കൊച്ചി: ചോറ്റാനിക്കരയിലെ നവരാത്രി ഉത്സവത്തിന് താരത്തിളക്കമേകി നടൻ ജയറാമും. മേള പ്രമാണിയായാണ് പവിഴമല്ലിത്തറമേളത്തിന് ജയറാമെത്തിയത്. താരം കൊട്ടിക്കയറിയതോടെ ഉത്സവത്തിനെത്തിയവരും ആവേശപ്പൂരത്തിലായി.

നവരാത്രി ആഘോഷത്തോടനുബന്ധിച്ചാണ് ചോറ്റാനിക്കരയിൽ പവിഴമല്ലിത്തറമേളം അരങ്ങേറിയത്. നൂറ്റിയൻപതോളം കലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. ഗുരുനാഥന്മാർക്ക് പ്രണാമം അർപ്പിച്ച് ഏറെ നാളത്തെ തയ്യാറെടുപ്പുകളോടെയാണ് ജയറാം പവിഴമല്ലിത്തറമേളത്തിന് എത്തിയത്.

പെരുവനവും മട്ടന്നൂരുമെല്ലാം താളപ്പെരുക്കം തീർത്ത വേദിയാണ് ചോറ്റാനിക്കര. ഇവിടെ ഇതിന് മുമ്പും ജയറാം കൊട്ടിയിട്ടുണ്ടെങ്കിലും പ്രമാണിയാകുന്നത് ഇതാദ്യമാണ്. സിനിമാ ഷൂട്ടിങ്ങിനിടയിലും ഒറ്റപ്പാലത്തെ കൊട്ടാരം ഹോട്ടലിൽ പുലർച്ചെ അഞ്ചര മുതൽ കഠിന പരിശീലനം നടത്തിയാണ് ജയറാം മേളത്തിനെത്തിയത്.

'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്താണ് ജയറാം. ഷൂട്ടിങ്ങിന്റെ തിരക്കിലും രാവിലെ അഞ്ചര മണി മുതൽ എട്ട് മണി വരെ ചിട്ടയായ പരിശീലനമാണ് നടത്തിയിരുന്നത്. കൂട്ടിന് പ്രദേശത്തെ മേള പ്രമുഖർ കൂടിയായ സുഹൃത്തുക്കളുമുണ്ടായിരുന്നു.