ചെന്നൈ: എന്റെ ജീവിതം വലിയൊരു പോരാട്ടത്തിന്റേതായിരുന്നു. ഇതിനുള്ള ഊർജ്ജം കിട്ടിയത് ഈശ്വരവിശ്വാസത്തിൽ നിന്നും-ഇതായിരുന്നു വളർച്ചയുടെ വഴിയെ ജയലളിത അടയാളപ്പെടുത്തിയത്. വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും താരമായി മാറിയ ജയലളിത ഇന്നും ജനങ്ങളിൽ നിന്ന് അകലം പാലിച്ചുവെന്നതാണ് വസ്തുത. എന്നിട്ടും തമിഴ് ജനതയുടെ മനസ്സിലെ അമ്മയായി ജയലളിത മാറി. വിവാദങ്ങൾ തേടിയെത്തുമ്പോഴും തമിഴ് ജനത ജയലളിതയെ നെഞ്ചോട് ചേർത്തു. അവരുടെ ആരാധാനാ മൂർത്തിയായിരുന്നു ജയ. എന്ത് പരിഭവത്തിനും ഉത്തരം നൽകുന്ന അമ്മ.

ഒരിക്കലും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയില്ലെങ്കിലും അവർക്ക് പൊതു വികാരം തിരിച്ചറിയാൻ കഴിഞ്ഞു. അമ്മ കുപ്പിവെള്ളം മുതൽ അമ്മ റെസ്റ്റോറന്റ് വരെയുള്ള പദ്ധതികൾ നാട്ടുകാരുടെ ആകുലതകൾ തിരിച്ചറിഞ്ഞ് നടപ്പാക്കിയ പദ്ധതികളായിരുന്നു. കേരളത്തിൽ മന്ത്രിസഭാ തീരുമാനം അറിയിക്കാൻ മുഖ്യമന്ത്രിമാർ നടത്തുന്ന പതിവ് വാർത്താ സമ്മേളനം പിണറായി വിജയൻ വേണ്ടെന്ന് വച്ചത് വലിയ വിവാദമായിരുന്നെങ്കിൽ, 20112016 വർഷത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പത്രസമ്മേളനം നടത്തിയത് ഒരു തവണമാത്രമാണ്. ഒന്നുംജനങ്ങളോട് വിശദീകരിച്ച് കൈയടി നേടുന്ന രീതിയായിരുന്നില്ല അവരുടേത്. മറിച്ച് തന്റെ മനസ്സിലുള്ള ആശയങ്ങൾ അതേ പടി ഏകാധിപത്യ സ്വഭാവത്തോടെ നടപ്പാക്കി. അപ്പോഴും അതെല്ലാം നാടിന്റെ വികസനത്തിനുള്ള ചുണ്ടു പലകകളായി.

1980ലാണ് എംജിആർ ജയലളിതയ്ക്ക് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടിയിൽ അംഗത്വം നൽകുന്നത്. കരുണാനിധിയുടെ ഡിഎംകെയുമായി തെറ്റിപ്പിരിഞ്ഞ് എംജിആർ രൂപം നൽകിയ എഐഎഡിഎംകെ 1977ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയിരുന്നു. ജയലളിതയെ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചു കയറ്റിയ എംജിആറിന്റെ നടപടിയിൽ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുണ്ടായി. 1987ൽ എംജിആറിന്റെ മരണത്തോടെയാണു ജയലളിതയ്‌ക്കെതിരായ നീക്കങ്ങൾ മറനീക്കി പുറത്തുവന്നത്. എംജിആറിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ വിധവ ജാനകീ രാമചന്ദ്രനെ മുഖ്യമന്ത്രി കസേരയിലെത്തിച്ച് എതിർ പക്ഷം ജയലളിതയ്ക്ക് ആദ്യ അടി നൽകി. ഈ സമയം സംസ്ഥാന രാഷ്ട്രീയത്തിലേക്കു ശ്രദ്ധിക്കാൻ രാജ്യസഭാംഗത്വം ജയലളിത രാജിവച്ചിരുന്നു. ചേരിതിരിവു രൂക്ഷമായതോടെ പാർട്ടിയിൽ പിളർപ്പുണ്ടായി.

