ഷിംല: ഹിമാചൽ പ്രദേശിൽ നീണ്ടുനിന്ന തർക്കങ്ങൾ അവസാനിപ്പിച്ച് മുഖ്യമന്തിയുടെ കാര്യത്തിൽ തീരുമാനമായി. ജയറാം താക്കൂറാണ് പുതിയ മുഖ്യമന്ത്രി. ആർഎസ്എസിന്റെ ഇടപെടലിനെ തുടർന്നാണ് അഞ്ചു തവണ എംഎൽഎയായ ജയറാം താക്കൂർ തലപ്പത്തെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രേകുമാർ ധൂമൽ പരാജയപ്പെട്ടതോടെയാണു മുഖ്യമന്ത്രിയുടെ കാര്യത്തിൽ തർക്കം ഉടലെടുത്തത്.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ധൂമൽ മുഖ്യമന്ത്രിയാകണമെന്ന് ഒരു വിഭാഗവും മുതിർന്ന എംഎൽഎ ജയറാം താക്കൂറിനെ മുഖ്യമന്ത്രിയാക്കണമെന്ന് മറുവിഭാഗവും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കേന്ദ്ര നിരീക്ഷകരായെത്തിയ നിർമല സീതാരാമനെയും നരേന്ദ്രസിങ് തോമറിനെയും പാർട്ടി പ്രവർത്തകർ തടയുന്ന സ്ഥിതിപോലും സംസ്ഥാനത്തുണ്ടായി. കേന്ദ്ര നിരീക്ഷകരും സംസ്ഥാനത്തിന്റെ ചുമതലയുള്ള മംഗൾ പാണ്ഡെയും മുതിർന്ന നേതാക്കളെയും ആർഎസ്എസ് നേതാക്കളെയും കണ്ടശേഷം ഡൽഹിക്കു മടങ്ങിയിരുന്നു.

ജയിച്ച ബിജെപി എംഎൽഎമാരിൽ 26 പേരുടെ പിന്തുണയാണ് ധൂമൽ പക്ഷം അവകാശപ്പെട്ടിരുന്നത്. സ്വന്തം മണ്ഡലത്തിൽ തോറ്റെങ്കിലും സംസ്ഥാനത്ത് ബിജെപി നേടിയ മികച്ച വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത് ധൂമൽ ആണെന്നാണ് അദ്ദേഹത്തിന്റെ അനുയായികളുടെ പക്ഷം.

ധൂമലിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാമിർപുരിൽനിന്ന് ഇത്തവണ അദ്ദേഹത്തെ സുജൻപുരിലേക്ക് മാറ്റിയ തീരുമാനത്തെയും ഇവർ ചോദ്യം ചെയ്യുന്നു. കോൺഗ്രസ് നേതാവ് രജീന്ദർ റാണയ്ക്ക് വ്യക്തമായ പിന്തുണയുള്ള ഇവിടെ ധൂമലിനെ മൽസരിപ്പിച്ച് ബലിയാടാക്കിയെന്നാണ് ഇവരുടെ വികാരം. അതുകൊണ്ടുതന്നെ വിജയിച്ച എംഎൽഎമാരിൽ ഒരാൾ മാറി ധൂമലിനെ ഉപതിരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.എന്നാൽ, സെറാജിൽ നിന്ന് അഞ്ചാം തവണയും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ജയറാം താക്കൂറിനാണ് ഒടുവിൽ നറുക്ക് വീണത്.