാഴാഴ്ച ഈ സാക്ഷ്യപത്രത്തിൽ ഒപ്പിട്ടിട്ടുള്ളത്. മുഖ്യമന്ത്രി ട്രക്കിയോട്ടമിക്ക് വിധേയയായതിന് ആദ്യമായാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുന്നത്. തമിഴ്‌നാട്ടിൽ മൂന്നിടങ്ങളിലും പുതുച്ചേരിയിൽ ഒരിടത്തുമാണ് തിരഞ്ഞെടുപ്പ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷട്രീയപാർട്ടികളുടെ സ്ഥാനാർത്ഥികൾ തങ്ങളുടെ പാർട്ടി പ്രതിനിധികളാണെന്നുള്ളതിന് പാർട്ടി മേധാവിയുടെ സാക്ഷ്യപത്രം നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഡോക്ടർക്ക് കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നത്. എ.ഐ.എ.ഡി.എം.കെ.യുടെ ഭരണ ഘടനപ്രകാരം പാർട്ടി സ്ഥാനാർത്ഥികൾക്ക് പാർട്ടി ജനറൽസെക്രട്ടറി കൂടിയായ ജയലളിതയാണ് സാക്ഷ്യപത്രം നൽകേണ്ടത്. വെള്ളിയാഴ്ചയാണ് എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിനൊപ്പമാണ് നിർണ്ണായക രേഖയുമുള്ളത്. ജയലളിതയ്ക്ക് ഓർമ്മയുണ്ടെന്ന് സമ്മതിക്കുക കൂടിയാണ് ഈ സത്യവാങ്മൂലം.

തമിഴ്‌നാട്ടിലെ അരവാക്കുറിച്ചിയിൽ സെന്തിൽ ബാലാജിയും തഞ്ചാവൂരിൽ എം. രംഗസാമിയും തിരുപ്പുറൻകുണ്ട്രത്ത് എ.കെ. ബോസും പുതുച്ചേരിയിലെ നെല്ലിത്തോപ്പിൽ ഓംശക്തിശേഖറുമാണ് എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥികളായി പത്രിക നൽകിയത്. സപ്തംബർ 22നാണ് ജയലളിതയെ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിന് ശേഷം ജയലളിതയുടെ ആരോഗ്യനിലയേയും ചികിൽസാ അവസ്ഥയേയും കുറിച്ച് വിവരമൊന്നും പുറത്തുവന്നിരുന്നില്ല. ഇതിനാണ് സത്യവാങ്മൂലം അവസാനമിടുന്നത്.

അതിനിടെ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി ജയലളിത ഉടൻ വീട്ടിലേക്ക് മടങ്ങുമെന്ന് അണ്ണാ ഡി.എം.കെ ആവർത്തിച്ച് വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി പാർട്ടി വക്താവ് സി.ആർ. സരസ്വതി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ദീപാവലിക്ക് മുമ്പ് ആശുപത്രി വിടുമെന്നാണ് അണ്ണാ ഡി.എം.കെ അനൗദ്യോഗികമായി അവകാശപ്പെടുന്നത്. എന്നാൽ, എപ്പോൾ ആശുപത്രി വിടുമെന്ന കാര്യം ഡോക്ടർമാരാണ് തീരുമാനിക്കേണ്ടതെന്ന് ആശുപത്രി വൃത്തങ്ങൾ പ്രതികരിച്ചു.

ആന്തരാവയവങ്ങളിലെ അണുബാധ നിയന്ത്രിക്കാനുള്ള ചികിത്സ അമ്പത് ശതമാനം വിജയം കണ്ടതായാണ് അറിയുന്നത്. കരൾ, വൃക്ക തുടങ്ങിയവയുടെ അണുബാധ നിയന്ത്രണ വിധേയമായി. ശ്വസനേന്ദ്രിയത്തിലെ അണുബാധ നിയന്ത്രണ വിധേയമായിട്ടില്ല. ഇതുമൂലം സ്വാഭാവികമായ ശ്വാസോഛാസത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കൃത്രിമ ശ്വാസോച്ഛ്വാസം ഇടവിട്ട് നൽകിവരുകയാണ്. ട്യൂബിന്റെ സഹായത്തോടെ ദ്രാവകരൂപത്തിലാണ് ഭക്ഷണം നൽകുന്നത്. തുടർച്ചയായി കിടക്കുന്നത് ശരീരം പൊട്ടാനുള്ള സാധ്യത ഒഴിവാക്കാൻ വാട്ടർബെഡ് ഉപയോഗിച്ച് ഫിസിയോതെറപ്പി നൽകിവരുന്നു. ജയലളിത ആശയവിനിമയശേഷിയിലേക്ക് എത്തിയതായും സൂചനയുണ്ട്.

നീലഗിരിയിൽ നിന്നത്തെിയ ബഡഗ സമുദായത്തിൽപെട്ട ആദിവാസി അംഗങ്ങൾ അപ്പോളോ ആശുപത്രിക്ക് മുന്നിൽ ആചാരപരമായ പ്രാർത്ഥന നടത്തി. നവംബർ 19ന് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും പുതുച്ചേരിയിലെ ഒരു മണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 18 മന്ത്രിമാരുൾപ്പെടെ 24 മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി ജയലളിതയുടെ പേരിൽ അണ്ണാ ഡി.എം.കെ പത്രക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.