സിനിമാ പ്രേമികൾക്കിടിയിൽ ഇന്നും സൂപ്പർ താരപരിവേഷത്തോടെ ജീവിക്കുന്ന നടനാണ് ജയൻ. സിനിമയിൽ കരുത്തിന്റെയും പൗരുഷത്തിന്റെയും പൂർണതയായിരുന്ന അനശ്വരനടന്റെ വേർപാടിന്റെ 32 ാം വർഷം കഴിഞ്ഞ ദിവസം ആണ് കടന്ന് പോയത്. ജീവിച്ചിരിക്കുമ്പോൾ പല നടിമാരുടെയും പേരുകൾ ചേർത്ത് ജയൻ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മരിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷം ജയന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ രംഗത്തെത്തിയിരിക്കുന്നു. മംഗളം ദിനപത്രത്തിന്റെ ഓഫീസിൽ കഴിഞ്ഞ ഏഴിന് എത്തി ഈ സ്ത്രീ ഇങ്ങനെ ഒരു അവകാശ വാദം ഉന്നയിച്ച് എന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്.

തിരുവല്ലയിൽ കടമാംകുളത്ത് താമസിക്കുന്നു ജയാ മാത്യു എന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് ജയന്റെ രണ്ട് കുട്ടികളുടെ അമ്മയാണെന്ന അവകാശം ഉന്നയിച്ചത്. 14ാമത്തെ വയസിലാണ് ജയനുമായി പരിചയപ്പെട്ടതും ബന്ധപ്പെട്ടതെന്നും ഇവർ പറഞ്ഞു. ജയനുമായി അടുപ്പത്തിലാകാനുള്ള സാഹചര്യം അവർ വെളിപ്പെടുത്തിയത് ഇങ്ങനെ.

ജയയുടെ വളർത്തച്ഛൻ മൈലൻ തിരുവല്ലയിലെ അറിയപ്പെടുന്ന വെറ്റില ജ്യോത്സ്യനായിരുന്നു. കൃഷ്ണൻനായർ എന്ന ജയൻ ഔദ്യോഗിക ജീവിതത്തിലെ ഒരു കേസിന്റെ കാര്യമറിയാനാണ് മൈലനെ സമീപിച്ചത്. കവടി നിരത്തി, വെറ്റില മഞ്ഞളിൽ മുക്കി കാര്യങ്ങൾ പറയാൻ സഹായിച്ചിരുന്ന, പ്രായത്തിൽ കവിഞ്ഞ വളർച്ചയുണ്ടായിരുന്ന ജയയെ ജയന് ഇഷ്ടമായി.

അവർ നിയമപ്രകാരം വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചു. അതിൽ രണ്ടു മക്കൾ ജനിച്ചു. മകളും മകനും. ജയൻ മരിക്കുമ്പോൾ രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗർഭിണിയായിരുന്നു. ജയന്റെ അമ്മ ജയയെ അംഗീകരിച്ചിരിന്നുവെന്നും, ഒരുലക്ഷം രൂപയും അവർ ജയയ്ക്കു കൊടുത്തിരുന്നുവെന്നും ജയ പറയുന്നു.

രണ്ടു സിനിമകൾ ഒഴികെ, മറ്റെല്ലാ സിനിമകളുടെ ലൊക്കേഷനുകളിലും ജയനോടൊപ്പം ജയ പോകാറുണ്ടായിരുന്നു എന്നാണ് അവകാശപ്പെട്ടത്. അവസാനമായി അവർ തമ്മിൽ കണ്ടതും ഒരുമിച്ച് ജീവിച്ചതും പീരുമേട്ടിൽ 'അറിയപ്പെടാത്ത രഹസ്യം' എന്ന ചിത്രത്തിലാണ്. അവിടെനിന്നാണ് 'കോളിളക്ക'ത്തിൽ അഭിനയിക്കാൻ പോയതും ദാരുണമായ അന്ത്യമുണ്ടായതെന്നും ജയ ഓർക്കുന്നു.

ജയനൊപ്പം സിനിമാ ലൊക്കേഷനുകളിൽ എത്തിയിരുന്നു ജയയും തമിഴ്, മലയാളം സിനിമകളിലായി 210 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.. ഓടയിൽനിന്ന് എന്ന ചിത്രത്തിലാണ് ജയ ആദ്യമായി അഭിനയിച്ചത്. ചെറിയ ചെറിയ റോളുകളായിരുന്നു. അതുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണെന്നാണ് ഇവർ പറയുന്നത്. അതുകൊണ്ട് തന്നെ  സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം ജയന്റെ സ്മരണ നിലനിർത്താനും ജീവിക്കാനുമായി 'ജയൻ ടെയ്‌ലറിങ് സ്‌കൂൾ' തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം ജയന്റെ ചരമവാർഷിക ദിനത്തിൽ 'ജയൻ ടെയ്‌ലറിങ് സ്‌കൂൾ' സജീവമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ വ്യക്തമാക്കി.

ടെയ്‌ലറിങ് സ്‌കൂളിലൂടെ കുറെപ്പേരെ പഠിപ്പിക്കാനും ജീവിക്കാനും അതുകൊണ്ട് കഴിയും എന്നവർ വിശ്വസിക്കുന്ന ഇവർ എല്ലാം അറിഞ്ഞുകൊണ്ട് എന്തെങ്കിലും സഹായം ജയന്റെ ഭാര്യ എന്ന നിലയ്ക്ക് തനിക്കു കിട്ടുമെന്നുള്ള വിശ്വാസത്തിലാണ്.