- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ബദലായി വളരുമെന്ന് പേടിച്ച് മുൻ ഐഎഎസ് ഓഫീസർ ചന്ദ്രലേഖയുടെ മുഖത്ത് അനുയായികളാൽ ആസിഡ് ഒഴിച്ച് വികൃതമാക്കി; ഇഷ്ടമില്ലാത്ത വാർത്തകൾ വന്നപ്പോൾ പൊലീസിനെ ഉപയോഗിച്ച് മാദ്ധ്യമ ഓഫീസുകൾ റെയ്ഡ് ചെയ്യിച്ചു; മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കി; അഴിമതി ഒരു കുറ്റമല്ലാതാക്കി: ജയലളിതയെ കുറിച്ച് ഒരു മാദ്ധ്യമപ്രവർത്തകന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്
ചെന്നൈയിൽ കഴിഞ്ഞ വർഷം ഇതേ സമയം വെള്ളപ്പൊക്കങ്ങളുടെത് ആയിരുന്നു. എണ്ണമറ്റ ഭക്ഷണ പൊതികളും ദുരിതാശ്വാസ സാമഗ്രികളും അവിടം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു. നഗരത്തിന് വെളിയിൽ എഐഎഡിഎംകെ പ്രവർത്തകരും അവരുടേതായ നിലയിൽ ജാകരൂകർ ആയിരുന്നു. അവർ ആശ്വാസ വണ്ടികൾ ബലമായി തടഞ്ഞു നിർത്തി. ദുരിതാശ്വാസ പായ്ക്കുകളിൽ ചിരിക്കുന്ന ജയലളിതയുടെ സ്റ്റിക്കറുകൾ നിർബന്ധിച്ച് ഒട്ടിച്ചു. എല്ലാം ജയ മയം. ദുരിതാശ്വാസം പോലും ജയയുടെ അക്കൗണ്ടിൽ മാത്രം. കൊല്ലം ഒന്ന് കഴിഞ്ഞതേയുള്ളൂ....ഏതൊരു മനുഷ്യനേയും പോലെ ജയലളിതയും മരണത്തിലേക്ക് പിൻവാങ്ങിയിരിക്കുന്നു. കൈവശമുള്ള ഒരു പാട് പണമോ, അധികാരമോ, അപ്പോളോ ആശുപത്രിയിലെ ഫൈവ് സ്റ്റാർ ചികിത്സയോ, ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടർമാരോ, ജ്യോതിഷക്കാരൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരോ എന്തിന് ദുരിതാശ്വാസതിന് മേൽ പതിച്ച സ്റ്റിക്കറുകളോ ഒന്നും അവരെ മരണത്തിൽ നിന്നും രക്ഷിച്ചില്ല. വിഐപി മരണം എന്നൊന്നില്ല. മരണത്തിനുള്ള അകമ്പടികളിൽ മാത്രമേ വിഐപി ഉള്ളൂ.... ഏത് മരണവും അതി സാധാരണവും പുതുമകൾ ഇല്ലാത്തതുമാണ്.
ചെന്നൈയിൽ കഴിഞ്ഞ വർഷം ഇതേ സമയം വെള്ളപ്പൊക്കങ്ങളുടെത് ആയിരുന്നു. എണ്ണമറ്റ ഭക്ഷണ പൊതികളും ദുരിതാശ്വാസ സാമഗ്രികളും അവിടം ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരുന്നു. നഗരത്തിന് വെളിയിൽ എഐഎഡിഎംകെ പ്രവർത്തകരും അവരുടേതായ നിലയിൽ ജാകരൂകർ ആയിരുന്നു. അവർ ആശ്വാസ വണ്ടികൾ ബലമായി തടഞ്ഞു നിർത്തി. ദുരിതാശ്വാസ പായ്ക്കുകളിൽ ചിരിക്കുന്ന ജയലളിതയുടെ സ്റ്റിക്കറുകൾ നിർബന്ധിച്ച് ഒട്ടിച്ചു. എല്ലാം ജയ മയം. ദുരിതാശ്വാസം പോലും ജയയുടെ അക്കൗണ്ടിൽ മാത്രം.
