ദോഹ: ലോകത്തിലെ പ്രമുഖ സംവിധായകർ മുഴുവൻ ചലച്ചിത്ര രൂപം നല്കിയിട്ടുള്ള ഷേക്ക്‌സ്പിയറുടെ മാക്‌ബെത്തിനെ സിനിമാരൂപത്തിലേക്ക് മാറ്റുമ്പോഴുള്ള വെല്ലുവിളിയായിരുന്നു 'വീരം' സിനിമ ചെയ്യുമ്പോൾ താൻ നേരിട്ട പ്രധാന വെല്ലുവിളിയെന്ന് സംവിധായകൻ ജയരാജ്.

ഷെക്‌സ്പിയറുടെ മാക്‌ബത്തിനും ചതിയൻ ചന്തുവിന്റെ കഥയ്ക്കും തമ്മിൽ വളരെയധികം സാദൃശ്യങ്ങൾ ഉണ്ടായിരുന്നതിനാൽ കഥയിൽ തങ്ങൾക്ക് ഏറെയൊന്നും പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നില്ല. ഒരു വടക്കൻ വീരഗാഥയിൽ എം ടി ചരിത്രത്തെ പുനർവായന നടത്തിയതുപോലെ വീരത്തിൽ ചെയ്യേണ്ടി വന്നില്ല. ചന്തുവിന്റെ ചതി നിലനിന്നാൽ മാത്രമേ മാക്‌ബത്തുമായി യോജിച്ച് പോകുമായിരുന്നുള്ളുവെന്നും ജയരാജ് പറഞ്ഞു.

ചലച്ചിത്രത്തിന്റെ ഗൾഫ് റിലീസിംഗുമായി ബന്ധപ്പെട്ട് ദോഹയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംവിധായകൻ മനസ്സു തുറന്നത്. ജയരാജും നായകൻ കുനാൽ കപൂറും ഖത്തറിലെ പ്രവാസിയായ നിർമ്മാതാവ് ചന്ദ്രമോഹനും അദ്ദേഹത്തിനൊപ്പം വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. താൻ കണ്ട വലിയ സ്വപ്നമായിരുന്നു വീരമെന്ന് ജയരാജ് പറഞ്ഞു.