ന്യൂഡൽഹി: തമിഴ്‌നാട്ടിൽ വീണ്ടും ജയലളിതയുടെ ഭരണം വരാൻ സഹായകമായത് അഴിമതിക്കേസിൽ ജയലളിതയെ ശിക്ഷിച്ചു കൊണ്ടുള്ള വിധിയായിരുന്നു. അഴിമതിക്കേസിൽ ആദ്യം കോടതി ശിക്ഷിച്ചപ്പോൾ ജനകീയയായ മുഖ്യമന്ത്രിക്ക് വേണ്ടി ആളുകൾ തെരുവിലിറങ്ങി. പിന്നീട് മേൽകോടതിയിൽ നിന്നും അനുകൂല വിധി വാങ്ങി ജയലളിത വീണ്ടു മുഖ്യമന്ത്രി കസേരയിൽ എത്തിയതോടെ രാഷ്ട്രീയ എതിരാളികൾക്ക് അത് തിരിച്ചടിയാകുകയും ചെയ്തു. ഇതോടെ തമിഴ്‌നാട്ടിൽ ഭരണത്തുടർച്ചയുണ്ടാക്കി ജയലളിത ചരിത്രം കുറിച്ചു. വീണ്ടും മുഖ്യമന്ത്രി കസേരയിൽ അവരോധിതയായ ജയലളിതയുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന് അധികം താമസിയാതെ തന്നെ അറിയാം.

അനധികൃത സ്വത്ത് കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെയും മൂന്നു കൂട്ടു പ്രതികളെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി കേസ് വിധി പറയാൻ മാറ്റിയതോടെ തമിഴ്‌നാട്ടിൽ വീണ്ടും സംഘർഷത്തിന്റെ നാളുകൾക്ക് വഴിയൊരുങ്ങുകയാണ്. കുറ്റവിമുക്തയാക്കിയ വിധി റദ്ദാക്കിയാൽ ജയക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുമെന്ന കാര്യം ഉറപ്പാണ്.

വാദങ്ങൾ മൂന്നു ദിവസത്തിനകം രേഖാമൂലം നൽകാൻ ജഡ്ജിമാരായ പിനാകി ചന്ദ്രഘോഷ്, അമിതാവ റോയ് എന്നിവരുടെ ബെഞ്ച് ഇരുപക്ഷത്തോടും നിർദ്ദേശിച്ചു. ജയലളിതയ്ക്കൊപ്പം എൻ.ശശികല, വി.എൻ.സുധാകരൻ, ജെ.ഇളവരശി എന്നിവർക്കും നാലുവർഷം തടവാണ് 2014 സെപ്റ്റംബർ 27ന് വിചാരണക്കോടതി വിധിച്ചത്. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടി വീതവും അടയ്ക്കണമെന്നും കോടതി വിധിച്ചു. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്.

പ്രതികളുടെ അപ്പീൽ അനുവദിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ വർഷം മെയ്‌ 11നു നാലുപേരെയും കുറ്റവിമുക്തരാക്കി. ഹൈക്കോടതിയിൽ ജസ്റ്റിസ് സി.ആർ.കുമാരസ്വാമി നൽകിയ വിധി നീതിനിഷേധമാണെന്നും തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും ആരോപിച്ചാണ് കർണാടക സർക്കാരും അൻപഴകനും സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയിലെ രേഖകളിൽ പരാമർശിക്കപ്പെട്ട ആറു കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പരിശോധിക്കപ്പെടണമെന്ന് കർണാടക സർക്കാരിനുവേണ്ടി ഹാജരായ സിദ്ധാർഥ് ലൂത്ര വാദിച്ചു.

ലെക്സ് പ്രോപ്പർട്ടി ഡവലപ്‌മെന്റ്, മെഡോ അഗ്രോ ഫാംസ്, റിവർവേ അഗ്രോ പ്രോഡക്ട്സ്, രാംരാജ് അഗ്രോ മിൽസ്, സിനോറ ബിസിനസ് എന്റർപ്രൈസസ്, ഇന്തോ ദോഹ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളുടെ ഓഹരി കൈമാറ്റമുണ്ടായി; ഇവയുടെ ഡയറക്ടർമാരെ നീക്കി ജയലളിത ഒഴികെയുള്ള പ്രതികൾ ഡയറക്ടർമാരായി. പിന്നീട് ഈ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളിൽ വൻതോതിൽ പണം നിക്ഷേപിക്കപ്പെട്ടു. ഈ പണം എവിടെനിന്നു വന്നെന്നു വിശദീകരിക്കാൻ അന്വേഷണവേളയിലോ വിചാരണയിലോ പ്രതികൾക്കു സാധിച്ചില്ല.