കൊല്ലം ഒന്ന് കഴിഞ്ഞതേയുള്ളൂ....ഏതൊരു മനുഷ്യനേയും പോലെ ജയലളിതയും മരണത്തിലേക്ക് പിൻവാങ്ങിയിരിക്കുന്നു. കൈവശമുള്ള ഒരു പാട് പണമോ, അധികാരമോ, അപ്പോളോ ആശുപത്രിയിലെ ഫൈവ് സ്റ്റാർ ചികിത്സയോ, ലോകത്തിലെ ഏറ്റവും മികച്ച ഡോക്ടർമാരോ, ജ്യോതിഷക്കാരൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരോ എന്തിന് ദുരിതാശ്വാസതിന് മേൽ പതിച്ച സ്റ്റിക്കറുകളോ ഒന്നും അവരെ മരണത്തിൽ നിന്നും രക്ഷിച്ചില്ല. വിഐപി മരണം എന്നൊന്നില്ല. മരണത്തിനുള്ള അകമ്പടികളിൽ മാത്രമേ വിഐപി ഉള്ളൂ.... ഏത് മരണവും അതി സാധാരണവും പുതുമകൾ ഇല്ലാത്തതുമാണ്. എല്ലാവരും ഏതാണ്ട് ഉറങ്ങി തുടങ്ങുന്ന പാതിരാവിൽ മരണം പ്രഖ്യാപിക്കുന്നത് വരെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളിൽ ശരീരം ബന്ധനസ്ഥമാക്കി വയ്ക്കാൻ അപ്പോളോയിൽ മാത്രമല്ല കൊള്ളാവുന്ന ഏതു ആശുപത്രിയിലും സംവിധാനമുണ്ട്. പഴയ പോലെ അല്ല. മരണം സൗകര്യം പോലെ സ്വകാര്യ ആശുപത്രികൾക്ക് നീട്ടിവയ്ക്കാം. അനന്തരാവകാശി തർക്കം തീരും വരെയോ ഭാവി മുഖ്യൻ ആരെന്നു തീർപ്പാകുന്നത് വരെയോ ജനങ്ങൾ ഉറങ്ങുന്നത് വരെയോ അത് നീണ്ടേക്കാം.
മരിച്ച ജയലളിത ജീവിച്ചിരുന്ന ജയലളിതയിലും വളരെ അധികം ജനകീയയും ജനാധിപത്യ ബോധമുള്ളയാളും സ്ത്രീപക്ഷ വാദിയും സാധു ജനപരിപാലകയും നന്മകളുടെ വിളനിലവും ലോക നേതാക്കൾക്ക് മാതൃകയും ആയിരുന്നു എന്ന് മലയാളികളായ ആക്ടിവിസ്റ്റുകളുടെ ഫേസ് ബുക്ക് പോസ്റ്റുകളിൽ നിന്നാണ് മനസ്സിലാകുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ മറ്റ്ഏതൊരു സ്ത്രീക്കും മുന്നേറാനും ഉയരാനും ഉള്ള മാതൃക ആയിരുന്നു അവരെന്നാണ് പൊതുവിൽ ഫേസ് ബുക്ക് ബുദ്ധിജീവികൾ അവകാശപ്പെട്ടത്.
സ്വന്തം സർക്കാരിലും പ്രൈവറ്റ് ലിമിറ്റഡ് പാർട്ടിയിലും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ നേതാക്കളെ അവർ പന്ത് തട്ടി കളിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. പുരുഷ മേൽക്കോയ്മയും ജാതി പരിഗണനകളും അന്ധവിശ്വാസവും അനാചാരങ്ങളും തമിഴ് സമൂഹത്തിൽ മടക്കി കൊണ്ടുവന്ന ഒരു ദ്രാവിഡ പാർട്ടിയുടെ തലപ്പത്ത് ഒരു സ്ത്രീ എത്തിപ്പെട്ടു എന്ന് മാത്രം. ശശികല അവരുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും അഴിമതി അടക്കമുള്ള കൂട്ട് കൃഷിയിലും അമിതാധികാര താത്പര്യങ്ങളിലും ഒപ്പം നിൽക്കുന്ന നിലയിൽ വളർന്നത് സ്ത്രീ ആയതു കൊണ്ടല്ല. ആ പരിഗണന കൊണ്ടുമല്ല. പാട്രിയാർക്കൽ സമൂഹത്തിലെ ജന്മി -മാടമ്പി-ഫ്യൂഡൽ മനോഭാവമുള്ള ഏതൊരു നാട്ടു പ്രമാണിയുടെയും കയ്യൂക്കും അഹങ്കാരവും സ്വേച്ഛാധിപത്യവും ചില്ലറ ദയാ ദക്ഷിണ്യങ്ങളും തന്നെയാണ് ജയയ്ക്കും ഉണ്ടായിരുന്നത്.
