മൂവാറ്റുപുഴ: കായൽ കയ്യേറി നിർമ്മാണം നടത്തിയ കേസിലെ പ്രതിയായ നടൻ ജയസൂര്യ പാസ്‌പോർട്ട് പുതുക്കുന്നതിന് വിജിലൻസ് കോടതിയിൽ അനുമതി തേടി. കായൽ കയ്യേറ്റ കേസിലെ അഞ്ചാം പ്രതിയാണ് ജയസൂര്യ. കേസ് പരിഗണിക്കവേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടും ജാമ്യം എടുക്കാതെ എങ്ങനെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകുമെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു.

ഫെബ്രുവരി രണ്ടിനു കേസിൽ കൂടുതൽ വാദം കേൾക്കും. പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണു പരാതിക്കാരൻ. തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പൽ കെട്ടിടനിർമ്മാണച്ചട്ടവും ലംഘിച്ചു ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചതിനു കോർപറേഷൻ അധികൃതർ ഒത്താശ ചെയ്‌തെന്നാണു പരാതി. ഇതേത്തുടർന്നാണു ജയസൂര്യക്കു പാസ്‌പോർട്ട് പുതുക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നത്.