- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ പനീർശെൽവം രാജിവച്ചു; അഴിമതി കേസിൽ കുറ്റവിമുക്തയായ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി കസേരയിലേക്ക്; നിയമസഭാ കക്ഷി നേതാവായി എംഎൽഎമാരുടെ യോഗത്തിൽ തിരഞ്ഞെടുത്തു; സത്യപ്രതിജ്ഞ നാളെ
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിലായ ശേഷം മേൽകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായി കുറ്റവിമുക്തയാക്കപ്പെട്ട എഐഎഡിഎംകെ നേതാവ് ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ജയലളിതയ്ക്ക് വഴിയൊരുക്കാൻ വേണ്ടി ഒ പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാവിലെ രാജിവച്ചു. ഇന്നുരാവിലെ ചേർന്ന എഐഎഡിഎംകെ എംഎൽഎമാര

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനകേസിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിലായ ശേഷം മേൽകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായി കുറ്റവിമുക്തയാക്കപ്പെട്ട എഐഎഡിഎംകെ നേതാവ് ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകും. ജയലളിതയ്ക്ക് വഴിയൊരുക്കാൻ വേണ്ടി ഒ പനീർശെൽവം മുഖ്യമന്ത്രി സ്ഥാനം രാവിലെ രാജിവച്ചു. ഇന്നുരാവിലെ ചേർന്ന എഐഎഡിഎംകെ എംഎൽഎമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതോടെയാണ് പനീർശെൽവം രാജി നൽകിയത്.
ഇതോടെയാണ് ഏഴുമാസങ്ങൾക്കുശേഷം വീണ്ടും ജയലളിത മുഖ്യമന്ത്രിയാകുന്നത്. ജയലളിത ഇന്നുതന്നെ ഗവർണറെ കാണുമെന്നാണ് സൂചന. ജയലളിതയുടെ സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് സൂചന. മദ്രാസ് സർവകലാശാലയിലെ സെന്റിനറി ഓഡിറ്റോറിയത്തിലായിരിക്കും സത്യപ്രതിജ്ഞ. ചടങ്ങിൽ കേന്ദ്രമന്ത്രിമാരിൽ പ്രമുഖരാരെങ്കിലും പങ്കെടുക്കുമെന്നും സൂചനയുണ്ട്.
ഇന്ന് രണ്ട് പൊതുപരിപാടികളിലും ജയലളിത പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയാകുന്നതിനു മുന്നോടിയായി എംജിആർ, പെരിയാർ പ്രതിമകളിൽ ജയലളിത പുഷ്പാർച്ചന നടത്തും. സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ടതിനു ശേഷം ജയലളിത പങ്കെടുക്കുന്ന ആദ്യ പൊതു പരിപാടികളാകും ഇത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തമായി തിരിച്ചെത്തിയ ജയലളിത മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിരുന്നു.
234 അംഗ തമിഴ്‌നാട് നിയമസഭയിൽ സ്പീക്കറെ കൂടാതെ എ. ഐ.എ.ഡി.എം.കെ.യ്ക്ക് 151 അംഗങ്ങളുണ്ട്. മുഖ്യമന്ത്രിയായാൽ ആറുമാസത്തിനുള്ളിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ.യാവേണ്ടി വരും. അതിനിടെ ഒരംഗം നേരത്തെ രാജിവച്ചിരുന്നു. വീണ്ടും അധികാരമേറ്റെടുത്താൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജയലളിതയുടെ അഞ്ചാം വരവായിരിക്കും അത്.
ഇതു രണ്ടാംതവണയാണ് കോടതിയുടെ കനിവിൽ ജയലളിത മുഖ്യമന്ത്രിയാകുന്നത്. നേരത്തേ 2002ൽ കൊടൈക്കനാൽ താൻസി ഭൂമിയിടപാട് കേസിൽ കുറ്റവിമുക്തയായതിനെത്തുടർന്ന് ഇതേ മാതൃകയിലാണ് ജയലളിത അധികാരത്തിൽ തിരിച്ചെത്തിയത്. താൻസി കേസിൽ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തിയതിനെത്തുടർന്ന് ജയലളിത മത്സരിക്കാതിരുന്ന 2001ലെ തെരഞ്ഞെടുപ്പിൽ എഡിഎംകെ അധികാരത്തിൽ വന്നതിനെത്തുടർന്ന് ജയലളിത മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ സുപ്രീംകോടതി ഇടപെട്ടതിനെത്തുടർന്ന് രാജിവച്ചു മുഖ്യമന്ത്രി സ്ഥാനം പനീർസെൽവത്തിന് കൈമാറി. പിന്നീട് 2002ൽ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തമാക്കിയതിനെത്തുടർന്ന് പനീർസെൽവത്തെ രാജിവപ്പിച്ചു ജയലളിത അധികാരത്തിൽ തിരിച്ചെത്തുകയായിരുന്നു. ഇതിന് ശേഷം കർണാടക ഹൈക്കോടതിയുടെ വിധിയും ജയലളിതയ്ക്ക് അധികാരത്തിലേക്കു തിരിച്ചെത്താനുള്ള വഴിയാണ് ഒരുക്കിയിരിക്കുന്നത്.
66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ജയലളിതയെ കർണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയത്. കേസിൽ, ജയലളിതയ്ക്ക് നാലു വർഷത്തെ തടവും 100 കോടി രൂപ പിഴയും വിചാരണ കോടതി വിധിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് കർണാടക ഹൈക്കോടതി പ്രത്യേക ബെഞ്ച് ജയയെ കുറ്റവിമുക്തയാക്കിയത്. ജയയ്ക്ക് പുറമെ, തോഴി ശശികല, ഇവരുടെ സഹോദരീ പുത്രൻ വി.എൻ.സുധാകരൻ, സഹോദര ഭാര്യ ജെ. ഇളവരശി എന്നിവർക്കെതിരെ വിചാരണക്കോടതി ശരിവച്ച എല്ലാ കുറ്റങ്ങളും ഹൈക്കോടതി പ്രത്യേക ബെഞ്ച് റദ്ദാക്കിയിരുന്നു.

