ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയെ വിഷ്ണുവിന്റെ അവതാരമാക്കി എ.ഐ.എ.ഡി.എം.കെ എംഎ‍ൽഎയുടെ നിയമസഭാ പ്രസംഗം. മാരിയപ്പൻ കെന്നഡിയാണ് വിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമായി ജയലളിതയെ വിശേഷിപ്പിച്ചത്.

വി.കെ ശശികല ജയലളിതയുടെ പകരക്കാരിയാണെന്നും അവരുടെ അനന്തരവനും അഴിമതികേസുകളിൽ പ്രതിയുമായ ടിടികെ ദിനകരൻ പാർട്ടിയുടെ മാർഗദീപമാണെന്നും മാരിയപ്പൻ പറയുന്നു. തമിഴ്‌നാട് നിയമസഭയിൽ നടന്ന ചർച്ചയിലാണ് മാരിയപ്പൻ തന്റെ വാദം ഉന്നയിച്ചത്. മന്നാമധുരൈ മണ്ഡലത്തിലെ പ്രതിനിധിയാണ് മാരിയപ്പൻ. ദിനകരന്റെ വിശ്വസ്തനും.

അതേസമയം, മാരിയപ്പന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നു. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് അവർ സ്പീക്കറോട് ആവശ്യപ്പെട്ടു. ജയലളിതയുടെ പിൻഗാമിയായി ചിഹ്നത്തിനും പദവിക്കും വേണ്ടി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവവും പോരാട്ടം തുടരുമ്പോഴാണ് മാരിയപ്പൻ പുതിയ വെളിപാടുമായി എത്തുന്നത്.

ഇത് ദിനകരൻ പക്ഷത്തിനും പാർട്ടിയിൽ സ്വാധീനമുണ്ടെന്ന് തെളിയിക്കാനായി വേണ്ടിയാണ്. ഇതോടെ എഐഡിഎംകെയിലെ അധികാര തർക്കം അതിരൂക്ഷമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.