തിരുവനന്തപുരം: മുന്നണിമാറ്റം സംബന്ധിച്ച് ജെ.ഡി.യുവിന്റെ അന്തിമതീരമാനം ജനുവരി 12ന് ഉണ്ടാവുമെന്ന് സൂചന. ജനുവരി 11,12 തിയതികളിൽ പാർട്ടി സംസ്ഥാന കൗൺസിൽ നടക്കുന്നുണ്ട്. ഈ യോഗത്തിലായിരിക്കും മുന്നണിമാറ്റം സംബന്ധിച്ച ജെ.ഡി.യുവിന്റെ അന്തിമതീരുമാനം ഉണ്ടാവുക.

മുന്നണിമാറ്റത്തിനായി ചില നിബന്ധനങ്ങൾ ജെ.ഡി.യു മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഒരു രാജ്യസഭ സീറ്റും, ലോക്‌സഭ സീറ്റും വേണമെന്നാണ് ജെ.ഡി.യുവിന്റെ ആവശ്യം. ഇക്കാര്യത്തിലെ ഇടതുമുന്നണിയുടെ നിലപാട് കൂടി പുറത്ത് വന്ന ശേഷം മാത്രമേ മുന്നണിമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.

ജെ.ഡി.യുവിലെ കൃഷ്ണികുട്ടി വിഭാഗം നേരത്തെ തന്നെ ഇടതുമുന്നണിയിലെത്തിയിരുന്നു. ഇപ്പോൾ ഇടത്മുന്നണിയിലുള്ള ജെ.ഡി.എസുമായി ലയിക്കാതെ സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെ.ഡി.യുവിന്റെ തീരുമാനം. അനൗദ്യോഗിക ചർച്ചകൾ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുമായി ജെ.ഡി.യു നടത്തിയിട്ടുണ്ട്.

അതിനിടെ വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചതോടെ ഒഴിവു വന്ന സീറ്റ് സിപിഎം കേരള ഘടകം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്കു നൽകുമോയെന്നു പാർട്ടി വൃത്തങ്ങളിൽ ചർച്ച സജീവമായിട്ടുണ്ട്. കഴിഞ്ഞ 20നാണു വീരേന്ദ്രകുമാർ രാജിവച്ചത്. അതിലൂടെ ഒഴിവുവന്ന സീറ്റിൽ നാലു വർഷവും രണ്ടു മാസവും കാലാവധി ബാക്കിയുണ്ട്. രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, ജോയ് ഏബ്രഹാം, സി.പി.നാരായണൻ എന്നിവർ അടുത്ത ജുലൈ ഒന്നിനു കാലാവധി പൂർത്തിയാക്കും. ഉപതിരഞ്ഞെടുപ്പ് ആറു മാസത്തിനുള്ളിൽ നടത്തിയാൽ മതി. എന്നാൽ, മൂന്നു സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പും വീരേന്ദ്രകുമാറിന്റെ രാജിമൂലമുള്ള ഉപതിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താൻ ഉദ്ദേശ്യമില്ലെന്നു കമ്മിഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു. മൂന്നു സീറ്റിലേക്കു മിക്കവാറും ജൂണിലാവും തിരഞ്ഞെടുപ്പ്.

യച്ചൂരിയെ മൂന്നാമതൊരു തവണകൂടി ബംഗാളിൽനിന്നു രാജ്യസഭയിലേക്ക് അയയ്ക്കാത്തതിനു പാർട്ടി വ്യക്തമാക്കിയ പ്രധാന കാരണം കോൺഗ്രസിന്റെ പിന്തുണ വേണ്ടിവരുമെന്നതായിരുന്നു. പൊളിറ്റ്ബ്യൂറോയുടെ (പിബി) ഈ നിലപാട് കഴിഞ്ഞ ജുലൈ 25നു കേന്ദ്ര കമ്മിറ്റി (സിസി) വോട്ടിനിട്ട് അംഗീകരിച്ചിരുന്നു. സിസിക്കിടെ ഒരു ഇംഗ്ളിഷ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസ് പിന്തുണയുടെ പ്രശ്നമാണ് എടുത്തുപറഞ്ഞത്.

ജുലൈയിൽ ഇക്കാര്യം സിസി ചർച്ച ചെയ്തപ്പോൾ, ജനറൽ സെക്രട്ടറിയെ കേരളത്തിൽനിന്ന് രാജ്യസഭയിലെത്തിക്കാവുന്നതല്ലേയെന്നു ചിലർ ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ കേരള ഘടകത്തിലെ പ്രമുഖർ മൗനം പാലിച്ചു. ഇപ്പോഴത്തെ സാഹചര്യം ഫലത്തിൽ കേരള ഘടകത്തെയും പിബിയിലെ കാരാട്ട്പക്ഷത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. ഇടതിന്റെ വോട്ടു മാത്രംകൊണ്ടു ജയിക്കാവുന്ന സീറ്റും യച്ചൂരിക്കു നൽകില്ലെന്നാണെങ്കിൽ, നേരത്തെ സീറ്റു നിഷേധിച്ചതിനു മറ്റു കാരണങ്ങൾ കണ്ടെത്തേണ്ടിവരും.

ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ളപ്പോൾ രാജ്യസഭാംഗത്വം വേണ്ടെന്ന പിണറായിയുടെ മറ്റൊരു വാദമാണ് ഇനി ഉന്നയിക്കുന്നതെങ്കിൽ, യച്ചൂരിയുടെ നേതൃത്വത്തിൽതന്നെ മുന്നോട്ടെന്നു പാർട്ടി കോൺഗ്രസിനു മുൻപേ സമ്മതിക്കുന്നുവെന്ന വ്യാഖ്യാനമുണ്ടാവും. അതു കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമമാണെന്നാരോപിച്ച് യച്ചൂരിക്കെതിരെ ഇതുവരെയെടുത്ത നിലപാട് കയ്യൊഴിഞ്ഞെന്ന വിലയിരുത്തലിനും വഴിവയ്ക്കും.