തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി കേരളത്തിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച കേരള സർക്കാർ അവധി പ്രഖ്യാപിച്ചത്.

എം.ജി സർവ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. കേരള സർവ്വകലാശാലയും പരീക്ഷ മാറ്റി വച്ചു. തിങ്കളാഴ്ച രാത്രി 11.30 നാണ് ജയലളിത അന്തരിച്ചത്. അപ്പോളോ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് മരണവാർത്ത അറിയിച്ചത്. ജയലളിതയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചിച്ചു.

ഇന്ത്യ കണ്ട അസാധാരണത്വമാർന്ന രാഷ്ട്രീയ പ്രതിഭ: പിണറായി വിജയൻ

ഇന്ത്യ കണ്ട അസാധാരണത്വമാർന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സവിശേഷമായ നേതൃപാടവം, അത്യപൂർവമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കിയെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കേരളത്തോട് സവിശേഷ മമതാബന്ധം പുലർത്തിയിരുന്ന അവർ എന്നും തമിഴർക്കും മലയാളികൾക്കുമിടയിൽ സാഹോദര്യം നിലനിൽക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.
കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. ആ പ്രക്രിയയിൽ തമിഴ് ജനതയുടെ മനസ്സിൽ മായാത്ത മാതൃബിംബമായി അവർ ഉയർന്നു. ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവർ തമിഴ് ജനതയുടെയാകെ തന്നെ സ്‌നേഹവിശ്വാസങ്ങൾ ആർജിച്ചു.

ഒരു ജനതയുടെ മനസ്സിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാർ നമ്മുടെ രാജ്യത്ത് അധികമില്ല. പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവർ തെളിയിച്ചുകാട്ടി. എം ജി ആറിന്റെ മരണശേഷമുള്ള ഘട്ടത്തിൽ പ്രായോഗിക രാഷ്ട്രീയത്തിൽ ജയലളിതക്കു മുമ്പിൽ ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിർത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്‌നാട്ടിലെ എം ജി ആർ രാഷ്ട്രീയശൈലിയുടെ തുടർക്കണ്ണിയായി ജയലളിത ജനമനസ്സുകളിൽ സ്ഥാനം നേടി.

സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറൽ സ്പിരിറ്റ് ഉയർത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവർ സ്വന്തം നാടിന്റെ മനസ്സും ശബ്ദവുമായി നിലനിൽക്കുകയായിരുന്നു. അതിനെ തമിഴ് ജനത മനസ്സുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു.

ചലച്ചിത്രകലാരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്ടം രാഷ്ട്രീയരംഗത്തിന് മുതൽക്കൂട്ടായി എന്നു പറയാം. എന്തായാലും മികച്ച അഭിനേത്രി എന്ന നിലയിൽ ജയലളിത ചലച്ചിത്രരംഗത്തിനു നൽകിയിട്ടുള്ള സംഭാവനകൾ ഗൃഹാതുരത്വത്തോടെ ഓർക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്.

ദ്രാവിഡ രാഷ്ട്രീയത്തിന് കൃത്യമായ മാർഗനിർദ്ദേശം നൽകിക്കൊണ്ട് അതിനെ പുതിയ മാനങ്ങളിലേക്ക് ഉയർത്തിയ വ്യക്തി എന്ന നിലയിൽ രാഷ്ട്രീയചരിത്രം ജയലളിതയെ അടയാളപ്പെടുത്തുമെന്നത് നിശ്ചയമാണ്. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും സംസ്ഥാനാവകാശങ്ങൾ സംരക്ഷിക്കുന്ന വിധത്തിൽ കേന്ദ്രസംസ്ഥാന ബന്ധങ്ങളിൽ മാറ്റം വരുത്താൻ വേണ്ടി ഇടപെട്ട നേതാവ് എന്ന നിലയിലും ഒക്കെ ജയലളിതയുടെ സംഭാവനകൾ സ്മരിക്കപ്പെടും.

ജയലളിതയുടെ വിയോഗം മൂലമുണ്ടാകുന്നത് തമിഴ്‌നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്ടമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാഹോദര്യഭാവത്തോടെ അയൽപക്കത്ത് നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് നഷ്ടപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തിൽ പങ്കുചേരുന്നു. ഹൃദയപൂർവമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു.