കൊച്ചി: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസമായിരുന്ന വിപി സത്യന്റെ ജീവിതം സിനിമയായ ക്യാപ്റ്റൻ മികച്ച പ്രതികരണമാണ് നേടുന്നത്. ജയസൂര്യ ക്യാപ്റ്റനായി എത്തിയ ചിത്രം സത്യന്റെ ജീവിതത്തിലെ വൈകാരിക മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ഒരുക്കിയത്. ഇപ്പോൾ ചിത്രം കണ്ട ബ്ലാസ്‌റ്റേഴ്‌സ് താരം സി കെ വിനീത് ജയസൂര്യയോട് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. തങ്ങളുടെ ജീവിതം തന്നെയാണ് സ്‌ക്രീനിൽ കണ്ടതെന്നും തങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണിക്കൾക്ക് കാണിച്ചു കൊടുത്തതിന് നന്ദിയെന്നും വിനീത് പറഞ്ഞതായി ജയസൂര്യ പറയുന്നു. ജയസൂര്യ തന്റെ ഫേസ്‌ബുക്ക് വഴിയാണ് വിനീതിന്റെ പ്രതികരണം പങ്ക് വെച്ചത്

ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

90 മിനിറ്റ് മാത്രം എല്ലാവർക്കും പരിചയമുള്ള സികെ വിനീത്. ഇതിനു മുൻപുള്ള വ്യക്തി ജീവിതം, ഞങ്ങൾ അനുഭവിക്കുന്ന വേദനകൾ, മാനസിക സംഘർഷങ്ങൾ അതിന്റെ മുന്നിലൊന്നും ഒരു ക്യാമറയും എത്താറില്ല. അല്ലെങ്കിൽ ആ വേദനയൊന്നും ഞങ്ങൾ ആരെയും കാണിക്കാറുമില്ല. അതെല്ലാം വിപി സത്യനിലൂടെ കാണിച്ചപ്പോ ഞങ്ങൾക്ക് ഞങ്ങളെത്തന്നെയാണ് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത് ജയേട്ടാ. ഞങ്ങളുടെ കളിക്കളത്തിന് പുറത്തുള്ള ജീവിതം, കാണിക്കൾക്ക് കാണിച്ചു കൊടുത്തതിന് നന്ദി.' എന്റെ സുഹൃത്ത് സികെ വിനീത് ഇന്നലെ ചിത്രം കണ്ടിട്ട് എന്നോട് പറഞ്ഞത് എന്ന് കുറിച്ചുകൊണ്ടാണ് ജയസൂര്യ വിനീതിന്റെ വാക്കുകൾ പങ്കുവെച്ചിരിക്കുന്നത്.

ഫുട്‌ബോൾ ഇതിഹാസ പുരുഷനായ വിപി സത്യന്റെ കഥ പറയുന്ന സിനിമയായതുകൊണ്ടാണ് ചിത്രം കാണാനെത്തിയതെന്ന് സികെ വിനീത് പറഞ്ഞു. ജയസൂര്യക്കും അനുസിത്താരക്കൊപ്പവുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സികെ വിനീത്, റിനോ ആന്റോ എന്നിവർ ചിത്രം കണ്ടത്.