അടിമാലി: ദുബായിൽ ജോലി നോക്കിയിരുന്ന കമ്പനിയിൽനിന്നു കോടികൾ അപഹരിച്ചു മുങ്ങിയ യുവാവ് അടിമാലിയിൽ അറസ്റ്റിൽ. അടിമാലി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കുരിശുപാറ ചെറുവാഴത്തോട്ടം ജയപ്രസാദിനെ (36) ആണു പൊലീസ് അറസ്റ്റ് ചെയ്തത്. മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി ജാമ്യം നൽകി വിട്ടയച്ചു. ദുബായ് കമ്പനിയിലെ മാനേജരുടെ പരാതിയിലാണ് അറസ്റ്റ്.

ദുബായി കമ്പനിയിൽ നിന്നു ജയപ്രസാദ് 3.25 കോടി രൂപ അപഹരിച്ചെന്നാണു കമ്പനി മാനേജരുടെ പരാതി. ജർമൻ കമ്പനിയായ ഇസഡ് എഫ് മിഡി ലിസ്റ്റിൽ പത്ത് വർഷത്തോളം അക്കൗണ്ടന്റായിരുന്നു ജയപ്രസാദ്. 2015 ജനുവരി മുതൽ 2016 ഒക്ടോബർ വരെ കണക്കിൽ കൃത്രിമം കാണിച്ച് മൂന്നേകാൽ കോടി അപഹരിച്ചതായാണ് പരാതി.

വിവാഹശേഷം ദുബായിയിൽ സ്വന്തമായി വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങി. ഇതോടൊപ്പം ആഡംബര ജീവിതവും നയിച്ചു. മുന്തിയ കാറും വാങ്ങിയതോടെ കമ്പനി അധികൃതർക്ക് സംശയം തോന്നി. തുടർന്ന് കമ്പനിയുടെ കണക്കുകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കള്ളത്തരം കണ്ടെത്തിയത്. ഇതോടെ വസ്ത്രവ്യാപാര സ്ഥാപനവും ജോലിയും ഉപേക്ഷിച്ച് ജയപ്രസാദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കമ്പനി മാനേജരായ സന്തോഷ് കുറുപ്പ് പരാതി നൽകിയിരുന്നു. ഐജിയുടെ നിർദ്ദേശ പ്രകാരം ജയപ്രസാദിനെതിരെ ജൂലൈ 10ന് പൊലീസ് കേസെടുത്തു. ഇത് മനസിലാക്കിയ ജയപ്രസാദ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ കോടതി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് സിഐ ഓഫിസിൽ എത്തിയത്.