- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാസിന്റെ കുടുംബത്തോടൊപ്പം ഭക്ഷണം; ഉള്ളിൽ തോന്നിയത് പറയട്ടേ എന്ന് നടൻ ചോദിച്ചപ്പോൾ സമ്മതം മൂളിയ മന്ത്രിയും ചിറാപൂഞ്ചി ചർച്ച പ്രതീക്ഷിച്ചില്ല; വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോൾ, 'ഓ കേരളമെത്തി' എന്നു പറയേണ്ട സ്ഥിതിയോ? മന്ത്രി റിയാസിനോട് ജയസൂര്യ ചതികാട്ടിയോ?
തിരുവനന്തപുരം: കേരളത്തിലെ റോഡ് നന്നാക്കാത്തതിനു തടസ്സം മഴയാണെങ്കിൽ, ചിറാപ്പുഞ്ചിയിൽ റോഡ് ഉണ്ടാകില്ലെന്ന വിമർശനവുമായി നടൻ ജയസൂര്യ എത്തുമ്പോൾ അതിനെ പോസിറ്റീവായി എടുക്കാൻ മന്ത്രി മുഹമ്മദ് റിയാസ്. പരാമർശം വിവാദമായതിനു പിന്നാലെ, ചിറാപ്പുഞ്ചിയിൽ 10,000 കിലോമീറ്റർ റോഡ് മാത്രമേയുള്ളൂവെന്ന മറുപടിയുമായി മന്ത്രി രംഗത്തെത്തി. തുടർന്ന്, മന്ത്രിയുടെ അനുവാദത്തോടെയാണു പരിപാടിയിൽ വിമർശനമുന്നയിച്ചതെന്നു ഫേസ്ബുക്കിൽ വിശദീകരിച്ചു ജയസൂര്യ വിവാദം മയപ്പെടുത്തുകയും ചെയ്തു. റിയാസുമായി ഏറ്റുമുട്ടലിനില്ലെന്ന സൂചന ജയസൂര്യയും നൽകുന്നുണ്ട്. ഏതായാലും ചിറാപൂഞ്ചി ചർച്ച അപ്രതീക്ഷിതമായി എന്ന നിലപാടിലാണ് മന്ത്രിയും
റോഡ് നിർമ്മിച്ച ശേഷം കരാറുകാരൻ പരിപാലിക്കേണ്ട കാലാവധി (ഡിഫക്ട് ലയബിലിറ്റി പീരിയഡ്), കരാറുകാരന്റെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും പേരും നമ്പറും സഹിതം പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം. മന്ത്രിയും ജയസൂര്യയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പിന്നീടു കണ്ണൂർ മട്ടന്നൂരിൽ മന്ത്രി റിയാസ് ഇങ്ങനെ പ്രതികരിച്ചു: 'ചിറാപ്പുഞ്ചിയിൽ 10000 കിലോമീറ്റർ റോഡും, കേരളത്തിൽ 3.5 ലക്ഷം കിലോമീറ്റർ റോഡുമാണുള്ളത്. ഈ പ്രതികൂല കാലാവസ്ഥയിലും കേരളത്തിൽ ബഹുഭൂരിപക്ഷം റോഡിനും ഒരു കേടും പറ്റിയിട്ടില്ല. റോഡ് അറ്റകുറ്റപ്പണിക്കു മഴ പ്രശ്നം തന്നെയാണ്.'-ഇതായിരുന്നു പിന്നീട് റിയാസിന്റെ പോസിറ്റീവ് റസ്പോൺസ്.