24 ദിവസം മാത്രമേ ജാനകീ രാമചന്ദ്രനു മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ കഴിഞ്ഞുള്ളൂ. 1988ൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനത്തു പിറ്റേക്കൊല്ലം തിരഞ്ഞെടുപ്പു നടത്തി. പാർട്ടിയിലെ പിളർപ്പു മുതലെടുത്ത് ഡിഎംകെ അധികാരത്തിൽവന്നു. ഈ സമയം പാർട്ടിക്കുള്ളിൽ തനിക്കു ശക്തമായ അടിത്തറയുണ്ടാക്കാൻ ജയലളിതയ്ക്കു കഴിഞ്ഞു. ചാണക്യ തന്ത്രങ്ങളിലൂടെ രണ്ടു വർഷംകൊണ്ട് എഐഎഡിഎംകൈയ ജയലളിത തന്റെ വരുതിയിലെത്തിച്ചു. ഇതിനിടെ ജാനകീ രാമചന്ദ്രൻ രാഷ്ട്രീയത്തിൽനിന്നു പിന്മാറി. അങ്ങനെ 1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെ ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി. അഴിമതിക്കേസുകൾ കരിനിഴൽ പരത്താനെത്തിയെങ്കിലും തിരിച്ചടികൾ പാഠമാക്കി ജനത്തെ ജയലളിത കൈയിലെടുത്തു. തമിഴ്‌നാട് കണ്ട ഏറ്റവും ജനസ്വാധീനമുള്ള നേതാവെന്ന പേരും സ്വന്തമാക്കിയാണ് അമ്മ വിടവാങ്ങുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രവർത്തകർക്ക് ഹസ്തദാനം നടത്താൻ പോലും തയ്യാറാകാത്ത ജയലളിത, എല്ലാഴ്‌പ്പോഴും ജനങ്ങളിൽനിന്ന് അകലം പാലിച്ചാണ് പ്രവർത്തിച്ചിരുന്നത്. ബുള്ളറ്റ് പ്രൂഫ് കാറിൽ മാത്രമായിരുന്നു യാത്ര. എന്നിട്ടും പാർട്ടിപ്രവർത്തകരുടെ മനസിലായിരുന്നു ജയലളിതയ്ക്കുള്ള സ്ഥാനം. മാദ്ധ്യമ പ്രവർത്തകർക്കിടയിൽനിന്നും പൊതു ജനങ്ങൾക്കിടയിൽനിന്നും അകന്നുനിന്നിട്ടും ജയലളിതയ്ക്ക് വീണ്ടും ഭരണത്തുടർച്ച നേടാൻ സാധിച്ചത് ജനങ്ങൾ നൽകുന്ന ഈ പരിഗണനയ്‌ക്കൊപ്പം ജനകീയ പദ്ധതികൾ നടപ്പാക്കിയെന്നതുകൊണ്ടുകൂടിയാണ്. സൗജന്യ പദ്ധതികൾ സംസ്ഥാനത്തിന്റെ ജനവികാരം പ്രതിഫലിക്കുന്നതായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി തമിഴ്‌നാട്ടിൽ ഒരാളുപോലും പട്ടിണി കിടക്കാൻ അവർ അനുവദിച്ചില്ല.

വിവിധ പദ്ധതികളിലൂടെ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണമെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ഇക്കാലയളവിനുള്ളിൽ ജയലളിത നടത്തിയത്. അഞ്ച് രൂപയ്ക്ക് അഞ്ച് ഇഡ്ഡിലി സഹിതം പ്രാതൽ. ഉച്ചയ്ക്ക് അഞ്ച് രൂപ മുടക്കിയാൽ വയറുനിറച്ച് അമ്മ ഹോട്ടലുകളിലെത്തി ഉണ്ണാം. വയറു നിറച്ച് ലെമൺ റൈസ് കഴിക്കണമെങ്കിലും അഞ്ച് രൂപ മതി. മരുന്ന് മാഫിയയുടെ കണ്ണികളെ തകർത്ത് അവശ്യമരുന്നുകൾ വിലകുറച്ച് നൽകാനുള്ള സംവിധാനവും അമ്മ ഫാർമസികളിലൂടെ ഒരുക്കി. മരുന്നുകമ്പനികളുടെ ഇടപെടൽ തടയാൻ വൻതോതിൽ ഈ മേഖലയിൽ സബ്‌സിഡി നൽകി. എതിർക്കാനും നിയന്ത്രിക്കാനും പാർട്ടിയിലും സർക്കാരിലും ആരുമില്ലാതായതോടെ ഏകാധിപത്യം ജയയെ കുഴപ്പത്തിലാക്കി.

തന്നെ വിമർശിക്കുന്നവർക്കെതിരെയെല്ലാം കേസെടുക്കാനുള്ള സംവിധാനമായി പൊലീസിനെ മാറ്റി. ഇക്കാര്യത്തിൽ സുപ്രിംകോടതിയുടെ രൂക്ഷമായ വിമർശനത്തിനുപോലും ഇടയാക്കി. എന്നിട്ടും അവരുടേയും സംസ്ഥാന പൊലീസ് സംവിധാനത്തിന്റെയും ഇടപെടലിന് യാതൊരു മാറ്റവുമുണ്ടായില്ല. ആശുപത്രിയിലായ ജയലളിയുടെ അവസ്ഥയെകുറിച്ച് കൃത്യമായ വിവരങ്ങൾ എത്തിക്കാൻ പോലും തമിഴ്‌നാട്ടിലെ മാദ്ധ്യമങ്ങൾ ഇതുമൂലം ഭയപ്പെട്ടു. ജയലളിതയുടെ രോഗവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ട തമിഴ്‌വംശജയായ ശ്രീലങ്കൻ യുവതിയ്‌ക്കെതിരേ പോലും തമിഴ്‌നാട് പൊലീസ് കേസെടുത്തതും മറ്റുള്ളവരുടെ ആശങ്ക വർദ്ധിപ്പിച്ചു. പക്ഷേ തന്നെ ജനമനസ്സിൽ ഇതൊക്കെ അടുപ്പിച്ചു നിർത്തുമെന്ന് ജയലളിത തിരിച്ചറിഞ്ഞിരുന്നു.