- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിജയം വരെയും സമരം ചെയ്യും എന്ന് മുദ്രാവാക്യം വിളിച്ചത് വെറുതെയല്ല; കെ കെ രാകേഷ് നയിച്ച കർഷക സമരം ഡൽഹിയിലും ജീവിത സഖിയുടെ ഉദ്യോഗ സമരം കണ്ണൂരും വിജയിച്ചു; ഒരേ ദിവസം, ഏതാണ്ട് ഒരേ സമയം'; പ്രിയ വർഗീസിന്റെ നിയമനത്തിൽ വിമർശിച്ച് അഡ്വ എ ജയശങ്കർ
കണ്ണൂർ: പരാതികളും പ്രതിഷേധവും ഉയർന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റ ഭാര്യ പ്രിയാ വർഗീസിനെ തന്നെ കണ്ണൂർ സർവകലാശാലയിൽ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി അഡ്വ. എ ജയശങ്കർ.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.'വിജയം വരെയും സമരം ചെയ്യും എന്ന് മുദ്രാവാക്യം വിളിച്ചത് വെറുതെയല്ല. സഖാവ് കെ കെ രാഗേഷ് നയിച്ച കർഷക സമരം ഡൽഹിയിലും സഖാവിന്റെ ജീവിത സഖിയുടെ ഉദ്യോഗ സമരം കണ്ണൂരും വിജയിച്ചു. ഒരേ ദിവസം, ഏതാണ്ട് ഒരേ സമയം. ഈ വിജയം എല്ലാ സമരസഖാക്കൾക്കുമായി സമർപ്പിക്കുന്നു. അഭിവാദ്യങ്ങൾ, ആശംസകൾ.' ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
അസോസിയേറ്റ് പ്രൊഫസറാകാൻ നടത്തിയ അഭിമുഖത്തിൽ പ്രിയവർഗീസിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിന് പിന്നാലെയാണ് സർവകലാശാല നിയമനം നൽകുമെന്ന് അറിയിച്ചത്.
പ്രിയയ്ക്ക് മതിയായ യോഗ്യതയില്ലെന്ന പരാതിയും പ്രതിഷേധവും വകവയ്ക്കാതെയാണ് യൂണിവേഴ്സിറ്റിയുടെ തീരുമാനം. അഭിമുഖത്തിൽ രണ്ടാം സ്ഥാനം എസ്ബി കോളേജ് എച്ച്ഒഡി ജോസഫ് സ്കറിയയ്ക്കാണ്. ഇനി ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
യുജിസി വ്യവസ്ഥയനുസരിച്ചുള്ള അദ്ധ്യാപന പരിചയം ഇല്ലെന്നാണ് പ്രിയയ്ക്കെതിരായ പ്രധാന ആക്ഷേപം. അപേക്ഷ സ്വീകരിച്ചതിന്റെ പിറ്റേ ദിവസം തന്നെ തിരക്കിട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കിയെന്നും പരാതിയുണ്ട്. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസർക്ക് ഗവേണഷ ബിരുദവും എട്ട് വർഷം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലുള്ള അദ്ധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമർശിക്കുന്നു.
2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്നുവർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. പ്രിയാ വർഗിസീന്റെ ആകെ അദ്ധ്യാപന പരിചയം നാല് വർഷം മാത്രമാണ്.
ഗവേഷണം കഴിഞ്ഞ് 2019 മുതൽ രണ്ട് വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവർ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉള്ളതിനാൽ ഈ തസ്തികയും അദ്ധ്യാപന പരിചയത്തിൽ ഉൾപ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വർഗീസ് കണ്ണൂർ സർവകലാശാലയിൽ തുടക്കത്തിൽ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ശരിയായ യോഗ്യത ഇല്ലെന്ന് ഒറ്റ നോട്ടത്തിൽ മനസിലാകും എന്നിരിക്കെ പ്രിയാ വർഗീസിനെയും ഉൾപ്പെടുത്തി സർവകലാശാല തിടുക്കപ്പെട്ട് ചുരുക്കപ്പട്ടിക തയ്യാറാക്കി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. തൊട്ടടുത്ത ദിവസം തന്നെ സർവകലാശാല സ്ക്രീനിങ് കമ്മിറ്റി കൂടി പ്രിയാ വർഗീസിനേയും ഉൾപ്പെടുത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി നിയമന നീക്കത്തിനെതിരെ ഗവർണ്ണർക്ക് പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല സെനറ്റ് ആർ കെ ബിജു വിസിക്ക് പരാതി നൽകുകയും ചെയ്തു. അതേ സമയം തനിക്ക് മതിയായ യോഗ്യതയുണ്ടെന്ന് പ്രിയാ വർഗീസിന്റെ പ്രതികരണം.
ന്യൂസ് ഡെസ്ക്