തിരുവനന്തപുരം: ബോളിവുഡിൽ സിനിമാ പ്രചരണത്തിന്റെ ഭാഗമായാണ് പാഡ്മാൻ ചലഞ്ച് പ്രത്യക്ഷപ്പെട്ടത്. അക്ഷയ് കുമാർ സിനിമയുടെ പ്രചരണത്തിനായി ബോളിവുഡ് സൂപ്പർതാരങ്ങൾ വരെ പാഡ് കൈയിലെടുത്തു. ഈ പ്രചരണത്തിൽ പങ്കാളിയായി മലയാളത്തിൽ നിന്നും ഒരു താരവും. നടൻ ജയസൂര്യയാണ് പാഡ്മാൻ സിനിമക്ക് പിന്തുണയുമായി സൈബർ ലോകത്ത് പ്രത്യക്ഷപ്പെട്ടത്.

അക്ഷയ് കുമാർ നായകനായ പുതിയ ചിത്രം പാഡ്മാൻ ഗംഭീരമെന്നാണ് ജയസൂര്യ പറഞ്ഞത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് താരം അഭിപ്രായം അറിയിച്ചത്. സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രവും ജയസൂര്യ പങ്കുവെച്ചിട്ടുണ്ട്. മലയാള സിനിമയിൽ ആദ്യമായിട്ടാണ് പാഡ്മാൻ ചിത്രത്തിന് സപ്പോർട്ട് നൽകി സാനിറ്ററി നാപ്കിനുമായിട്ടുള്ള ചിത്രം ഒരു താരം പങ്കുവെക്കുന്നത്.

സ്ത്രീകളിലെ ആർത്തവം വിഷയമാക്കി ആർ. ബൽകിയാണ് ചിത്രം സംവിധാനം ചെയ്തത്.സാനിറ്ററി നാപ്കിനുകൾ നിർമ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സോനം കപൂറും, രാധികാ ആപ്തെയും നായികമാരായി എത്തിയ ചിത്രം ട്വിങ്കിൾ ഖന്നയും ഗൗരി ഷിണ്ടെയും ചേർന്നാണ് നിർമ്മിച്ചത്.