തിരുവനന്തപുരം: ജോലിക്ക് പോകുന്ന സ്ത്രീകളെ അവഹേളിക്കുന്ന രീതിയിൽ പ്രഭാഷണം നടത്തിയപ്രഭാഷകൻ മുജാഹിദ് ബാലുശേരിയെ രൂക്ഷമായി വിമർശിച്ച് കെ എസ് യു മലപ്പുറം മുൻ ജില്ല കമ്മറ്റിയംഗവും ആക്ടിവിസ്റ്റുമായ ജെസ്ല മാടശേരി രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ജെസ്ലയുടെ പ്രതികരണം. എന്തായാലും വിവാദം വിതറുന്ന മതപ്രഭാഷകനെതിരെ പ്രതികരിച്ചപ്പോൾ കൊണ്ടത് മുസ്ലിംലീഗിന്റെ പ്രവർത്തകർക്കാണ്. ഇതോടെ മുജാഹിദ് ബാലുശ്ശേരിക്ക് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് ഇക്കൂട്ടർ. മുജാഹിദ് ബാലുശ്ശേരിയുമായി സംവാദത്തിന് തയ്യാറുണ്ടോ എന്നു ജസ്ലയോട് ചോദിച്ചു കൊണ്ടുള്ള പോസ്റ്റുകൾ മുസ്ലിംലീഗിന്റെ ഗ്രൂപ്പുകളിൽ നിന്നും ഉയർന്നു.

ഇതോടെ ഫേസ്‌ബുക്ക് ലൈവിലൂടെ ചോദ്യങ്ങളുമായി ജസ്ല തന്നെ രംഗത്തെത്തി. മുജാഹിദ് ബാലുശ്ശേരിയെ വിമർശിക്കുമ്പോൾ മുസ്ലിംലീഗുകാർക്ക് കൊള്ളുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ജസ്ല മാടശ്ശേരി ഉന്നയിച്ചത്. ആണുങ്ങൾക്ക് രണ്ടു കെട്ടാൻ അനുവദിക്കുന്ന പെണ്ണുങ്ങൾക്ക് സ്വർഗം ലഭിക്കുമെന്നടക്കം പ്രസംഗിച്ച വ്യക്തിയാണ് മുദാഹിദ് ബാലുശ്ശേരി. അതുകൊണ്ട് ആങ്ങളമാർക്ക് സ്‌നേഹമുണ്ടാകുമെന്ന് പറഞ്ഞാണ് ജസ്ല ലീഗു പ്രവർത്തകരെ വിമർശിക്കുന്നത്.

മുസ്ലിംലീഗിന്റെ പേജുകളിലൂടെ തന്നെ ഡിബേറ്റിന് വെല്ലുവിളിക്കുകയാണ്. ഇങ്ങനെ വെല്ലുവിളിക്കുന്ന ലീഗുകാരോട് ചോദിക്കാനുള്ളത് ലീഗ് ഒരു മതേതര സംഘടനയാണോ എന്നാണ്. ഇടക്കിട് ലീഗ് മതേതര സംഘടനയാണെന്ന് ലീഗുകാർ പറയുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തിനാണ് മുസ്ലിം മതപ്രഭാഷകനെ കുറിച്ച് പറയുമ്പോൾ നിങ്ങൾ പ്രതികരിക്കുന്നതെന്നും ജെസ്ല ചോദിക്കുന്നു. ഇങ്ങനെയാണെങ്കിൽ ലീഗ് വർഗീയ സംഘടന അല്ലേയെന്ന ചോദ്യവും ജെസ്ല ഉന്നയിക്കുന്നു.

ബിജെപി നേതാവ് പറയുകയുണ്ടായി മുസ്സീങ്ങൽ പട്ടിപെറ്റ് കൂട്ടുന്നതു പോലെ പ്രസവിക്കുന്നു എന്ന് പറഞ്ഞ് മുസ്സീംസമൂഹത്തോടുള്ള വിദ്വേഷം വ്യക്തമാക്കിയിരുന്നു. ഇവിടെ മുജാഹിദ് ബാലുശ്ശേരിക്ക് വേണ്ടിയും രംഗത്തിറങ്ങി. ഇവിടെ മുസ്ലിംങ്ങളും ആർഎസ്എസും തമ്മിൽ എന്താണ് വ്യത്യാസം? മതവും രാഷ്ട്രീയം രണ്ടും രണ്ടാണെന്ന് ലീഗ് അണികൾ മനസിലാക്കാത്തത് എന്തുകൊണ്ടാണെന്നും രാഷ്ട്രീയത്തെ മതം കീഴ്‌പ്പെടുത്തുന്നത് ശരിയല്ലെന്നും ജസ്ല പറയുന്നു. സൈബർ ലോകത്തു ലീഗ് നേതാക്കൾ ഇത്തരം അണികളെ എതിർക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ജസ്ലയുടെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കാതെ കടുത്ത വിമർശനമാണ് സൈബർ ലോകത്തെ മുജാഹിദ് ബാലുശ്ശേരിയുടെ അനുയായികൾ നടത്തുന്നത്. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ഉസ്താദുമാർക്കെതിരെ ചീമുട്ട എറിയണം എന്നാണ് ജസ്ല നേരത്തെ ഫേസ്‌ബുക്ക് ലൈവിൽ വിമർശിച്ചത്. പൈസയ്ക്ക് വേണ്ടി മതത്തെ വിൽക്കുന്ന ഇത്തരക്കാർക്ക് ഇത്തരം വിഷയങ്ങളിൽ കാര്യമായ അറിവില്ല. ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്ന് ജെസ്ല അഭിപ്രായപ്പെട്ടിരുന്നു.

ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചാൽ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തിൽ പ്രതികരിക്കില്ല. സ്ത്രീയെന്നാൽ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടിൽ കഴിയേണ്ട വ്യക്തിയല്ല. ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കിൽ അവരെ സംശയിക്കുന്നതുകൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെൺകുട്ടികൾ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തെറ്റിധാരണയാണ് എന്നും ജെസ്ല പറയുന്നു.ജസ്ലയുടെ ഫേസ്‌ബുകക്ക് ലൈവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്.