കൊച്ചി: എസ് 36-കേരളാ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബ്രാൻഡാണ് ഇത്. കൊച്ചിയിൽ ഈ പേരിൽ സ്പോർട്സ് സാധനങ്ങളുടെ കടയുണ്ട്. പോരാത്തതിന് ക്രിക്കറ്റ് അക്കാഡമിയും. ഇതിന് പിന്നിൽ വിയർപ്പൊഴുക്കിയത് ജയൻ തെക്കേടത്ത് എന്ന സെഞ്ചൂറിയൻ ബാങ്കിലെ പഴയ ജീവനക്കാരനാണ്. ക്രിക്കറ്റിനെ മാത്രം പ്രണയിച്ച് ഇന്ത്യ മുഴുവൻ കറങ്ങി നടന്ന കൊച്ചിക്കാരൻ. ശ്രീശാന്തിന്റെ വളർച്ച് മുമ്പിലും പിന്നിലും നിന്ന മലയാളി. ഐപിഎൽ വാതുവയ്‌പ്പിൽ ശ്രീശാന്ത് കുറ്റവിമുക്തനായപ്പോൾ ഏറ്റവും സന്തോഷിച്ച മലയാളിയും ജയൻ തെക്കേടത്ത് എന്ന ഉയരുകൂടുതലുള്ള ഈ മനുഷ്യനായിരുന്നു.

എസ് 36 എന്ന ബ്രാൻഡിന് പിന്നിൽ ശ്രീശാന്തിന്റെ ജേഴ്സി നമ്പറിൽ നിന്ന് കിട്ടിയ ആവേശമായിരുന്നു. ക്രിക്കറ്റ് അക്കാഡമിയുണ്ടാക്കി അതിന്റെ ഡയറക്ടറായി. ക്രിക്കറ്റിനൊപ്പം നീങ്ങിയ ജയനെ കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങി മരിച്ച നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതകൾ ഇതിന് പിന്നിൽ പൊലീസ് സംശയിക്കുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കേരളത്തിന് സ്വന്തമായൊരു ഐപിഎൽ ടീമെന്ന സ്വപ്നവുമായി ആദ്യം ഓടി നടന്നതും ഈ കൊച്ചിക്കാരനായിരുന്നു. പല പ്രമുഖരുമായും ചർച്ച നടത്തി. പിന്നീട് ഇത് റെന്ദേവു സ്പോർട്സ് നേടുകയും ചെയ്തു.

എറണാകുളം ക്രിക്കറ്റ് അസോസിയേഷൻ ഭാഗമായിട്ടും അസോസിയേഷൻ പിടിച്ചെടുക്കാൻ ശ്രമിക്കാത്ത ക്രിക്കറ്റ് സംഘാടകനായിരുന്നു ജയൻ. മുത്തൂറ്റ് എറണാകുളം ക്രിക്കറ്റ് ക്ലബ്ബിനെ ഒരു കാലത്തു നോക്കിയിരുന്നതും ജയനായിരുന്നു. പല പ്രമുഖ രഞ്ജി ട്രോഫി താരങ്ങളും ജയന്റെ പിന്തുണയിൽ വളർന്നു വന്നു. ഐപിഎൽ താരങ്ങളേയും ഈ ക്ലബ്ബുകൾ സംഭാവന ചെയ്തിരുന്നു. ശ്രീശാന്തുമായുള്ള അടുപ്പമായിരുന്നു ഏറ്റവും പ്രധാനം. എസ് 36 എന്ന സ്‌പോർട് കടയുടെ കമ്പനിയിൽ ശ്രീയ്ക്ക് അടക്കം ഓഹരികളും ഉണ്ടായിരുന്നു.

എറണാകുളം ക്രിക്കറ്റ് ക്‌ബ്ലിന്റെ ഭാഗമായിരുന്ന ജയൻ കോവിഡന് തൊട്ട് മുമ്പാണ് ആ ബന്ധം വിട്ട് എസ് 36 എന്ന പേരിൽ പുതിയ കോച്ചിങ് അക്കാഡമി സ്ഥാപിച്ചത്. രഞ്ജി ട്രോഫി കളിച്ചിരുന്ന എറണാകുളത്തെ പല താരങ്ങളുമായി ആത്മബന്ധമുണ്ടായിരുന്നു. ഓസ്‌ട്രേലിയൻ ടീമിന്റെ നെറ്റ് ബൗളറായി മാറിയ ജിയാസിന് എല്ലാ വിധ പിന്തുണയും നൽകിയതും ജയനായിരുന്നു.

ഇടപ്പള്ളിയിലായിരുന്നു മുമ്പ് എറണാകുളം ക്രിക്കറ്റ് ക്ലബ്ബിന്റെ പരിശീലനം. അവിടെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചു നടന്ന ജയൻ പിന്നീട് ഈ ക്ലബ്ബിന്റെ എല്ലാമെല്ലാമായി. ക്യാമ്പുകളും മറ്റും സംഘടിപ്പിച്ച് സംഘടാക മികവ് കാട്ടി. എച്ച് ഡി എഫ് സിയിൽ ജോലി ചെയ്തിരുന്ന ജയൻ പിന്നീട് സെഞ്ചൂറിയൻ ബാങ്കിലേക്ക് മാറി. പിന്നീട് എസ് 36 എന്ന ബ്രാൻഡുമായി മുമ്പോട്ട് പോകാൻ ജോലി ഉപേക്ഷിക്കുകയായിരുന്നു. ജയന്റെ അപ്രതീക്ഷിത വിയോഗം എറണാകുളത്തെ ക്രിക്കറ്റുകാർക്ക് തീരാ നഷ്ടമാണ്. യ്ാത്രകളേയും ജയൻ പ്രണയിച്ചിരുന്നു.

രണ്ടാഴ്ച മുമ്പാണ് സ്വന്തം കാറിൽ കൊച്ചിയിൽ നിന്ന്‌ ലഡാക്കിൽ പോയി ജയൻ മടങ്ങിയെത്തിയത്. സുഹൃത്തുക്കൾക്ക് നിരാശയുടെ ഒരു കണിക പോലും ജയൻ പകർന്നു നൽകിയതുമില്ല.