കാസർഗോഡ്: കണ്ണൂർ ജില്ലാസെക്രട്ടറി പി. ജയരാജന്റെ കൂറ്റൻ കട്ടൗട്ട്. കാസർഗോഡ് മുള്ളേരിയ പഞ്ചായത്തിലെ കാറഡുക്കയിലാണ് പി.ജയരാജന്റെ കട്ടൗട്ട് സി.പി.എം- ഡി.െവെ.എഫ്.ഐ. പ്രവർത്തകർ സ്ഥാപിച്ചത്. വ്യക്തി പൂജാ വിവാദത്തിനിടെ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടു തള്ളിയാണ് കട്ടൗട്ട് എത്തിയതെന്നാണ് വിലയിരുത്തൽ. സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരായ വെല്ലുവിളിയാണിതെന്നും ആക്ഷേപമുണ്ട്.

ജയരാജൻ സ്വയം മഹത്വവത്കരിക്കുകയാണെന്നും പാർട്ടിക്കു മുകളിൽ വളരാൻ ശ്രമിക്കുകയാണെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നിരുന്നു. ജയരാജനെ കുറിച്ചിറക്കിയ വീഡിയോ ആൽബമായിരുന്നു ഈ വിമർശനത്തിന് കാരണം. എന്നാൽ അണികൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാവിനെ ഭയക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്ന് ആക്ഷേപമെത്തി. പാർട്ടി വികാരം ഉയർത്തിപ്പിടിക്കാൻ വേണ്ടി നിൽക്കുന്ന ജയരാജനെ തള്ളി പറയുന്നതിനെ അണികൾ ഉൾക്കൊണ്ടതുമില്ല.

പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും പോലും വ്യക്തിപരമായി ഉയർത്തുന്ന പ്രചരണങ്ങൾ ഉണ്ടാകാറുണ്ട്. അതൊന്നും വിവാദമായില്ല. എന്നാൽ ജയരാജനെ ബോധപൂർവ്വം ചിലർ വേദനിപ്പിക്കാനായി അനാവശ്യ വിവാദം ഉണ്ടാക്കിയന്നാണ് സിപിഎമ്മുകാർക്കിടയിലെ പൊതു വികാരം. അതുകൊണ്ട് തന്നെ സംസ്ഥാന സമിതിയുടെ വിമർശനത്തിന് ശേഷം പാർട്ടിയിൽ ജയരാജന് ആരാധകർ വർധിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റിയുടെ വിമർശനത്തിനു ശേഷം നടന്ന കണ്ണൂർ ഏരിയാ സമ്മേളനത്തിൽ സപ്പോർട്ട് പി. ജെ. എന്നെഴുതിയ പി. ജയരാജന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് രണ്ടുകുട്ടികളുമെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാറഡുക്കയിൽ ജയരാജന്റെ ഫൽക്സ് ബോർഡുയർന്നത്. പാർട്ടിയിൽ വ്യക്തിപൂജയും വിഭാഗീയ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം നടപടികൾ ഇടവരുത്തുകയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജയരാജന്റെ കട്ടൗട്ട് കാറഡുക്കയിൽ ഉയർന്നത് സി.പി.എം. ജില്ലാ നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുമുണ്ട്.

സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്ത കണ്ണൂരിലെ ദേശീയ സെമിനാറിന്റെ ഉദ്ഘാടനച്ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി പങ്കെടുത്തില്ല. സെമിനാറിൽ പി. ജയരാജൻ അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള നേതാവാണ് പ്രകാശ് കാരാട്ട്. അതുകൊണ്ട് തന്നെ ജയരാജന്റെ ഒഴിഞ്ഞു മാറൽ ചർച്ചയുമായി. എന്നാൽ ജയരാജൻ പങ്കെടുക്കില്ലെന്ന് പ്രകാശ് കാരാട്ടിനെ നേരിട്ടുകണ്ട് അറിയിച്ചതായി സംഘാടകർ പറഞ്ഞു. പകരം മേയർ ഇ.പി. ലത അധ്യക്ഷയായി.

പോളിറ്റ് ബ്യൂറോ അംഗവും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ഉദ്ഘാടകനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ പങ്കെടുക്കാതിരുന്നത് സിപിഎമ്മിലെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ അണികളിൽ ചർച്ചയ്ക്കിടയാക്കി. കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാരാട്ടിനെ സ്വീകരിക്കാനും പി. ജയരാജൻ എത്തിയിരുന്നില്ല.