കൊച്ചി: മലയാള സിനിമാലോകം ഏറെ പ്രാർത്ഥനകൾ നേർന്ന വ്യക്തിത്വമാണ് സംവിധായകനും നടനുമായ സിദ്ധാർത്ഥിന്റേത്. കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട വേളയിലാണ് സിനിമാലോകം അദ്ദേഹത്തിനായി പ്രാർത്ഥനകൾ നേർന്നത്. നടി കൂടിയായ കെപിഎസി ലളിതയുടെ കണ്ണുനീരും ഇതിന് ഒരു കാരണമാണ്. ഒടുവിൽ ജീവിതത്തിലേക്ക് തിരികെയെത്തി സിദ്ധാർത്ഥ്. ആശുപത്രി വിട്ട സിദ്ധാർത്ഥ് പൊതുവേദിയിലുമെത്തി. ഇങ്ങനെയുള്ള സിദ്ധാർത്ഥിനെ നടൻ ജയസൂര്യ വിശേഷിപ്പിച്ചത് ആത്മവിശ്വാസം കൊണ്ട് ജീവിതം തിരിച്ചു പിടിച്ചവൻ എന്നാണ്.

സിദ്ദാർഥിനൊപ്പമുള്ള ഫോട്ടോ നടൻ ജയസൂര്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് ഇങ്ങനെ വിശേഷിപ്പിച്ചത്. ആത്മവിശ്വാസം കൊണ്ട് ജീവിതം തിരിച്ചുപിടിച്ചവൻ എന്നാണ് ജയസൂര്യ എഴുതിയിരിക്കുന്നത്. ചന്ദ്രേട്ടൻ എവിടെയാ എന്ന വിജയചിത്രത്തിനുശേഷമാണ് അപ്രതീക്ഷിതമായി അപകടം സിദ്ദാർഥിനെത്തേടി വരുന്നത് സെപ്റ്റംബർ 12ന് കൊച്ചി ചമ്പക്കരയിൽ കാർ മതിലിലിടിച്ചാണ് അപകടമുണ്ടാകുന്നത്.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. മസ്തിഷ്‌കത്തിൽ രക്തസ്രാവമുള്ളതിനാൽ അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. രണ്ടു ദിവസത്തിന് ശേഷം നില അൽപ്പം മെച്ചപ്പെടുകയും വെന്റിലേറ്ററിൽ നിന്നും മാറ്റുകയും ചെയ്തതോടെ സിദ്ധാർഥ് അപകടനില തരണം ചെയ്തിരുന്നു.

സംവിധായകൻ ഭരതന്റെയും നടി കെ.പി.എ.സി ലളിതയുടെയും മകനാണ് സിദ്ധാർഥ് ഭരതൻ. കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തി. നിദ്ര, ചന്ദ്രേട്ടൻ എവിടെയാ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.