ന്യൂഡൽഹി: തോൽവിയിലും ഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മിടുക്കുകാട്ടി ഇന്ത്യയുടെ ചുണക്കുട്ടികൾ. ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റെങ്കിലും, ലോകകപ്പ് വേദിയിലെ ആദ്യ ഗോളിലൂടെ ഇന്ത്യ ചരിത്രമെഴുതി. ഭാവിയിൽ ്അത്ഭുതങ്ങൾക്ക് കെൽപ്പുള്ളതാണ് ടീമെന്ന് തെളിയിക്കുകയും ചെയ്തു. രണ്ടാം പകുതിയിലാണ് മൽസരത്തിലെ മൂന്നു ഗോളുകളും പിറന്നത്. അങ്ങനെ അണ്ടർ 17 ലോകകപ്പിൽ തുടർച്ചയായ രണ്ടാം തോൽവിക്കിടയിലും ഇന്ത്യയ്ക്ക് ആശ്വാസത്തിനും അഭിമാനത്തിനും വഴി തുറക്കുകയാണ്.

മണിപ്പൂരിലെ തൗബാലിൽനിന്നുള്ള ജീക്‌സൺ സിങ് തൗങ്ജാമാണ് മൽസരത്തിന്റെ 82ാം മിനിറ്റിൽ ഇന്ത്യയുടെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തമാക്കിയത്. കൊളംബിയയുടെ യുവാൻ പെനലോസ നേടിയ ഇരട്ടഗോളാണ് ആദ്യ ലോകകപ്പ് ഗോളിന്റെ ആഹ്ലാദത്തിലും ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ടൂർണ്ണമെന്റിലെ പ്രതീക്ഷ തീർന്നു. ആദ്യ മൽസരത്തിൽ ഘാനയോടു തോറ്റ കൊളംബിയ ഇന്ത്യയ്‌ക്കെതിരായ വിജയത്തിലൂടെ പ്രീക്വാർട്ടർ പ്രതീക്ഷ കാത്തു. അതേസമയം, രണ്ടാം തോൽവി വഴങ്ങിയ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകൾ ഏതാണ്ട് അസ്തമിച്ചു.

ഗോൾകീപ്പർ ധീരജ് സിങ്ങാണ് മത്സരത്തിലെ യഥാർത്ഥ താരം. ബാറിന് കീഴിലെ ധീരജിന്റെ ധീരതയാണ് ഇന്ത്യയെ വൻ തോൽവിയിൽനിന്ന് രക്ഷിച്ചത്. പന്തു കൈവശം വയ്ക്കുന്നതിൽ പിന്നാക്കം പോയെങ്കിലും ആക്രമണ ഫുട്‌ബോൾ കളിക്കാൻ ഇന്ത്യക്കായി. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് മലയാളി താരം രാഹുലിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഈ നിർഭാഗ്യമാണ് ഇന്ത്യയെ തോൽവിയിലേക്ക് കൊണ്ടു പോയത്. എതിരാളികളുടെ ശക്തി കാര്യമാക്കാതെ ആക്രമിക്കുക തുടക്കം മുതലേ ഇതായിരുന്നു ഇന്ത്യയുടെ തന്ത്രം. പോസ്റ്റിനു മുന്നിൽ തകർപ്പൻ സേവുകളുമായി നിറഞ്ഞുനിന്ന ധീരജ് സിങ്ങായിരുന്നു ആദ്യപകുതിയിലെ പ്രധാന താരം.

രാഹുൽ തകർത്തു; ഭാഗ്യത്തിന്റെ ഹെഡർ വലയിലാക്കി ജിക്‌സൺ

കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത 'ഇന്ത്യൻ നെയ്മർ' കോമൾ തട്ടാലിനെയും അനികേത് ജാദവിനെയും പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ തുടങ്ങിയത്. മലയാളി താരം കെ.പി. രാഹുൽ രണ്ടാം മൽസരത്തിലും ആദ്യ ഇലവനിൽ ഇടം നേടി. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഇന്ത്യ. പ്രതിരോധം ചമയ്ക്കുന്നതിൽ കൊളംബിയയും ശ്രദ്ധ ചെലുത്തി. 4-4-1-1 എന്ന ഫോർമേഷനിലാണ് ഇന്ത്യൻ പരിശീലകൻ നോർട്ടൻ ഡി മാറ്റോസ് ടീമിനെ അണിനിരത്തിയത്. സെൻട്രൽ ഡിഫൻസിൽ നമിത് ദേശ്പാണ്ഡെയും അൻവർ അലിയും, വിങ്ങുകളിൽ ബോറിസ്, സ്റ്റാലിൻ എന്നിവരും ഇന്ത്യയ്ക്കായി പ്രതിരോധം തീർത്തു. മുന്നേറ്റത്തിൽ റഹിം അലി കളിച്ചപ്പോൾ, തൊട്ടുപിന്നിൽ അഭിജിത് സർക്കാരെത്തി. ഈ കോമ്പിനേഷൻ വിജയിക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്.

