ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് മൂന്നു ദിവസം മാത്രം മഞ്ജുവാര്യരുടെ ഹൗ ഓൾഡ് ആർ യു മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽനിന്നും തള്ളപ്പെട്ടു. ഒറ്റാൽ, ഒരാൾപൊക്കം, അലിഫ്, 1983, ബാംഗ്‌ളൂർ ഡെയ്‌സ്, അയിൻ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മലയാള ചിത്രങ്ങളുടെ സ്‌ക്രീനിങ് ഇന്നലെയാണ് പൂർത്തിയായത്. കേന്ദ്ര ജൂറി സ്‌ക്രീനിങ് നടത്തിയ 15 മലയാള ചിത്രങ്ങളിൽനിന്നുമാണ് ആറുചിത്രങ്ങൾ ലിസ്റ്റിൽ ഇടംനേടിയത്. മേഖലാ ജൂറി നിരാകരിച്ച 'ഹൗ ഓൾഡ് ആർ യു പരിഗണിക്കണമെന്നു കേന്ദ്ര ജൂറിയിൽ നിർദ്ദേശമുയർന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല.

അതേസമയം ഭരത് അവാർഡിന് മത്സരിക്കാൻ അമീർഖാൻ, മമ്മൂട്ടി, ഷാഹിദ് കപൂർ എന്നിവർക്കൊപ്പം ജയസൂര്യയും അവസാന പട്ടികയിൽ ഇടം നേടിയതായി സൂചനയുണ്ട്. മാധവ് രാംദാസിന്റെ അപ്പോത്തിക്കരി ആണ് ജയസൂര്യയുടെ പ്രകടനത്തിന് മാനദണ്ഡം. പികെ എന്ന സിനിമയിലെ പ്രകടനത്തിന് ആമിർ ഖാനും ഹൈദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാഹിദ് കപൂറുമാണ് മമ്മൂട്ടിക്കും ജയസൂര്യയ്ക്കുമൊപ്പം മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.

വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പി'ലെ അഭിനയത്തിനാണ് മമ്മൂട്ടിയുടെ പേര്് പുരസ്‌കാരത്തിനു പരിഗണിക്കപ്പെട്ടത്. മുന്നറിയിപ്പിലെ സി കെ രാഘവൻ എന്ന ദുരൂഹ വ്യക്തിത്വത്തിനുടമയായ തടവുകാരനെയാണ് മമ്മൂട്ടി മുന്നറിയിപ്പിൽ അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ സമീപകാലത്തെ മികച്ച കഥാപാത്രമായിരുന്നു സി കെ രാഘവൻ. പുരസ്‌കാരം ലഭിച്ചാൽ മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ദേശീയ പുരസ്‌ക്കാരത്തിന്റെ എണ്ണം നാലാകും. ഇതിനകം മൂന്നു തവണ മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1989, 1993, 1998 വർഷങ്ങളിലാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. വിധായകൻ കമൽ.

തമിഴ് സംവിധായകൻ ഭാരതി രാജയാണ് ദേശീയ പുരസ്‌കാര നിർണ്ണയ സമിതി ചെയർമാൻ. ആകെ എൺപത് ചിത്രങ്ങളാണ് വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നായി മത്സരിക്കുന്നത്. ജൂറിയിൽ കേരളത്തിൽ നിന്നു ഡോ.നന്ത്യത്ത് ഗോപാലകൃഷ്ണൻ അംഗമാണ്. ദക്ഷിണേന്ത്യയിൽ നിന്നുള്ള മറ്റൊരംഗം ഭാഗ്യരാജാണ്.

മികച്ച നടിമാരുടെ വിഭാഗത്തിൽ പ്രധാന മത്സരം പ്രിയങ്കാ ചോപ്രയും കങ്കണാ റണൗട്ടും തമ്മിലാണ്. ക്വീൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് കങ്കണയെയും മേരികോമിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് പ്രിയങ്കയെയും പരിഗണിക്കുന്നു.

ബോളിവുഡുമായാണ് മലയാളം ഇക്കുറി പ്രധാനമായും മത്സരിക്കുന്നത്. ഹൈദർ, ക്വീൻ, പികെ, മേരികോം എന്നീ ചിത്രങ്ങളും മത്സരത്തിനുണ്ട്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ പ്രാദേശിക വിഭാഗത്തിൽ പുരസ്‌കാര സാധ്യത കൽപ്പിക്കപ്പെടുന്ന ചിത്രമാണ്.