നിവൃത്തികെട്ടു താൻ റോഡിൽ കുഴിയടയ്ക്കാൻ ഇറങ്ങിയ പഴയ കാര്യം ഓർമിപ്പിച്ചുകൊണ്ട്, അതു തന്നെയാണ് ഇപ്പോഴും കേരളത്തിലെ റോഡുകളുടെ അവസ്ഥയെന്നു ജയസൂര്യ പറഞ്ഞു: ''നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നതു പൗരന്റെ അപേക്ഷയോ ആഗ്രഹമോ അല്ല. അവകാശമാണ്. അവർക്കു റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ. അതു ചെയ്യാത്തതിന് എന്തു കാരണം പറഞ്ഞിട്ടും കാര്യമില്ല. പുലിവാൽ കല്യാണം സിനിമയിൽ ദുർഗന്ധം ശ്വസിച്ച് ഉറക്കത്തിൽനിന്നുണർന്ന സലിം കുമാറിന്റെ കഥാപാത്രം 'ഓ കൊച്ചിയെത്തി' എന്നൊരു ഡയലോഗ് പറയുന്നുണ്ട്. വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോൾ, 'ഓ കേരളമെത്തി' എന്നു പറയേണ്ട സ്ഥിതിയാണുള്ളത്.'' ഊർജസ്വലനായ മന്ത്രിയുടെ നേതൃത്വത്തിൽ റോഡുകൾ നന്നാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.
മന്ത്രിയുടെ മറപുടിക്ക് പിന്നാലെയാണ് ജയസൂര്യ വിശദീകരണവുമായി എത്തിയത്. സർക്കാരുമായി കൊമ്പു കോർക്കാനില്ലെന്ന് താര സംഘടനയായ അമ്മയിലെ പ്രമുഖനായ ജയസൂര്യ പറയുകയായിരുന്നു ഇതിലൂടെ. ഉള്ളിൽ തോന്നുന്നതു പറഞ്ഞോട്ടെ എന്നു മന്ത്രിയോടു അനുമതി വാങ്ങിയ ശേഷമാണു പ്രസംഗത്തിലെ പരാമർശങ്ങൾ താൻ നടത്തിയതെന്നു ജയസൂര്യ ഫേസ്ബുക്കിൽ എഴുതിയത്. ഏതായാലും ജയസൂര്യയുടെ വാക്കുകൾ വലിയ ചർച്ചയായിട്ടുണഅട്. പൊതുവേദിയിൽ വച്ച് മന്ത്രിയെ സാക്ഷിയാക്കി നടത്തിയ വിമർശനത്തിനു മുൻപ് സംഭവിച്ച കാര്യങ്ങളെ കുറിച്ച് ജയസൂര്യ തന്നെ പറയുന്നു. ഉള്ളിലുള്ളത് പറഞ്ഞോട്ടെ എന്നു ചോദിച്ചപ്പോൾ ഉള്ളതു പറയുന്നയാളായതു കൊണ്ടാണ് നിങ്ങളെ വിളിച്ചതെന്നാണ് റിയാസ് പറഞ്ഞതെന്ന് ജയസൂര്യ കുറിച്ചു.
ജയസൂര്യ പറയുന്നതിങ്ങനെ
ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. ഞാനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും ഞാൻ സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട്.
രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് ശ്രീ മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതു കൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം. ആ വാക്കുകൾ ഞാൻ മുന്നേ സൂചിപ്പിച്ചതുപോലെ ആത്മാർത്ഥതയുടെ ശബ്ദമായിരുന്നു. ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ഈ വാക്ക് കേവലം ഒരു വാക്കല്ല ഇന്ന് പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തികൾ എന്നെ ബോധ്യപ്പെടുത്തി തന്നത്, അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതൽ നമ്മുടെ റോഡുകളിൽ അത് പണിത കോൺട്രാക്ടറുടെ പേരും ഫോൺ നമ്പറും വിലാസവും പ്രദർശിപ്പിക്കുക എന്ന രീതി. വിദേശങ്ങളിൽ മാത്രം നമ്മൾ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പിൽ വരുത്തുകയാണ്. റോഡുകൾക്ക് എന്ത് പ്രശ്നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂർണ്ണമായും കോൺട്രാക്ടറിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് ഓഡിറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് എന്നതും ഒരു ജനകീയ സർക്കാറിന്റെ ലക്ഷണമാണ്. അതെ ജനകീയമായ ഒരു സർക്കാർ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോൾ ആണ്. ശ്രീ റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണ്. എനിക്കഭിമാനമുണ്ട് അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ. പ്രതീക്ഷയുണ്ട് ഇനി വരുന്ന പ്രവർത്തനങ്ങളിൽ.
മറുനാടന് മലയാളി ബ്യൂറോ