- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
66 കോടിയുടെ അഴിമതി കേസിൽ ജയലളിത ശിക്ഷിക്കപ്പെടുമോ? കോടതി വിധിക്ക് കാതോർത്ത് തമിഴകം: വിധി എതിരായാൽ ജയലളിത രാജിവെക്കുമെന്ന് അഭ്യൂഹം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബാംഗ്ലൂരിലെ പ്രത്യേക കോടതിയുടെ വിധി വരാനിരിക്കെ ജയലളിത രാജി വച്ചേക്കുമെന്ന് അഭ്യൂഹം. ഇന്ന് രാവിലെ ജയലളിത ചെന്നൈ സെക്രട്ടേറിയറ്റിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. 27ന് ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയിൽ ഹാജരാകണം. ബാംഗ്ലൂർക്ക് തിരിക്കുംമുമ്പ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ആലോച

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബാംഗ്ലൂരിലെ പ്രത്യേക കോടതിയുടെ വിധി വരാനിരിക്കെ ജയലളിത രാജി വച്ചേക്കുമെന്ന് അഭ്യൂഹം. ഇന്ന് രാവിലെ ജയലളിത ചെന്നൈ സെക്രട്ടേറിയറ്റിൽ പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
27ന് ജയലളിത ബാംഗ്ലൂരിലെ പ്രത്യേക കോടതിയിൽ ഹാജരാകണം. ബാംഗ്ലൂർക്ക് തിരിക്കുംമുമ്പ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ആലോചിക്കുന്നതായി ഇന്നലെ ചെന്നൈയിൽ കനത്ത അഭ്യൂഹമുണ്ടായിരുന്നു. വിധി അനുകൂലമായാലും പ്രതികൂലമായാലും ഇപ്പോൾ രാജിവക്കുന്നത് രാഷ്ട്രീയ ഭാവിക്ക് ഗുണകരമാകും എന്നാണ് ജയലളിതയും എഐഎഡിഎംകെയും പ്രതീക്ഷിക്കുന്നത്. ഇത് ജനമധ്യത്തിൽ പ്രതിഛായ വർധിപ്പിക്കുമെന്നുമാണ് ജയലളിതയുടെയും പ്രതീക്ഷയെന്ന് എഐഎഡിഎംകെയിലെ ചില നേതാക്കളും സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് വിധി കേൾക്കാൻ പോയാൽ നിയമ വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ട് സ്ഥാനങ്ങളെല്ലാം ത്യജിച്ചാണ് കോടതിക്ക് മുന്നിൽ ഹാജരായതെന്ന് പറഞ്ഞ് ജനങ്ങളുടെ വിശ്വാസം കൂടുതൽ നേടിയെടുക്കാം. വിധി അനുകൂലമെങ്കിൽ കൂടുതൽ ശക്തിയായി തിരിച്ചുവരാം. എന്തായാലും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഭാവിനടപടികൾ തീരുമാനിക്കുമെന്നാണ് അറിയുന്നത്. രാജി വയ്ക്കാൻ തീരുമാനിക്കുകയാണെങ്കിൽ തമിഴ് ആചാരപ്രകാരം വിശേഷപ്പെട്ട നാളായ അമാവാസിയിൽ തന്നെയാകും അത്. ഇന്ന് അമാവാസിയാണെന്നതും തീരുമാനം ഇന്നുണ്ടാകാൻ ഉള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ എഐഎഡിഎംകെയിൽ തന്നെ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിധി വരുന്നതിന് മുമ്പ് രാജിവക്കുന്നത് കുറ്റ സമ്മതം നടത്തുന്നതിന് തുല്യമാണെന്നാണ് ഒരു വിഭാഗം പറയുന്നത്.
1991 മുതൽ 1996 വരെയുള്ള കാലത്ത് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ജയലളിതയ്‌ക്കെതിരെയുള്ള കേസ്. രണ്ട് ദശകങ്ങൾക്ക് മുമ്പ് ജയലളിത സമ്പാദിച്ചത് 66.5 കോടി രൂപയായിരുന്നുവെന്നാണ് കേസ്. 2003 ൽ അൻപഴകൻ നൽകിയ ഹർജിയിന്മേൽ സുപ്രീംകോടതിയാണ് ഈ കേസിന്റെ വിചാരണ തമിഴ്‌നാട്ടിൽനിന്ന് ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.

