വിവാദം സൃഷ്ടിക്കാൻ പുതിയ അഭിമുഖവുമായി കൈരളി പീപ്പിൾ ചാനൽ എത്തുന്നു. വിമാനത്താവളംവഴി സ്വർണക്കടത്തു നടത്തുന്ന കേസിലെ മുഖ്യപ്രതി ഫയാസിന്റെ അഭിമുഖമാണു കൈരളി ടിവി സംപ്രേഷണം ചെയ്യുന്നത്. ജോൺ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജങ്ഷനിലാണ് ഫയാസ് പ്രത്യക്ഷപ്പെടുന്നത്. ഫയാസ് എന്ന ഫായിസ് ഇതാദ്യമായി ഒരു മാദ്ധ്യമത്തിന് അഭിമുഖം നൽകുന്നു എന്നാണ് പരിപാടിയെക്കുറിച്ചു പീപ്പിൾ ടിവി പരസ്യം നൽകിയത്. നേരത്തെ 'വെറുക്കപ്പെട്ടവൻ' ഫാരിസ് അബൂബക്കറിന്റെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യൂ സംപ്രേഷണം ചെയ്തു കൈരളി ടിവി മാദ്ധ്യമലോകത്തെ ഞെട്ടിച്ചിരുന്നു.

സ്വർണക്കടത്തിനെപ്പറ്റിയും സ്ത്രീ സൗഹൃദത്തെപ്പറ്റിയും ചന്ദ്രശേഖരരൻ വധക്കേസ് പ്രതികളെ കാണാൻ അറബി വേഷത്തിൽ ജയിലിൽപ്പോയി എന്ന ആരോപണത്തെപ്പറ്റിയും ഫയാസ് വിവരിക്കുമെന്നു ചാനലിന്റെ പരസ്യം വെളിപ്പെടുത്തുന്നു. ഉന്നത രാഷ്ട്രീയബന്ധത്തെപ്പറ്റിയും ജയിലിലെ ഓർമകളെക്കുറിച്ചും സ്വർണക്കടത്തുകാരൻ എന്ന വിശേഷണമുള്ള ഫായിസ് പറയുമെന്നാണു ചാനൽ സൂചിപ്പിക്കുന്നത്. ശനിയും ഞായറാഴ്ചയും രാത്രി ഏഴിനാണ് പീപ്പിളിൽ അഭിമുഖം സംപ്രേഷണം ചെയ്യുന്നത്.

സ്വർണക്കടത്തുകേസിൽ കോഫെപോസെ പ്രകാരം കരുതൽ തടങ്കലിലായിരുന്ന ഫയാസ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സംഭവം വിവാദമാകാതിരിക്കാൻ ആരെയും അറിയിക്കാതെയാണ് ജയിൽ അധികൃതർ ഫയാസിനെ പുറത്തിറക്കിയത്. ജയിൽ ഉദ്യോഗസ്ഥരുമായുള്ള വഴിവിട്ട ബന്ധങ്ങൾ ഒന്നൊന്നായി പുറത്തുവന്നതിനാൽ രഹസ്യമായാണ് ഇയാളെ മോചിപ്പിച്ചത്.

കോഴിക്കോട് ജയിലിൽ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ ഫയാസ് സന്ദർശിച്ചതു വൻ വിവാദമായിരുന്നു. അറബിവേഷത്തിൽ ഫയാസ് ജയിലിലെത്തി എന്നതു ചൂടേറിയ ചർച്ചകൾക്കാണു വഴിതെളിച്ചത്. ഫയാസിന്റെ തീവ്രവാദബന്ധം ചൂണ്ടിക്കാട്ടി ടി പി വധത്തിൽ കൂടുതൽ അന്വേഷണം വേണമെന്നു വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടിരുന്നു.

ജയിലിൽ ഫയാസിന് ബാഡ്മിന്റൺ കോർട്ട് അടക്കമുള്ള സൗകര്യങ്ങൾ നൽകിയത് ഏറെ വിവാദമായിരുന്നു. ജയിലിലെ ഏഴാം ബ്‌ളോക്കിലെ പഴയ അടുക്കളകെട്ടിടം ഇടിച്ചുനിരത്തിയാണ് കോർട്ട് നിർമ്മിച്ചത്.
സംഭവം വിവാദമായതോടെ അവിടെ പച്ചക്കറി നടുകയായിരുന്നു. തുടർന്ന് കോർട്ട് നിർമ്മിക്കാൻ ഉത്തരവിട്ട ആരോപണവിധേയരായ ജയിൽ ഉദ്യോഗസ്ഥരെക്കൊണ്ടുതന്നെ അന്വേഷണം നടത്തി സർക്കാർ കേസ് ഒതുക്കി. ഫയാസ് അറബിവേഷത്തിൽ കോഴിക്കോട് ജയിലിലെത്തെിയതിനെക്കുറിച്ച് അന്വേഷണത്തിന് പ്രത്യേകസംഘം രൂപവത്കരിച്ചെങ്കിലും പിന്നീട് അതും ഒതുക്കി. പൂജപ്പുര ജയിലിലെ പല ഉദ്യോഗസ്ഥർക്കും ഫയാസിന്റെ കൂട്ടാളികൾ സമ്മാനങ്ങൾ നൽകിയെന്ന ആരോപണം ഇന്റലിജൻസ് അന്വേഷിക്കുകയാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫയാസ് നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സിബിഐയും അന്വേഷിക്കുന്നുണ്ട്.

എന്തായാലും ഫാരിസ് അബൂബക്കറിനു പിന്നാലെ മാദ്ധ്യമങ്ങൾക്കു പിടികൊടുക്കാതിരുന്ന ഫയാസിനെയും ജനങ്ങൾക്കു മുന്നിലെത്തിക്കുന്നതോടെ വീണ്ടും ഒരു വിവാദത്തിനു തിരികൊളുത്തുകയാണു പീപ്പിൾ ചാനൽ.