കണ്ണൂർ : കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ജയരാജനെ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തീരുമാനിച്ചതായി സൂചന. പി ജയരാജന് പകരം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എംവി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കാൻ സിപിഎം നേതാക്കൾക്കിടയിൽ ധാരണയുണ്ടായെന്നാണ് സൂചന.

കഴിഞ്ഞ സെപ്റ്റംബറിൽ ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്നതിനു തൊട്ടുമുമ്പുവരെ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ അനിഷേധ്യ നേതാവായിരുന്നു. വ്യക്തിപൂജാ വിവാദം പി ജയരാജന് തിരിച്ചടിയായി. അതിന്റെ പേരിൽ സംസ്ഥാനനേതൃത്വത്തിൽനിന്നു ശാസനയേറ്റുവാങ്ങി. പിണറായിയും കോടിയേരിയും ജയരാജന് എതിരാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജയരാജനെ മാറ്റുന്നത്. മൂന്നുതവണ തുടർച്ചയായി പദവി വഹിച്ചവർ മാറണമെന്ന വ്യവസ്ഥയും ജയരാജന്റെ കാര്യത്തിൽ ഇത്തവണ തന്നെ നടപ്പാക്കും.

പെരുമാറ്റദൂഷ്യ ആക്ഷേപങ്ങളേത്തുടർന്നു പി. ശശി രാജിവച്ചപ്പോൾ 2010-ലാണു പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായത്. തുടർന്ന് 2011-ലും 2014-ലും ജില്ലാസമ്മേളനങ്ങളിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാസമ്മേളനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടതു കണക്കാക്കിയാൽ രണ്ടുതവണയേ ജയരാജൻ സെക്രട്ടറിയായിട്ടുള്ളൂ. അതുകൊണ്ട് തന്നെ വേണമെങ്കിൽ ജയരാജന് തുടരാം. എന്നാൽ പി ജയരാജൻ ഇനി വേണ്ടെന്നാണ് പിണറായി-കോടിയേരി നേതാക്കളുടെ തീരുമാനം. സംസ്ഥാനസമ്മേളനത്തിൽ പുതിയ ചുമതലയേൽപ്പിച്ച് ജില്ലാനേതൃത്വത്തിൽ നിന്നു ജയരാജനെ മാറ്റും. പകരം എംവി ജയരാജൻ എത്തും. പിണറായിയുമായും കോടിയേരിയുമായും അടുത്തു നിൽക്കുന്ന നേതാവാണ് എംവി ജയരാജൻ.

ജില്ലാ സെക്രട്ടറി പദവിയിൽ മൂന്നുതവണ പൂർത്തിയാക്കിയ കാസർഗോഡ് ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ, ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ വയനാട് ജില്ലാ സെക്രട്ടറി എ. വേലായുധൻ, മലപ്പുറം സെക്രട്ടറി പി.പി. വാസുദേവൻ എന്നിവർ ഒഴിയും. എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെയും കൊല്ലം ജില്ലാ സെക്രട്ടറി കെ.എൻ. ബാലഗോപാലിനെയും മാറ്റുന്നതും പരിഗണനയിലാണ്. ഇരുവരേയും പാലമെന്ററി രംഗത്തേക്കു തിരിച്ചുകൊണ്ടുവരാൻ സിപിഎമ്മിനു പദ്ധതിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാൻ സാധ്യതയുള്ളതിനാൽ ഈ സമ്മേളനകാലത്തോ അതിനുശേഷമോ ഇരുവരും സ്ഥാനമൊഴിയും.

ലോക്‌സഭയിൽ എറണാകുളത്ത് രാജീവും കൊല്ലത്ത് ബാലഗോപാലും സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. 2015 കൊൽക്കത്ത പ്ലീനത്തിലെ മാർഗരേഖപ്രകാരം വനിതകൾക്കും യുവാക്കൾക്കും നേതൃത്വത്തിൽ പ്രാതിനിധ്യം നൽകാനാണു സംസ്ഥാനസമിതിയുടെ തീരുമാനം. ദളിത്, മുസ്ലിം, ക്രൈസ്തവവിഭാഗങ്ങൾക്കു കൂടുതൽ പരിഗണന നൽകാനും നിർദേശമുണ്ട്. ഇ.എൻ. മോഹൻദാസിനാണു മലപ്പുറത്തു സാധ്യത. സാമുദായികപ്രാതിനിധ്യം പരിഗണിച്ചാൽ കൂട്ടായി ബഷീറിനും സാധ്യതയുണ്ട്.

എ.എൻ. പ്രഭാകരനോ കെ. ശശാങ്കനോ വയനാട്ടിൽ പാർട്ടിയെ നയിക്കും. കാസർഗോട്ട് ഖാദി ബോർഡ് വൈസ് ചെയർമാൻ എം വി ബാലകൃഷ്ണനാണു മുൻതൂക്കമെന്നാണ് റിപ്പോർട്ട്.