തലശേരി: കതിരൂർ മനോജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ സിബിഐ കസ്റ്റഡിയിൽ വിട്ടു കൊണ്ട് തലശേരി സെഷൻസ് കോടതി ഉത്തരവിട്ടു. മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ തീരുമാനം. ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് ജയരാജൻ ആശുപത്രിയിൽ കഴിയുന്നതെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ചോദ്യം ചെയ്യലിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ വൈകീട്ട് ആറുവരെ മാത്രമെ അന്വേഷണ ഉദ്യോഗസ്ഥന് അദ്ദേഹത്തെ ചോദ്യം ചെയ്യാനാകൂ. അഭിഭാഷകന്റെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യണമെന്ന ജയരാജന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് ജയരാജൻ ഇപ്പോൾ. ജയരാജൻ ഉള്ളിടത്ത് വച്ച് ചോദ്യം ചെയ്യാമെന്നാണ് കോടതിയുടെ മറ്റൊരു നിർദ്ദേശം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ച് ചോദ്യം ചെയ്യാൻ സിബിഐയ്ക്ക് കഴിയില്ല.

കോടതി നിർദ്ദേശം അംഗീകരിച്ചു പി ജയരാജനെ നാളെ മെഡിക്കൽ കോളേജിൽ ചോദ്യം ചെയ്യാനാണു സിബിഐ തീരുമാനം. ഇക്കാര്യത്തിൽ സിബിഐ റിവ്യൂ ഹർജി നൽകില്ല. ഡിവൈഎസ്‌പി ഹരി ഓംപ്രകാശും സംഘവുമാണു ജയരാജനെ ചോദ്യം ചെയ്യുന്നത്.

നേരത്തെ സിബിഐയുടെ ആവശ്യത്തിന്മേൽ കോടതിയിൽ വിസ്താരം നടന്നെങ്കിലും വിവിധ രോഗങ്ങളുള്ള ജയരാജന്റെ ആരോഗ്യനിലയെ സംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തി റിപ്പോർട്ട് ലഭിക്കണമെന്നതിനാൽ അപേക്ഷയിൽ തീർപ്പു കൽപ്പിക്കുന്നത് നീളുകയായിരുന്നു. കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്നു കോടതിയിൽ കീഴടങ്ങിയ ജയരാജനെ അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ പരിഗണിച്ച് ആദ്യം പരിയാരം മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇവിടങ്ങളിലെയെല്ലാം പരിശോധനാ റിപ്പോർട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് കോടതിയിൽ ഹാജരാക്കി. ഏറ്റവും ഒടുവിൽ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്ററിൽ നടത്തിയ വിദഗ്ധ പരിശോധനാ റിപ്പോർട്ടും കോടതിക്കു ലഭിച്ചു. ജയരാജനു ഗൗരവതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണു പരിശോധന നടത്തിയ കേന്ദ്രങ്ങളിൽ നിന്നെല്ലാമുള്ള റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് സിബിഐയുടെ അപേക്ഷ അംഗീകരിച്ചത്.

കർശന ഉപാദികളും ചോദ്യം ചെയ്യലിന് മുന്നോട്ട് വച്ചിട്ടുണ്ട്. രാവിലെ സമയത്ത് മാത്രമേ ചോദ്യം ചെയ്യാൻ പാടുള്ളൂവെന്നതാണ് വ്യവസ്ഥ. ജയരാജന്റെ റിമാൻഡ് കാലാവധി തീരുന്നതിന് മുമ്പ് ചോദ്യം ചെയ്യൽ പൂർത്തിയാക്കണമെന്ന സൂചനയും വിധിയിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ജയരാജൻ ഉള്ളത്. വിധി വന്ന സാഹചര്യത്തിൽ കോഴിക്കോട് ആശുപത്രിയിൽ നിന്ന് ജയരാജനെ സിബിഐ കസ്റ്റഡിയിൽ എടുക്കും. മൂന്ന് ദിവസം കൊണ്ട് ജയരാജനിൽ നിന്ന് എല്ലാ വിവരവും കിട്ടുമോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. അങ്ങനെ വന്നാൽ വീണ്ടും കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും.

എന്നാൽ നാല് ആൻജിയോപ്ലാസ്റ്റി നടത്തുകയും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് അംഗവൈകല്യം സംഭവിക്കുകയും ചെയ്തുവെന്നതു ചൂണ്ടിക്കാട്ടി പ്രതിഭാഗം കസ്റ്റഡിയിൽ നൽകുന്നതിനെ എതിർക്കുകയായിരുന്നു. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി.ജി. അനിൽകുമാർ മുൻപാകെ വിശദമായ വാദം നടത്തി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ജയരാജന്റെ റിമാൻഡ് കാലാവധി 11 നാണ് അവസാനിക്കുക.

2014 സപ്തംബർ ഒന്നിനാണ് ആർഎസ്എസ് നേതാവായിരുന്ന കതിരൂർ മനോജിനെ ഏഴംഗ സംഘം കൊലപ്പെടുത്തിയത്. കേസിൽ യു.എ.പി.എ അടക്കമുള്ള വകുപ്പുകളാണ് പി ജയരാജനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ മുൻകൂർജാമ്യം തേടി ജയരാജൻ പലതവണ കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചി ല്ല.