കൊച്ചി: സിനിമാ ലോകത്തു നിന്നും പുറത്തുവരുന്ന വാർത്തകൾ ക്വട്ടേഷൻ കഥകളുടേതാണ്. സഹപ്രവർത്തകയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുക്കുന്നവർക്കിടയിൽ വ്യത്യസ്തനാകുയാണ് ജയസൂര്യ. ജനോപകാപ്രദമായ നിരവധി കാര്യങ്ങൾ ചെയ്യാൻ തൽപ്പരനായ അദ്ദേഹം വീണ്ടും ശ്രദ്ധ നേടിയത് റോഡപകടത്തിൽ പെട്ട് ചോരയിൽ കുളിച്ചു കിടന്നയാളെ സഹായിച്ചു കൊണ്ടാണ്. അപകട സ്ഥലത്ത് വെച്ച് ആളുകൾ തർക്കിച്ചു നിൽക്കുന്ന സമയത്താണ് ജയസൂര്യയുടെ ഭാഗത്തു നിന്നും അതിവേഗ ഇടപെടൽ ഉണ്ടായത്.

ജയസൂര്യ തന്നെ തന്റെ വാഹനത്തിൽ അയാളെ ആശുപത്രിയിലുമെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചുവെന്നും പിന്നീട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നെന്നുമാണ് ജയസൂര്യ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ: അങ്കമാലിയിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാൻ. ഒബ്റോൺ മാളിന് സമീപത്ത് ഒരു ആൾക്കൂട്ടം കണ്ടു. ആക്സിഡന്റാണെന്ന് സംശയം തോന്നിയപ്പോൾ ്രൈഡവറോട് വണ്ടി ഒതുക്കാൻ പറഞ്ഞു. അയാൾ ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോൾ ആളുകൾ പരസ്പരം തർക്കിച്ച് നിൽക്കുകയാണ്. അടുത്തു ചെന്നപ്പോൾ അയാൾ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും അവിടെ ഉണ്ടായിരുന്ന ഒരു പയ്യനും കൂടി അദ്ദേഹത്തെ നേരെ ഇടപ്പള്ളിയിലുള്ള എംഎജെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

ഹോസ്പിറ്റലിൽ എത്തിയപ്പോൾ പലരും വിചാരിച്ചത് എന്റെ വണ്ടി തട്ടിയാണ് അയാൾക്ക് അപകടം പറ്റിയതെന്നാണ്. ഞാൻ അവരോട് കാര്യം പറഞ്ഞു. എനിക്ക് അദ്ദേഹത്തെ അറിയില്ലെന്നും ഏതോ ഒരാൾ ഇടിച്ചിട്ട് പോയതാണെന്നും. ലൊക്കേഷനിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ അദ്ദേഹം എന്നെ നന്ദിയോടെ ഒന്നു നോക്കി. ഞാൻ വലിയ കാര്യം ചെയ്തു എന്ന തോന്നൽ എനിക്കില്ല. ഒരുകാര്യം ഞാൻ പറയട്ടെ. ആർക്കും ജീവിതത്തിൽ അബദ്ധം സംഭവിക്കാം. നമ്മുടെ വണ്ടി മറ്റൊരാൾക്ക് മേൽ തട്ടാം. പക്ഷേ അവരെ ഉപേക്ഷിച്ച് കടന്നുകളയരുത്. അപകടത്തിൽപ്പെട്ടത് നമ്മുടെ ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ ആശുപത്രിയിൽ എത്തിക്കണമെന്നും ആ സമയത്ത് തർക്കിക്കാൻ നിൽക്കരുതെന്നും ജയസൂര്യ പറയുന്നു.