തമിഴ് നാട് രാഷ്ട്രീയത്തിൽ തനിക്ക് ബദലായി വളരും എന്ന് അവർ പേടിച്ച മുൻ ഐ എ എസ് ഓഫീസർ ചന്ദ്രലേഖയെ രാഷ്ട്രീയമായി ഇല്ലാതാക്കിയത് സ്വന്തം അനുയായികളാൽ ആസിഡ് ഒഴിച്ച് മുഖം വികൃതമാക്കിയാണ്. രാധാ വെങ്കടേശൻ എന്ന മാദ്ധ്യമ പ്രവർത്തക എഴുതിയ ഒരു സാധാ നിയമസഭാ റിപ്പോർട്ടിലെ ഏറ്റവും സാധാരണമായ പ്രയോഗങ്ങളുടെ പേരിൽ പ്രകോപിതയായി ആണ് അവർ ദി ഹിന്ദു ഓഫീസ് റെയ്ഡ് ചെയ്യിച്ചതും പത്രാധിപന്മാരെ അറസ്റ്റ് ചെയ്യാൻ തുനിഞ്ഞതും. ഒരു സ്‌കോളർഷിപ്പിൽ അതിനകം ലണ്ടനിൽ പോയിരുന്നതിനാൽ രാധയ്ക്കു ആസിഡ് അറ്റാക്കോ അറസ്റ്റോ ഉണ്ടായില്ല എന്ന് മാത്രം. തന്നെ കോടതി ശിക്ഷിച്ചപ്പോൾ അനുയായികൾ നാടുനീളെ തീ വെപ്പ് മഹോത്സവം നടത്തിയപ്പോൾ കൃഷ്ണഗിരിയിൽ ബസിനകത്ത് ചുട്ടുകൊല്ലപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി രണ്ട് തുള്ളി കണ്ണീർ ഒരിക്കലും അവരിൽ നിന്നും ഉണ്ടായില്ല. ജയലളിതാ ഭരണത്തിൽ പൗരാവകാശം എന്നതിൽ ഒരിക്കലും അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉൾപ്പെട്ടിരുന്നില്ല.
ജയലളിതയുടെ കഴിഞ്ഞ സർക്കാരിന്റെ സമയം. അവർ കോടനാട് തേയില തോട്ടത്തിൽ വിശ്രമ ജീവിതത്തിൽ ആണ്. അവിടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഒരു പൊലീസുകാരനെ പാമ്പ് കടിച്ചു. അയാളെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അത് ഒരു സിംഗിൾ കോളം വാർത്തയായി ഞങ്ങൾ പ്രസിദ്ധീകരിച്ചു. പിറ്റേന്ന് കുറെ പൊലീസ് വണ്ടികൾ ഓഫീസിനു മുന്നിൽ വന്നു നിന്നു. അതിൽ നിന്നും ഐ ജി റാങ്കിലുള്ള ഒരു മനുഷ്യൻ ഇറങ്ങി വന്ന് കെഞ്ചി. എന്നെ രക്ഷിക്കണം സാർ. ജോലി പോകും.
തന്റെ സുരക്ഷ നോക്കുന്ന പൊലീസുകാരനെ പാമ്പ് കടിച്ചത് വാർത്ത! ആയത് അമ്മയ്ക്ക് ഇഷ്ടപെട്ടില്ല എന്നും പോയി തിരുത്തുകൊടുക്കാൻ പറഞ്ഞ് അയാളെ നേരിൽ അയച്ചിരിക്കുകയാണ് എന്നും അയാൾ പറഞ്ഞു. എന്ത് തിരുത്ത് എന്ന ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നു. അമ്മയുടെ വേനൽക്കാല വസതിയിൽ നിന്നും എട്ടു കിലോമീറ്റർ മാറി കോടനാട് വ്യൂ പോയിന്റിൽ ടൂറിസ്റ്റുകളുടെ സുരക്ഷ നോക്കാൻ പോയപ്പോൾ പാമ്പ് കടിച്ചു എന്നാക്കണം. പൊലീസ് അങ്ങനെ അവകാശപ്പെടുന്നു എന്ന മട്ടിൽ ഒരു വാർത്ത! (തിരുത്തല്ല) കൊടുത്ത് അയാളുടെ ജോലി രക്ഷിച്ചെടുത്തു.
