ചെന്നൈ: തന്റെ ജീവിതം എന്നെങ്കിലും വെള്ളിത്തിരയിലെത്തുകയാണെങ്കിൽ ലോകസുന്ദരിയും ബോളുവുഡ് നടിയുമായ ഐശ്വര്യ റായ് തന്നെ അവതരിപ്പിക്കണമെന്ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആഗ്രഹിച്ചിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരി ഐശ്വര്യ റായ് എന്നതാണ് കാരണമായി അവർ ചൂണ്ടിക്കാട്ടിയത്. നടിയും അവതാരകയുമായ സിമി ഗേർവാളിനു വർഷങ്ങൾക്കു മുമ്പു നല്കിയ ടെലിവിഷൻ അഭിമുഖത്തിലാണ് ജയലളിത ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

എന്റെ ചെറുപ്പക്കാലം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യ ഐശ്വര്യ തന്നെ. എന്നാൽ ഇപ്പോഴത്തെ ജയയേയും ഭാവിയിലെ ജയയേയും അവതരിപ്പിക്കുക എന്നത് ഒരുപാടു ബുദ്ധിമുട്ടുകൾ നിറഞ്ഞ കാര്യമാണ്. പണ്ട് എലിസബ് ടെയ്‌ലറായിരുന്നു ലോകത്തിലെ ഏറ്റവും സുന്ദരിയെങ്കിൽ ഇന്നത് ഐശ്വര്യയാണ്-ജയലളിത അഭിമുഖത്തിൽ പറയുന്നു.

ജയലളിത, എംജിആർ, കരുണാനിധി എന്നിവരുടെ ജീവിതത്തിന്റെ അംശങ്ങൾ അടർത്തിയെടുത്ത് മണിരത്നം ഒരുക്കിയ 'ഇരുവർ' എന്ന ചിത്രത്തിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ, പ്രകാശ് രാജ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ജയലളിതയോട് സാദൃശ്യമുള്ള കൽപന എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അതിൽ അവതരിപ്പിച്ചത്.

ഇരുവർ കണ്ടതു മുതലാണ് ഐശ്വര്യ ജയലളിതയുടെ മനസ്സിൽ ചേക്കേറുന്നത്. തന്റെ ജീവിതവും രാഷ്ട്രീയവുമെല്ലം തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ ഐശ്വര്യയ്ക്ക് കഴിയുമെന്ന് ജയലളിത വിശ്വസിച്ചിരുന്നതായി സിമി പറയുന്നു.