ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുറ്റവിമുക്തയായ ജയലളിത ഉടൻ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്ന് സൂചന. ഈ ആഴ്ച തന്നെ അധികാരമേറ്റെടുക്കൽ ഉണ്ടാകും. എല്ലാം എഐഎഡിഎംകെ എംഎൽഎമാരോടും ചെന്നൈയിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഏത് സമയത്തും നിയമസഭാ കക്ഷി യോഗം ജയലളിത വിളിച്ചു ചേർക്കുമെന്നാണ് സൂചന. അതിനിടെ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയുടെ വിമത എംഎൽഎമാരോടും ചെന്നൈയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ കക്ഷി യോഗം ചേരുകയാണെങ്കിൽ ഇവരേയും പങ്കെടുപ്പിക്കാനാണ് എഐഎഡിഎംകെയുടെ നീക്കം.

കോടതി വിധി വന്ന ശേഷം പാർട്ടി നേതാക്കളുമായി ജയലളിത നേരിട്ട് ചർച്ച നടത്തിയിട്ടില്ല.മുഖ്യന്ത്രി പനീർസെൽവം ഫോണിൽ ജയലളിതയോട് സംസാരിച്ചു. പക്ഷേ എന്താണ് മനസ്സിലെന്ന് പുരട്ചി തലൈവി വ്യക്തമാക്കിയിട്ടില്ലെന്നാണ് പാർട്ടി നേതാക്കൾ നൽകുന്ന സൂചന. നിയമസഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പാണ് ജയലളിതയുടെ മനസ്സിലെന്ന് സൂചനയുണ്ട്. ജയലളിത എന്ത് തീരുമാനം എടുത്താലും പാർട്ടി അനുസരിക്കും. തമിഴ്‌നാട്ടിൽ ഇപ്പോൾ ജയാ തരംഗമുണ്ടെന്നാണ് എഐഎഡിഎംകെയുടെ പൊതു വിലയിരുത്തൽ.

അതിനിടെ ജനങ്ങളെ കൈയിലെടുക്കാനായി നിരവധി പദ്ധതികൾ ജയലളിതയുടെ മനസ്സിലൂണ്ട്. ഇവയെല്ലാം മുഖ്യമന്ത്രിയെന്ന നിലയിൽ അതിവേഗം നടപ്പാക്കി തെരഞ്ഞെടുപ്പാണ് ജയലളിത മനസ്സിൽ കാണുന്നത്. ചെന്നൈ മെട്രോ റെയിലിന്റെ ഉദ്ഘാടനം അടക്കമുള്ളവ ഇതിലുണ്ട്. ഈ സാഹചര്യത്തിൽ അടുത്ത ഞായറാഴ്ച ജയലളിത സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം നൽകാൻ എഐഎഡിഎംകെയ്ക്ക് പോലും കഴിയുന്നില്ല.

കോടതി കുറ്റക്കാരിയെന്ന് കണ്ടതോടെ നിയമസഭാ അംഗത്വം ജയലളിതയ്ക്ക് നഷ്ടമായിരുന്നു. ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ സ്ഥാനാർത്ഥി ജയിക്കുകയും ചെയ്തു. അതിനാൽ മുഖ്യമന്ത്രിയായാലും ജയലളിതയ്ക്ക് ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പിലൂടെ എംഎൽഎ ആകേണ്ടതുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രിയായ ശേഷം ആറു മാസത്തിനുള്ളിൽ പൊതു തെരഞ്ഞെടുപ്പെന്ന തരത്തിൽ കാര്യങ്ങൾ നീക്കുമെന്നാണ് സൂചന. അടുത്ത മേയിൽ നിയമസഭയുടെ കാലവധി അവസാനിക്കുമെന്ന സാഹചര്യത്തിലാണ് ഇത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണ്ണാടക ഹൈക്കോടതിയിൽ ജയലളിതയ്ക്ക് അനുകൂലമായ വിധി വന്നതിനെത്തുടർന്ന് മുഖ്യമന്ത്രി പനീർശെൽവം രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണ്ണാടക ഹൈക്കോടതിയിൽ ജയലളിതയ്ക്ക് അനുകൂലമായ വിധി വന്നതിനെത്തുടർന്നാണിത്.