മുതുമലയിലെ തെപ്പക്കാട് ആന ക്യാമ്പിൽ ഒരിക്കൽ അവർ സന്ദർശിച്ചപ്പോൾ മൂന്നു ദിവസം പ്രായമുള്ള ഒരാനക്കുട്ടിയെ വാരി എടുത്തിരുന്നു. അത് പിന്നീട് മരിച്ചപ്പോൾ കൊടുത്ത വാർത്തയിൽ അങ്ങനെ നവജാത ആനക്കുട്ടികളെ ആരും വാരി എടുക്കാൻ പാടില്ല എന്ന് ഒരു ആന വിദഗ്ദൻ പറഞ്ഞത് ക്വോട്ട് ചെയ്തിരുന്നു. ജയ ആനയെ എടുക്കുന്ന പടവും കൊടുത്തു. ഒരു വക്കീൽ നോട്ടീസ് വന്നെങ്കിലും പിന്നെ വേറെ ഒന്നും ഉണ്ടായില്ല.
വിധവാ വിവാഹം, മിശ്ര വിവാഹം, പന്തി ഭോജനം, സ്വാഭിമാനം തുടങ്ങിയ മൂല്യങ്ങളിൽ അടിയുറച്ച ദ്രാവിഡ പ്രസ്ഥാനം തമിഴ് നാട്ടിലെ സ്ത്രീ സമൂഹത്തിൽ ഉണ്ടാക്കിയ ആത്മവിശ്വാസവും ഉയർത്തെഴുനേല്പും ശാക്തീകരണവും വലുതായിരുന്നു. ആ സാമൂഹിക നവോത്ഥാന മുന്നേറ്റത്തെ തിരികെ സവർണ്ണരുടെ യാഥാസ്ഥിതിക ആലയിൽ കൊണ്ടുപോയി കെട്ടുക എന്ന ദൗത്യം ജയയും അവരുടെ മെന്റർ എം ജി ആറും വൃത്തിയായി ചെയ്തു. സ്തുതിപാടകരായ കുറെ വിഡ്ഢികളുടെ ഒരു പാർട്ടി. താൻ മന്ത്രി സ്ഥാനത്ത് തന്നെ ഉണ്ടോ എന്ന് അറിയാൻ മിക്കവരും ആശ്രയിച്ചത് അതിരാവിലെ എത്തുന്ന പത്രങ്ങളെ. രണ്ട് വരി അറിവിപ്പ്.
എതിർ ശബ്ദങ്ങൾ മുഴുവൻ ഇല്ലായ്മ ചെയ്തു. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കി. അഴിമതി ഒരു കുറ്റം അല്ലാതായി മാറി. എന്നിരിക്കിലും ജനം ഒന്നിൽ ആശ്വാസം കണ്ടു. കരുണാനിധിയും മാരൻ സഹോദരന്മാർ ഉൾപ്പെടുന്ന അങ്ങേരുടെ വിശാല കുടുംബവും രാവും പകലും അഴിമതി നടത്തുമ്പോൾ ഇവിടെ അഴിമതി മൊത്തം സ്വന്തം കൂട്ടുകാരി ശശികലയ്ക്ക് മാത്രമായി പരിമിത പ്പെടുത്തിയിരിക്കുന്നു.
തീർച്ചയായും ജയയുടെ മുഖ്യമന്ത്രി എന്ന നിലയിലെ ഒടുവിലെ വർഷങ്ങളിൽ ഒരു പാട് നല്ല മാതൃകകൾ ഉണ്ടായിട്ടുണ്ട്. എല്ലാറ്റിലും അവരുടെ സ്റ്റിക്കർ ഒട്ടിച്ചു ബ്രാൻഡ് ആക്കിയിട്ടുണ്ട് എങ്കിലും. സബ്‌സിഡികളുടെ ശത്രു ആയിരുന്ന അവർ സൗജന്യങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. അതിന് കാരണം സിമ്പിൾ ആണ്. നവ ഉദാരവത്കരണം നടപ്പാക്കുന്നതിൽ നരസിംഹ റാവുവിനും മന്മോഹനും ചന്ദ്രബാബു നായിഡുവിനും ഒപ്പം നിന്ന അവർ തിരഞ്ഞെടുപ്പിൽ പൊട്ടി. ഒരു രൂപയ്ക്ക് റേഷൻ എന്ന കരുണാനിധിയുടെ സർജിക്കൽ സ്‌ട്രൈക്കിൽ. സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും ആനുകൂല്യങ്ങൾ നിഷേധിച്ച് വിരട്ടിയതും ബാക്ക്ഫയർ ചെയ്തു. ആഗോളവത്കരണം മുറുകെ പിടിച്ചാൽ പാർട്ടി ബാക്കി ഉണ്ടാകില്ല എന്ന തിരിച്ചറിവ് വന്ന ആദ്യ ഭരണാധികാരി ആയിരുന്നു ജയ.
