കൊച്ചി: കത്വ മേഖലയിൽ ബലാത്സംഗം ചെയ്യപ്പെട്ട് മരിച്ച എട്ടുവയസുകാരിയുടെ മരണത്തിൽ കടുത്ത പ്രതിഷേധവുമായി നടൻ ജയസൂര്യ രംഗത്ത്. അവരെ തൂക്കികൊല്ലു എന്ന് എഴുതിയ പേപ്പർ മകൾക്കൊപ്പം പിടിച്ചുകൊണ്ടാണ് ജയസൂര്യയുടെ പ്രതികരണം. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ജയസൂര്യ പ്രതിഷേധം അറിയിച്ചത്.

നേരത്തെ ദുൽഖർ സൽമാൻ എക്കാലത്തേയും ഹൃദയഭേദകമായ സംഭവമാണിതെന്നാണ് അഭിപ്രായപ്പെട്ടത്. കത്വയിൽ പിടഞ്ഞ് മരിച്ച പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നും ദുൽഖർ അഭിപ്രായപ്പെട്ടു. മഞ്ജുവാര്യർ, പാർവ്വതി, ടൊവിനോ എന്നവരും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ദേശീയ പുരസ്‌കാരനിറവിൽ നിൽക്കവെ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയാണ് പാർവ്വതി രംഗത്തെത്തിയത്. 'ഞാൻ ഹിന്ദുസ്ഥാനാണ്, ഞാൻ ലജ്ജിക്കുന്നു. 'ദേവിസ്ഥാൻ' അമ്പലത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക' എന്നെഴുതിയ പ്ലക്കാഡുയർത്തി നിൽക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് പാർവതി പ്രതിഷേധവുമായി രംഗത്തെത്തിയത്.

കശ്മീരിലെ കത്വ മേഖലയിൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി ലഭിക്കാനായി രാജ്യം ഒന്നായി അണിനിരക്കുന്നു. സമസ്തമേഖലകളിലും പ്രതിഷേധം അലയടിക്കുകയാണ്.