ആക്രമിച്ചു കയറുന്ന ഇന്ത്യയെ പ്രതിരോധിക്കാൻ കരുതലോടെയാണ് കൊളംബിയ രണ്ടാം പകുതിക്കിറങ്ങിയത്. മൽസരത്തിനു 49 മിനിറ്റു മാത്രം പ്രായമുള്ളപ്പോൾ കൊളംബിയ ആദ്യ ഗോൾ നേടി. മധ്യവരയ്ക്കു സമീപത്തുനിന്നും ഗ്വിട്ടറസ് സെർന ഉയർത്തി നൽകിയ പന്തിന് ഗോളിലേക്ക് വഴികാട്ടി യുവാൻ പെനലോസയാണ് കൊളംബിയയ്ക്ക് ലീഡു സമ്മാനിച്ചത്. ഗോൾ വീണിട്ടും പതറാതെ ആക്രമിച്ചു കയറുന്ന ഇന്ത്യ കളിച്ചു. അതിനിടെ മലയാളി താരം കെ.പി. രാഹുൽ പോസ്റ്റിനു മുന്നിൽനിന്നു തൊടുത്ത ഹെഡർ പുറത്തേക്കു പോയി.

മൽസരം 80 മിനിറ്റു പിന്നിട്ടതിനു പിന്നാലെ കളിയിലെ സുവർണ നിമിഷമെത്തി. രണ്ടു മിനിറ്റിനിടെ വീണത് രണ്ടു ഗോളുകൾ. 82ാം മിനിറ്റിൽ ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച കോർണർ കിക്ക് എടുത്തത് സെറ്റ് പീസ് വിദഗ്ധൻ സഞ്ജീവ് സ്റ്റാലിൻ. പന്ത് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങുമ്പോൾ ഉയർന്നു ചാടിയ കൊളംബിയൻ പ്രതിരോധക്കാർക്കിടയിൽ അൽപം ഉയർന്ന് ഇന്ത്യയുടെ ജീക്‌സൻ സിങ്ങിന്റെ തല ഗോളിലേക്ക് വഴിയൊരുക്കി. ഹെഡറിലൂടെ ജീക്‌സൻ ഗോളിലേക്ക് വഴികാട്ടുമ്പോൾ കൊളംബിയൻ ഗോളി നിസഹായനായിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ഗോൾ പിറന്നു. സ്‌കോർ തുല്യവുമായി.

ഘാനയ്‌ക്കെതിരെ വീറുകാട്ടി കരുത്തുകാട്ടാൻ ഇന്ത്യ

ഒരു മിനിറ്റു കൊണ്ട് കൊളംബിയ തിരിച്ചടിച്ചു. ഇന്ത്യയ്ക്ക് യുവാൻ പെനലോസയുടെ രണ്ടാം ഗോളിലൂടെ കൊളംബിയ മറുപടി നൽകി. ആദ്യ ലോകകപ്പ് ഗോളിന്റെ ആവേശത്തിലെത്തിയ ഇന്ത്യയ്ക്ക് ഒരു നിമിഷത്തെ അലസത വിനയായി. ലഭിച്ച അവസരം മുതലെടുത്ത യുവാൻ പെനലോസ കൊളംബിയയ്ക്ക് ലീഡു സമ്മാനിച്ചു. സ്‌കോർ 2-1. തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കൊളംബിയ പ്രതിരോധ കോട്ട കെട്ടി തടഞ്ഞു.

ആദ്യ മത്സരത്തിൽ അമേരിക്കയോട് പരാജയപ്പെട്ട ഇന്ത്യക്ക് ഇനി ഗ്രൂപ്പിൽ ഒരു മത്സരം ബാക്കിയുണ്ട്. ആദ്യമായിട്ടായിരുന്നു ഇന്ത്യ അണ്ടർ 17 ലോകകപ്പ് മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിൽ ആദ്യ ഇലവനിൽ ഇടംപിടിച്ച മലായളി താരം കെ.പി.രാഹുൽ വേറിട്ട പ്രകടനം കാഴ്ചവെച്ചു. ഗോളെന്നുറച്ച രണ്ടു അവസരങ്ങൾ രാഹുലിന് ലഭിക്കുകയും ചെയ്തു. ടൂർണ്ണമെന്റിൽ ഇന്ത്യയുടെ അവസാന മത്സരം 12-ാം തിയതി ഘാനയോടാണ്.