ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയിൽ ആശങ്ക തുടരവേ തമിഴ്‌നാട്ടിൽ നേതൃമാറ്റത്തിന് സാധ്യത. രണ്ട് ആഴ്ചയിൽ അധികമായി ജയലളിത ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ ഭരണപ്രതിസന്ധി ഒഴിവാക്കാനാണ് ഈ നീക്കം. ധനമന്ത്രി ഒ. പനീർസെൽവം ഗവർണറെ കാണ്ടത്. ഇ.പഴനിസ്വാമിയോ പനീർശെൽവമോ മുഖ്യമന്ത്രിയാകും എന്നാണു സൂചന. പനീർശെൽവം രണ്ടു തവണ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയായിരുന്നു. സിനിമാ നടൻ അജിത്തിന്റെ പേരും ജയലളിതയുടെ പിൻഗാമിയായി ഉയരുന്നുണ്ട്. എന്നാൽ അജിത് ഉടൻ നേതൃത്വം ഏറ്റെടുക്കില്ല. അതുകൊണ്ട് തന്നെ നിലവിൽ നിയമസഭാ അംഗം തന്നെ ജയലളിതയുടെ അധികാരങ്ങൾ തൽക്കാലം കൈയാളാനാണ് സാധ്യത. അതിനിടെ ജയലളിതയെ മുഖ്യമന്ത്രിയായി നിലനിർത്തുന്ന ഫോർമുലയും പരിഗണിക്കുന്നുണ്ട്.

അണുബാധയും കടുത്തപനിയും ശ്വാസതടസവും മൂലം ജയലളിത കഴിഞ്ഞ രണ്ട് ആഴ്ചയായി അപ്പോളൊ ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനം ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടി വരുമെന്നു ഡോക്ടർമാർ പറഞ്ഞ സാഹചര്യത്തിലാണു നേതൃമാറ്റം എന്ന ആശയവുമായി പാർട്ടി നീങ്ങുന്നത്. എന്നാൽ ജയലളിത ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു. ജയലളിതയുടെ ആശുപത്രിവാസം സംസ്ഥാനത്തെ ഭരണനിർവഹണത്തെ തന്നെ ബാധിച്ചു എന്നും ഇതേ തുടർന്ന് രാമനാഥപുരം, തുരുനൽവേലി, മധുര, കന്യാകുമാരി എന്നിവിടങ്ങിളിലെ ഇസ്ലാമിക്ക് സ്‌റ്റേ്‌റിന്റെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തനം ശക്തമാക്കി എന്നും സ്വാമി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു എഐഎഡിഎംകെ നേതാക്കൾ ഭരണ നേതൃമാറ്റത്തിന് തയ്യാറെടുക്കുന്നത്.

നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഗവർണർ വിദ്യാസാഗർ റാവു ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുവെന്നാണ് സൂചന. സംസ്ഥാനത്തെ ഭരണനിർവഹണം എങ്ങനെ നടക്കുന്നുവെന്ന് ഗവർണർ അന്വേഷിച്ചതായാണ് റിപ്പോർട്ട്. ജയലളിത അസുഖബാധിതയായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ മന്ത്രിസഭയിൽ വകുപ്പുമാറ്റമുണ്ടായേക്കുമെന്ന് ഉറപ്പാണ്. ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിർത്തി, പ്രധാന വകുപ്പുകളുടെ ചുമതല മറ്റ് മന്ത്രിമാർക്ക് കൈമാറാനുള്ള ആലോചനകളാണ് നടക്കുന്നത്.

ജയലളിത ഇനിയും ഏറെക്കാലം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് അപ്പോളോ ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ഈ സാഹചര്യത്തിലാണ് താൽക്കാലിക മുഖ്യമന്ത്രിയെ കണ്ടെത്തണമെന്ന ആവശ്യം പാർട്ടി വൃത്തങ്ങളിൽ സജീവചർച്ചയായത്. മൂന്ന് പേരുകളാണ് പ്രധാനമായും എ.ഐ.എ.ഡി.എം.കെയ്ക്ക് മുന്നിലുള്ളത്. ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കർ തമ്പിദുരൈ, ജയലളിതയുടെ വിശ്വസ്തനായ ഒ.പനീർശെൽവം, പൊതുമരാമത്ത് മന്ത്രി എടപ്പടി കെ. പളനിസാമി എന്നിവരാണ്. ജയലളിതയ്ക്ക് രണ്ട് തവണ അധികാരം നഷ്ടമായപ്പോൾ വിശ്വസ്തനായ പകരക്കാരനായിരുന്നു തേവർ സമുദായക്കാരനായ പനീർശെൽവം. 1996ലും 2006ലും കൂട്ടത്തോടെ നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യമുണ്ടായപ്പോൾ അമ്മയുടെ കൂടെ നിന്ന ഉറച്ച അണിയായിരുന്നു കൊങ്ങുമേഖലയുടെ നേതാവായാ തമ്പിദുരൈ. പ്രഗത്ഭനായ മന്ത്രിയായി ജയലളിതയുടെ വിശ്വാസം നേടിയ ആളാണ് എടപ്പടി കെ പളനിസാമി.

എന്നാൽ ജാതി പ്രധാനഘടകമായ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോഴേ ജയലളിതയുടെ പകരക്കാരനെ നിയമിച്ച് പ്രതിസന്ധി സൃഷ്ടിക്കാൻ എ.ഐ.എ.ഡി.എം.കെ ഒരുങ്ങിയേക്കില്ലെന്നാണ് സൂചന. പകരം ജയലളിതയെ വകുപ്പില്ലാത്ത മുഖ്യമന്ത്രിയായി നിലനിർത്തി, പ്രധാനവകുപ്പുകളുടെ ചുമതല മറ്റുള്ളവർക്ക് കൈമാറും.