ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തയായ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിനിമാ നടിയും കോൺഗ്രസ് നേതാവുമായ ഖുഷ്ബു രംഗത്തെത്തി. ഡിഎംകെ അടക്കമുള്ള രാഷ്ട്രീയപാർട്ടികൾ പോലും ജയലളിതയെ കടന്നാക്രമിക്കാൻ മടിച്ചുനിന്ന വേളയിലാണ് ജയലളിതയെ നേരിട്ട് വിമർശിച്ചുകൊണ്ട് ഖുഷ്ബു രംഗത്തെത്തിയത്. ജയലളിതയ്ക്ക് കുറ്റബോധമില്ലാതെ ഉറങ്ങാൻ കഴിയുമോ എന്നാണ് ട്വിറ്ററിലൂടെ ഖുശ്‌ബു ചോദിക്കുന്നത്.

'ഒരു വാക്ക്. കുറ്റവിമുക്തയാക്കിയതുകൊണ്ട് , നിങ്ങളുടെ തെറ്റ് ഇല്ലാതാക്കാൻ കഴിയില്ല. കഴിഞ്ഞ 18 വർഷക്കാലം നിങ്ങൾ നിതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയായിരുന്നു. ഇനി താങ്കൾക്ക് സ്വതന്ത്രയായി നടക്കാം. എന്നാൽ നിങ്ങൾക്ക് കുറ്റബോധമില്ലാതെ ഉറങ്ങാൻ സാധിക്കുമോ?' ഖുശ്‌ബു ചോദിക്കുന്നു. എത്ര വലിയ തെറ്റുകൾ ചെയ്താലും അന്ധവിശ്വാസം കൊണ്ടും പൂജകൾ നടത്തിയാലും ദൈവം രക്ഷിക്കുമെന്ന് ആളുകൾ വിശ്വസിക്കുന്നതാണ് എന്നെ ഏറ്റവും കൂടുതൽ അസ്വസ്ഥയാക്കുന്നതെന്നും ഖുശ്‌ബു പറഞ്ഞു.

ജയലളിതയ്ക്ക് അനുകൂലമായുണ്ടായ വിധിയിലൂടെ പനീർ ശെൽവമാണ് രക്ഷപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹത്തിന് ഇനി മുഖ്യമന്ത്രിയുടെ മുഖംമൂടി ഉപേക്ഷിക്കാൻ കഴിയുമെന്നുമാണ് ഖുശ്‌ബുവിന്റെ മറ്റൊരു ട്വീറ്റ്. ഇന്നലെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ കർണാടക ഹൈക്കോടതി തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ കുറ്റ വിമുക്തയാക്കിയിരുന്നു. ജയലളിതയുടെ അനുയായികൾ കോടതിവിധിയെ ആഘോഷമാക്കുന്നതിനിടെയാണ് രൂക്ഷ വിമർശനവുമായി ഖുഷ്ബു രംഗത്തെത്തിയത്.