വൈകിയെത്തിയ വിവേകം ഗുണം ചെയ്തു. മന്ത്രിസഭയിലേയും പാർട്ടിയിലെയും വിഡ്ഢികളിൽ നിന്നും ഭരണം സത്യസന്ധരും കഴിവുള്ളവരുമായ കുറെ മുൻ സിവിൽ സർവീസ് ഓഫീസർമാരുടെ ഷാഡോ സർക്കാരില്ലേക്ക് മാറി. ജയ ഭരണത്തിലെ നന്മകൾ എല്ലാം ആ ഷാഡോ സർക്കാരിന് അവകാശപ്പെട്ടത് ആണ്. പ്രത്യേകിച്ച് മുൻ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണന്. ജയ ഇന്ന് നേടുന്ന ആദരവുകൾക്ക് അവർ ആണ് പ്രധാന കാരണം.
ഭരണ കൂടം ജനങ്ങൾക്ക് വേണ്ടാത്തത് ഒന്നും അടിച്ചേല്പിക്കരുത് എന്ന തത്വമാണ് ഒടുവിലെ വർഷങ്ങളിൽ ജയയുടെ സർക്കാരിന് (ഷാഡോ) അടിസ്ഥാന ഫിലോസഫി ആയി ഉണ്ടായിരുന്നത്. ഗയിൽ പൈപ്പ് ലൈൻ അടക്കം ബലമായി കൃഷിഭൂമി പിടിച്ചെടുക്കുന്ന പദ്ധതികളിൽ നിന്നും ഒടുവിൽ അവർ വിട്ടു നിന്നു. ജനങ്ങൾ വേണ്ട എന്ന് പറഞ്ഞിടത്ത് ഒന്നും അടിചെല്പിച്ചില്ല. കൂടംകുളത്ത് പോലും അവരുടെ സമീപനം മുൻകാലങ്ങളിലെ പോലെ നിർദയം ആയിരുന്നില്ല.
വ്യക്തിപരമായി ഒരു വലിയ കടപ്പാട് അവരോടുണ്ട്. സത്യമംഗലം വന്യ ജീവി സങ്കേതം കടുവാ റിസർവ് ആക്കുമ്പോൾ പതിനായിരത്തോളം ആദിവാസി കുടുംബങ്ങളെ അവിടെ നിന്നും ഒഴിപ്പിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് പദ്ധതി ഉണ്ടായിരുന്നു. ഏതാണ്ട് രണ്ട് വർഷം ആ ജനസമൂഹത്തിന്റെ അതിജീവനാവകാശങ്ങൾക്ക് വേണ്ടി തുടർച്ചയായി എഴുതി. അവയിൽ ചില വാർത്തകൾ വായിച്ച് ആ മനുഷ്യരെ ഒഴിപ്പിക്കാതെ കടുവ സങ്കേതം ആക്കിയാൽ മതി എന്നവർ ഉത്തരവിട്ടു.
തമിഴ്‌നാട് പോലെ സദാചാരം, സ്ത്രീപുരുഷ ബന്ധങ്ങൾ, സ്ത്രീകളുടെ സാമൂഹിക അസ്ഥിത്വം എന്നിവയിൽ ഇന്നും കടുത്ത പ്രാകൃത വീക്ഷണങ്ങൾ പുലർത്തുന്ന ഒരു സമൂഹത്തിൽ ആ കാപട്യങ്ങളുടെ ഉരുക്ക് കോട്ടകൾ തകർത്താണ് അവർ തന്റെതായ ഒരു സ്ഥാനം ഉറപ്പാക്കിയത് എന്നതിൽ സംശയമില്ല. വസ്തുനിഷ്ഠവും സമഗ്രവും മുൻവിധികൾ ഇല്ലാത്തതുമായ വിലയിരുത്തലുകൾ ആണ് ജയയുടെ കാര്യത്തിൽ വേണ്ടത്. ഏകാധിപത്യ പ്രവണതകളെ ധീരതയായും മാതൃകയും വാഴ്‌ത്തുന്നത് നമ്മളിലെ ജനാധിപത്യ വാദി മരിച്ചു തുടങ്ങുന്നു എന്നതിന്റെ സൂചന തന്നെയാണ്.
(മാദ്ധ്യമപ്രവർത്തകനായ കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)