പണമുപയോഗിച്ചു പിന്നീടു വാങ്ങിക്കൂട്ടിയ ആസ്തികൾ സംബന്ധിച്ച ഗൂഢാലോചന നടന്നതു ജയലളിതയുടെ വസതിയിലാണെന്നും ലൂത്ര ആരോപിച്ചു. പണമിടപാടുകൾ വിശദീകരിക്കുന്ന രേഖയും ലൂത്ര കോടതിക്കു കൈമാറി. ആലോചിക്കാവുന്നതിലപ്പുറം തലതിരിഞ്ഞതാണു ഹൈക്കോടതി വിധിയെന്ന് കർണാടക സർക്കാരിനുവേണ്ടിത്തന്നെ ഹാജരായ ദുഷ്യന്ത് ദവെ വാദിച്ചു. തെളിവുകൾ കണക്കിലെടുക്കാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണു വിധിയെന്നും ദവെ പറഞ്ഞു.

എന്നാൽ, കമ്പനികൾക്കു വേണ്ടി ഹാജരായ ഹരേൻ പി.റാവൽ, കേസിൽ അപ്പീൽ നൽകാൻ കർണാടക സർക്കാരിനുള്ള അവകാശം ചോദ്യംചെയ്തു. കമ്പനികളെ കക്ഷികളാക്കാതെ അവയുടെ ആസ്തികൾ കണ്ടുകെട്ടാൻ വിചാരണക്കോടതി ഉത്തരവിട്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നേരത്തേ, സാമ്പത്തിക സ്രോതസ് നിയമപരമല്ലെങ്കിൽ മാത്രമേ ആസ്തികളുണ്ടാക്കുന്നതു കുറ്റകരമാകുന്നുള്ളുവെന്ന് വാദത്തിനിടെ സുപ്രീം കോടതി വാക്കാൽ പറഞ്ഞിരുന്നു. ഹൈക്കോടതി വിധി ശരിവയ്ക്കുക, വിധി റദ്ദാക്കുക, തെളിവുകൾ വീണ്ടും പരിഗണിക്കാൻ നിർദ്ദേശിക്കുക ഇങ്ങനെ മൂന്നു വഴികളാണു തങ്ങളുടെ മുന്നിലുള്ളതെന്നും കോടതി വ്യക്തമാക്കിയിരുന്നു. തെളിവുകൾ വീണ്ടും പരിഗണിക്കാൻ പറഞ്ഞാൽ കേസ് വീണ്ടും ഹൈക്കോടതിയിലേക്കു പോകും.

അതേസമയം ജയലളിത എൻഡിഎ സഖ്യത്തിൽ ചേരുമെന്ന വാർത്തകൾക്കിടെയാണ് സുപ്രീംകോടതി അവരുടെ അഴിമതിക്കേസ് പരിഗണിക്കുന്നത്. രാജ്യസഭയിൽ പ്രതിസന്ധിയിലായ കേന്ദ്ര സർക്കാർ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ഒപ്പംനിർത്താൻ തന്ത്രം ആവിഷ്‌കരിക്കുന്നുണ്ട്. രണ്ട് പേർക്കും ലാഭമുണ്ടാകുന്ന പദ്ധതിയെന്ന ഫോർമുലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ബിജെപിയുടെ നീക്കങ്ങൾ ഏറെക്കുറെ വിജയിച്ചതോടെ ജയലളിതയുടെ അണ്ണാ ഡി.എം.കെ., എൻ.ഡി.എ. സഖ്യത്തെ പുറത്തു നിന്നു പിന്തുണച്ചേക്കും. ഈ മാസം പകുതിയോടെ ഡൽഹിയിൽ നരേന്ദ്ര മോദിയുമായി ജയലളിത കൂടിക്കാഴ്‌ച്ച നടത്തുന്നുണ്ട്.

സർക്കാരിന് രാജ്യസഭയിൽ ബില്ലുകൾ പാസാക്കിയെടുക്കാൻ ജയലളിതയുടെ പിന്തുണ അനിവാര്യമാണെന്നതുപോലെ ജയലളിതയ്ക്ക് സംസ്ഥാനഭരണം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര സർക്കാരിന്റെ പിന്തുണയും അനിവാര്യമാണ്. കഴിഞ്ഞതവണത്തേതിൽ നിന്നു വ്യത്യസ്തമായി ഇത്തവണ തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ ഘടകകക്ഷിയായ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷമുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസഹായം കൂടിയേതീരൂ എന്നാണ് ജയലളിത കരുതുന്നത്.