തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ നയിക്കുന്നത് ദുർവാശി, ദുരഭിമാനം, പക, അഹന്ത തുടങ്ങിയ വികാരങ്ങളോ? സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ എംജി രാധാകൃഷ്ണൻ മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിലെ പരാമർശം ചൂണ്ടിക്കാട്ടുന്നത് സാമൂഹിക നിരീക്ഷകൻ കൂടിയായ അഡ്വ. ജയശങ്കറാണ്. മികച്ച മാധ്യമപ്രവർത്തകനെന്ന് മുഖ്യമന്ത്രി സാക്ഷ്യപ്പെടുത്തിയിട്ടുള്ള വ്യക്തി കൂടിയാണ് എംജി രാധാകൃഷ്ണൻ. അഞ്ചു വർഷം കൂടുമ്പോൾ ഉണ്ടാകാറുള്ള ഭരണവിരുദ്ധ വിവാരം ആദ്യവർഷത്തിൽതന്നെ പിണറായി സർക്കാരിനെതിരേ ഉയർന്നിരിക്കുകയാണെന്നും അഡ്വ. ജയശങ്കർ കൂട്ടിച്ചേർക്കുന്നു.

അഡ്വ. ജയശങ്കർ കുറിച്ചതിങ്ങനെ:

മെയ്‌ 25,
എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികം.

എൽഡിഎഫ് വന്നു, ഒന്നും ശരിയായില്ല എന്നു കോൺഗ്രസുകാരും എൽഡിഎഫ് വന്നു, എല്ലാം കുളമായി എന്ന് ബിജെപിക്കാരും വിലപിക്കുന്നു. അത് അവരുടെ വയറ്റുപിഴപ്പെന്നു കരുതി സമാധാനിക്കാം.

ഇടതു പക്ഷത്തിന്റെ പണി തീരാൻ പോകുന്നു, കേരളം ഉടനെ ബംഗാളാകും എന്നുമുണ്ട് ഒരു തിയറി.

'മുൻപൊക്കെ സർക്കാരിന് അഞ്ചു വർഷം തികയുമ്പോഴാണ് ഭരണ വിരുദ്ധ വികാരം രൂക്ഷമാകുന്നതെങ്കിൽ ഇക്കുറി ആദ്യമേ അങ്ങനെയാണ് കാര്യങ്ങളുടെ പോക്ക്. ഭരണ രംഗത്ത് ഇത്ര വേഗം, ഇത്ര പരാജയമായ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. ബംഗാൾ ഇന്ന് ചിന്തിക്കുന്നത് കേരളം നാളെ ചിന്തിക്കുമോ?'

'പ്രശ്‌നം വ്യക്തിപരവും വൈകാരികവും മാത്രം. ദുർവാശി, ദുരഭിമാനം, പക, അഹന്ത എന്നിങ്ങനെ പോകുന്നു ഈ സർക്കാരിന്റെയോ അതിനെ നയിക്കുന്നവരുടെയോ പ്രശ്‌നങ്ങൾ. അവയാകട്ടെ അബോധതലങ്ങളിലെ അപകർഷം, അരക്ഷിതബോധം, സർവോപരി വിവരമില്ലായ്മ എന്നിവയിൽ നിന്ന് ഉരുവം കൊള്ളുന്നതുമാണ്..'

ഇത് തിരുവഞ്ചൂർ രാധാകൃഷ്ണനോ എഎൻ രാധാകൃഷ്ണനോ എഴുതിയതല്ല. സഖാവ് പി ഗോവിന്ദപ്പിള്ളയുടെ മകനും സഖാവ് വി ശിവൻ കുട്ടിയുടെ ഭാര്യാസഹോദരനുമായ എംജി രാധാകൃഷ്ണൻ മാതൃഭൂമി ആഴ്ചപതിപ്പിൽ ലേഖനരൂപത്തിൽ എഴുതിയതാണ്. അതും, രാധാകൃഷ്ണൻ മികച്ച മാധ്യമ പ്രവർത്തകനാണെന്ന് മുഖ്യൻ സാക്ഷ്യപ്പെടുത്തിയ ശേഷം.

എംജി രാധാകൃഷ്ണന്റെ ലേഖനം വിജയേട്ടൻ വായിക്കില്ല, വായിച്ചാലും ശൈലി മാറ്റില്ല. ദുർവാശി, ദുരഭിമാനം, പക, അഹന്ത എന്നീ വികാരങ്ങൾ നിലനിർത്തും. കേരളം ബംഗാളല്ല റുമാനിയയോ കംപൂച്ചിയയോ ആയാലും വിജയേട്ടന് പുല്ലാണ്.
ഇടതു ഭരണം നീണാൾ വാഴട്ടേ, വിപ്ലവം ജയിക്കട്ടെ.