- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിണറായിക്ക് മുകളിൽ മറ്റാരും വേണ്ട; ഉറപ്പാണ് പിജെ ഫ്ളക്സ് അപ്രത്യക്ഷം; ധർമ്മടത്തെ ആ വിരചരിതം എടുത്തു മാറ്റിയത് പാർട്ടിയോ? ജയരാജൻ അനുകൂലികളുടെത് അതിമോഹം! പിജെ ആർമിയെ ശക്തമായി പ്രതിരോധിക്കുന്നത് തുടരും; ധർമ്മടത്തെ ചക്കരക്കൽ ആർവി മെട്ടയിൽ കവലയിൽ 'ഉറപ്പാണ് ജയരാജൻ' കാണാതാകുമ്പോൾ
കണ്ണുർ: കണ്ണൂരിൽ പി.ജെ ആർമി ക്ക് ശക്തമായ തിരിച്ചടി നൽകി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്തെ ചക്കരക്കൽ ആർ.വി മെട്ടയിൽ ഉറപ്പാണ് ജയരാജൻ എന്ന പേരിൽ ഉയർത്തിയ കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് അപ്രത്യക്ഷമായി. കഴിഞ്ഞ ദിവസം മുതലാണ് ബോർഡ് കാണാതായത്.
സിപിഎം നേത്യത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ബോർഡ് മാറ്റിയതെന്ന സൂചനയുണ്ട്. ഇതോടെ പാർട്ടിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ വെച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് സിപിഎം കണ്ണുർ ജില്ലാ നേതൃത്വം നൽകുന്നത്. നാലു ദിവസം മുൻപാണ് പോരാളികളെന്ന പേരിൽ ഉറപ്പാണ് പി.ജെയെന്ന ഫ്‌ളക്‌സ് ബോർഡ് ചക്കരക്കൽ - തലശേരി റോഡിലെ ആർ.വി മെട്ടയിൽ സ്ഥാപിച്ചത് ' വെള്ളമുണ്ടും ഷർട്ടുമിട്ട് ഇരിക്കുന്ന പി.ജയരാജന്റെ ചിത്രമാണ് അതിലുണ്ടായിരുന്നത്.
പുറകിൽ മങ്ങിയ വെളിച്ചത്തിൽ പി.ജയരാജൻ പ്രസംഗിക്കുന്ന ചിത്രവുമുണ്ടായിരുന്നു. പി. ജയരാജന്റെ ബോർഡ് ധർമ്മടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്ററുകൾക്കു മുകളിലായാണ് ഉയർത്തിയത്. ഇതു ദൃശ്യ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു. നേരത്തെ പി.ജയരാജനെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണുർ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു കൊണ്ട് അമ്പാടി മുക്കിലെ സഖാവായ ധീരജ് കുമാർ പ്രതിഷേധിച്ചിരുന്നു.
എന്നാൽ ധീരജ് കുമാറിനെ തൽക്ഷണം ചെട്ടിപ്പിടിക ബ്രാഞ്ച് അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്താണ് സിപിഎം പ്രതികരിച്ചത്.ഇതിനെ തുടർന്ന് ധീരജ് കുമാർ കണ്ണുർ .അഴിക്കോട് മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നു' പി.ജെ ആർമിയുടെ ഫെയ്‌സ് ബുക്ക് പേജിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരു ക്ഷമായ വിമർശനമാണ് ഉയർന്നു വന്നത്.
എന്നാൽ തനിക്ക് അനുകുലമായി വരുന്ന പ്രതികരണങ്ങളെ തള്ളിപ്പറഞ്ഞു കൊണ്ട് താൻ സിപിഎമ്മിന്റെ ഭാഗമാണെന്ന് ജയരാജൻ തന്റെ ഫെയ്‌സ് ബുക്ക് പേജിലുടെ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങളുടെ തീയും പുകയും താൽക്കാലികമായെങ്കിലും കെട്ടടങ്ങിയത്. സിപിഎം ശക്തികേന്ദ്രമായ ഇരിവേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ആർ.വി മെട്ടയിലാണ് ഫ്ളക്സുയർന്നത്. എന്നാൽ ഞങ്ങളുടെ ഉറപ്പാണ് പി.ജെയെന്നു മാത്രമേ ഫ്ളക്സിൽ എഴുതിയിട്ടുള്ളു. പി.ജെ ആർമിയുടെ പേരിലല്ല ഫ്ളക്സ് ഉയർത്തിയിട്ടുള്ളത്. പോരാളികൾ എന്ന പേരിലാണ് ജയരാജന്റെ ചിത്രം വെച്ച് വോട്ടർമാരെ അഭിസംബോധന ചെയ്തിരുന്നത്. വ്യക്തിപൂജ പാടില്ലെന്ന സിപിഎം നിർദ്ദേശത്തെ തള്ളിക്കളയുന്നതായിരുന്നു ഈ ഫ്ളക്സും.
ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പിജെ ആർമിയെന്ന പേരിലായിരുന്നു പ്രതിഷേധം. ഇതിനെ സിപിഎം തള്ളി പറഞ്ഞു. പിന്നീട് ഇത്തരത്തിലൊരു സൈന്യമോ ആർമിയോ ഇല്ലെന്ന് ജയരാജനും പ്രതികരിച്ചു. അപ്പോഴും കണ്ണൂർ സിപിഎമ്മിലെ വികാരമാണ് പിജെ എന്ന് തെളിയിക്കുന്നതാണ് പുതിയ ഫ്ളക്സ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കാനിരിക്കുന്ന പാർട്ടി സമ്മേളനങ്ങളിൽ ജയരാജൻ വലിയ ഫാക്ടറാകാനും സാധ്യതയുണ്ട്. ഉറപ്പാണ് എൽഡിഎഫ് എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ സിപിഎം മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ഇതിനെ കളിയാക്കുന്നത് കൂടിയാണ് പുതിയ ഫ്ളക്സ്. 'ഞങ്ങടെ ഉറപ്പാണ് പിജെ' എന്ന് ബോർഡിലെ വാചകത്തിന് കളിയാക്കൽ ധ്വനിയും ഉണ്ട്. പി.ജയരാജന് സീറ്റ് നിഷേധിച്ചതിലുള്ള അമർഷം ആ മേഖലയിലുണ്ട്. പിജെ ആർമി എന്ന ഫേസ്‌ബുക്ക് പേജിൽ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ അടക്കുമുള്ള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമർശിച്ചിരുന്നു. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് പി.ജെ ആർമി എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചാരണങ്ങളെന്ന് ജയരാജൻ വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